കാഞ്ഞങ്ങാട്: കൊളവയലില്‍ സിപിഎം നേതൃത്വത്തിലുള്ള മണല്‍ മാഫിയ സംഘങ്ങള്‍ വിലസുന്നു. സംഘങ്ങളുടെ രാഷ്ട്രീയ ബലത്തില്‍ നടപടിയെടുക്കാനാകാതെ റവന്യു അധികൃതര്‍. കൊളവയലിലെ സിപിഎം പ്രവര്‍ത്തകരാണ് സംഘം ചേര്‍ന്ന് മണല്‍ കടത്തിന് നേതൃത്വം നല്‍കുന്നത്. ഇത് പാര്‍ട്ടിക്കുളളില്‍ പരസ്പര വിദ്വേഷത്തിനും പിളര്‍പ്പിനും കാരണമായിട്ടുണ്ട്. കഴിഞ്ഞ ദിവസം സിപിഎമ്മില്‍ നിന്ന് വിട്ട് സിപിഐയിലേക്ക് ചേക്കേറാന്‍ മണല്‍ മാഫിയ സംഘത്തിലെ ചിലര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പ്രവര്‍ത്തകരുടെ അനധികൃത ഇടപാടിനെ കുറിച്ച് മണത്തറിഞ്ഞ സിപിഐ നേതൃത്വം ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുന്നതില്‍ നിന്ന് പിന്മാറുകയായിരുന്നെന്ന് സൂചനയുണ്ട്. ഇപ്പോള്‍ മണല്‍ കള്ളക്കടത്ത് സംഘങ്ങള്‍ തമ്മില്‍ കലഹത്തിന്റെ വക്കിലാണ്. കഴിഞ്ഞ ദിവസം എതിര് ഗ്രൂപ്പുകാര്‍ കൂട്ടിയിട്ട അനധികൃത മണലിനെ കുറിച്ച് റവന്യു അധികൃതര്‍ക്ക് വിവരം നല്‍കിയതിനെ തുടര്‍ന്ന് മണല്‍ കസ്റ്റഡിയിലെടുക്കാന്‍ അധികൃതര്‍ കൊളവയലിലെത്തിയെങ്കിലും സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ച് ടിപ്പറും ജെസിബിയും ഉപയോഗിച്ച് മാര്‍ഗതടസം സൃഷ്ടിച്ച് ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയായിരുന്നു. തുടര്‍ന്ന് പോലീസിനെ സ്ഥലത്ത് ക്യാമ്പ് ചെയ്യിച്ച് സംഘം മടങ്ങി. ഇന്നലെ രാവിലെ വീണ്ടും അധികൃതരെത്തി കൊളവയല്‍, നോര്‍ത്ത് കൊളവയല്‍ എന്നിവിടങ്ങളില്‍ കൂട്ടിയിട്ടിരുന്ന അമ്പതോളം ലോഡ് മണല്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിടിച്ചെടുത്ത മണല്‍ പിന്നീട് മാവുങ്കാല്‍ നിര്‍മിതി കേന്ദ്രത്തിലെത്തിച്ചു. കടലോര പ്രദേശമായ കാറ്റാടി, പൊയ്യക്കര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് വന്‍ തോതില്‍ മണല്‍ കുഴിച്ചെടുക്കുന്നത്. ഇത് പാരിസ്ഥിതികാഘാതം സൃഷ്ടിച്ച് പ്രദേശത്തെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ഭീഷണിയാകുന്നതായും പരാതിയുണ്ട്. പ്രവര്‍ത്തകരുടെ അനധികൃത ഇടപാടുകള്‍ക്ക് പാര്‍ട്ടിയിലെ ഉന്നതരായ നേതാക്കളുടെ സഹായവുമുണ്ട്. സിപിഎം പ്രവര്‍ത്തകരായ ഈ രണ്ട് മാഫിയ സംഘങ്ങള്‍ തമ്മില്‍ കുടിപ്പകയാണ് കൊളവയല്‍ പ്രദേശത്ത് അക്രമങ്ങള്‍ക്ക് കാരണമെന്നും നാട്ടുകാര്‍ പറയുന്നു.
സിപിഎം ഭരിക്കുന്ന മടിക്കൈ പഞ്ചായത്തിന്റെ പലഭാഗത്തും വന്‍ തോതില്‍ മണ്ണെടുപ്പ് നടക്കുന്നതിനിടെയാണ് ഇപ്പോള്‍ പൂഴികടത്ത് സംഘങ്ങളും വിലസുന്നത്. കഴിഞ്ഞ ദിവസം മടിക്കൈ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും മണ്ണെടുപ്പ് നടത്തുന്നതിനിടെ ജെസിബി. ടിപ്പര്‍ എന്നിവ കസ്റ്റഡിയിലെടുത്തിരുന്നു. തിങ്കളാഴ്ച രാവിലെ മുതല്‍ വൈകുന്നേരം വരെ റവന്യൂ അധികൃതര്‍ പുല്ലൂര്‍ പെരിയ, മടിക്കൈ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ടിപ്പര്‍ലോറികളും ജെസിബികളും കസ്റ്റഡിയിലെടുത്തു. മാവുങ്കാല്‍ കല്ല്യാണ്‍ റോഡിനടുത്ത് പരിശോധന നടത്തുകയായിരുന്ന റവന്യൂ അധികൃതര്‍ അനധികൃതമായി മണ്ണ് കടത്തുകയായിരുന്ന രണ്ട് ടിപ്പര്‍ ലോറികളാണ് പിടികൂടിയത്. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് രാത്രി കാലങ്ങളില്‍ കുന്നിടിച്ച് മണ്ണു കടത്തുന്നതായി വ്യാപകമായ പരാതിയുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് റവന്യൂ അധികൃതര്‍ അനധികൃത മണ്ണെടുപ്പിനെതിരെ നടപടി ശക്തമാക്കിയത്. അധികൃതരുടെ ശക്തമായ ഇടപെടലുകള്‍ പലസ്ഥലത്തും മാഫിയകളുടെ ധൈര്യത്തെ ഇല്ലാതാക്കിയിട്ടുണ്ട്. എന്നാല്‍ ജില്ലയിലെ ചില പോലീസ് സ്റ്റേഷനുകളില്‍ നിന്ന് മണല്‍ ലോബികള്‍ക്ക് പിന്തുണ നല്‍കുന്നതാണ് സംഘങ്ങള്‍ വിലസാന്‍ കാരണമെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: