കുമ്പള: കേന്ദ്ര സര്‍ക്കാറിന്റെ സ്വച്ഛ്ഭാരത് പദ്ധതിയുടെ ഭാഗമായി എല്ലാ കുടുംബങ്ങള്‍ക്കും ശൗചാലയം നിര്‍മ്മിച്ച് നല്‍കുന്നത് അതിവേഗം നടപ്പിലാക്കുമ്പോള്‍ രാഷ്ട്രീയ മുതലെടുപ്പിനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന സമിതിയംഗം സുരേഷ്കുമാര്‍ ഷെട്ടി ആരോപിച്ചു. ബിജെപി കുമ്പള പഞ്ചായത്ത് കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ 12000 രൂപയും, സംസ്ഥാന സര്‍ക്കാര്‍ 3400 രൂപയു കൂടി ഒരുകുടുംബത്തിന് 15400 രൂപയാണ് ലഭിക്കുന്നത്. എന്നാല്‍ ഈ പദ്ധതി സംസ്ഥാന സര്‍ക്കാറിന്റെതെന്ന് വരുത്തി തീര്‍ക്കാനാണ് സിപിഎമ്മും ഇടതുമുന്നണിയും കള്ളപ്രചരണം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു
ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയെ തകിടം മറിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. കേരളത്തില്‍ ഭക്ഷ്യസുരക്ഷ നിയമം ഇതുവരെ നടപ്പാക്കാത്തതിനാല്‍ എപിഎല്‍ കുടുംബത്തിനുള്ള റേഷന്‍ അരിയുടെ വില മൂന്ന് ഇരട്ടിയായി വര്‍ദ്ധിക്കും. എപിഎല്‍ കുടുംബത്തിന് 8.90ന് ലഭിക്കുന്ന അരി ഇനി മുതല്‍ 26 രൂപയോളം വര്‍ദ്ധനവാണ് ഉണ്ടാകാന്‍ പോകുന്നത്. ഒക്ടോബറില്‍ റേഷന്‍ കാര്‍ഡ് ഉടമയ്ക്ക് നല്‍കേണ്ട അരിവിതരണം നിലച്ചിരിക്കുകയാണ്. ബിപിഎല്‍ കുടുംബത്തിന് സൗജന്യമായി നല്‍കേണ്ട അരിവിതരണവും നിലച്ച അവസ്ഥയിലാണ്. എപിഎല്‍ വിഭാഗത്തിന് 10കിലോ അരിയാണ് നല്കിയതെങ്കില് അതിപ്പോള്‍ 5 കിലോയായി കുറഞ്ഞിരിക്കുന്നു. ബിപിഎല്‍ വിഭാഗത്തിന് ലഭിക്കേണ്ട 30 കിലോ അരി 25 കിലോയായി കുറഞ്ഞു. വൈദ്യുതീകരിക്കാത്ത വീടിന് 4 ലിറ്റര്‍ ലഭിച്ച മണ്ണെണ്ണ ഇപ്പോള്‍ 2 ലിറ്റര്‍ ആയും, വൈദ്യുതീകരിച്ച വീടിന് അര ലിറ്റര്‍ പോലും ലഭിക്കാത്ത അവസ്ഥയാണ് സംസ്ഥാന സര്‍ക്കാറിന്റെ പിടിപ്പ് കേട് മൂലം ഉണ്ടായിരിക്കുന്നത്.
മത്സ്യബന്ധനത്തിന് ലഭിച്ചിരുന്ന 420 ലിറ്റര്‍ മണ്ണെണ്ണയ്ക്ക് പകരം 96 ലിറ്റര്‍ മണ്ണെണ്ണയാണ് നല്‍കിവരുന്നത്. ഞങ്ങള്‍ വന്നാല്‍ എല്ലാം ശരിയാക്കുമെന്ന് പറഞ്ഞവരാണ് 4 മാസം കൊണ്ട് പാവപ്പെട്ട ജനങ്ങളെ വഴിയാധാരമാക്കിയതെന്നും അദ്ദേഹം പറഞ്ഞു
യോഗത്തില്‍ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ശങ്കര ആള്‍വ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സത്യശങ്കര്‍ഭട്ട്, മണ്ഡലം വൈസ് പ്രസിഡന്റ് കെ.വിനോദന്‍, എസ് സി-എസ്ടി മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് കെ.ശങ്കര, കമലാക്ഷ ആരിക്കാടി, മധുസദന്, മണ്ഡലം ജനറല്‍ സെക്രട്ടറി മുരളീധര യാദവ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് ജനറല്‍ വസന്തകുമാര്‍ സ്വാഗതവും ബാബുഗട്ടി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: