കോഴിക്കോട്: കേരള പൊലീസ് ഫുട്‌ബോള്‍ ടീമിലെ പഴയകാല കരുത്തര്‍ വീണ്ടും ജഴ്‌സിയണിഞ്ഞ് കളത്തിലിറങ്ങി. എന്നാല്‍ പുതുരക്തമായ പാന്തേഴ്‌സിന് മുന്നില്‍ പഴയകാല കരുത്തര്‍ കാലിടറിവീണു. കോഴിക്കോട് നടക്കുന്ന പോലീസ്‌കായികമേളയുടെ പ്രചരണത്തിന്റെ ഭാഗമായാണ് ഇന്നലെ സ്റ്റേഡിയം ഗ്രൗണ്ടില്‍ പഴയ കേരള പൊലീസ് ടീമും നിലവിലെ പൊലീസ് ടീമിന്റെ താരങ്ങളും തമ്മില്‍ മാറ്റുരച്ചത്. പഴയ പടക്കുതിരകളായ റോവേഴ്‌സിനെ പുതുരക്തമായ പാന്തേഴ്‌സ് ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്.
പ്രതിരോധ നിരയില്‍ തിളങ്ങിയ മുന്‍ ദേശീയ താരം കുരികേശ് മാത്യുവായിരുന്നു റോവേഴ്‌സിനെ നയിച്ചത്. മെഹബൂബ്, ഷറഫലി, അലക്‌സ്, ആന്‍സണ്‍, മര്‍സൂഖ്, അനൂപ്, കലാധരന്‍, ലിസ്റ്റണ്‍, ഐ.എം വിജയന്‍, ഹബീബ് റഹ്മാന്‍, എഡിസണ്‍, രാഹുല്‍, രമിത്ത്, ജിമ്മി, ജ്യോതിസ്, വിന്‍ഷോഭ് എന്നിവരടങ്ങുന്ന ടീമായിരുന്നു റോവേഴ്‌സിന്റേത്. സി.വി പാപ്പച്ചന്റെ നേതൃത്വത്തില്‍ മുന്‍ ദേശീയ ഗോള്‍ കീപ്പര്‍ കെ.ടി ചാക്കോ, ബാബുരാജ്, റാസിക്, സാബിര്‍, ജാബിര്‍, അനീഷ്, ഫിറോസ്, സി.വി ശശി, സക്കീര്‍, പി.എ സന്തോഷ്, റഷീദ്, പ്രശാന്ത്, സുധീര്‍ കുമാര്‍, സാദിഖലി, ശരത്‌ലാല്‍, നിഷാദ് എന്നിവര്‍ പാന്തേഴ്‌സിനായി കളത്തിലിറങ്ങി.
കളിയുടെ ഏഴാം മിനുട്ടില്‍ ഐ.എം. വിജയന്‍ ആദ്യഗോള്‍ നേടിയെങ്കിലും റോവേഴ്‌സ് ഗ്രൂപ്പിന് പക്ഷേ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. ആദ്യ പകുതിയില്‍ തന്നെ യുവ താരം ഫിറോസിലൂടെ സമനില പിടിച്ച പാന്തേഴ്‌സ് രണ്ടാം പകുതിയില്‍ അവസാന മിനുട്ടുകളില്‍ നാലു ഗോളുകള്‍ വലയിലാക്കി ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് വിജയം സ്വന്തമാക്കി. സമാപന ചടങ്ങില്‍ ഉത്തരമേഖലാ എഡിജിപി സുദേഷ്‌കുമാര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. ഐജി ദിനേന്ദ്ര കശ്യപ്, സിറ്റി പോലീസ് കമ്മിഷണര്‍ ഉമ ബഹ്‌റ, കണ്ണൂര്‍ എ.ആര്‍. ക്യാമ്പ് അസി. കമാന്‍ഡന്റ് വി.കെ അബ്ദുല്‍ നിസാര്‍ സംസാരിച്ചു.
















