ഇരിങ്ങാലക്കുട : നാലമ്പലതീര്ത്ഥാടകരുടെ സൗകര്യവികസനത്തിനായി അനുവദിച്ച തുകയുപയോഗിച്ച് ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കൊട്ടിലാക്കല്‍ പറമ്പില്‍ നിര്‍മ്മാണത്തിലിരുന്ന പില്‍ഗ്രിം സെന്ററിന്റെ പണി നിലച്ചിട്ട് മാസങ്ങളായി. കേരള ടൂറിസം വകുപ്പ് നല്കിയ നാലു കോടിയില്‍ നിന്ന് ശ്രീകൂടല്‍മാണിക്യം ക്ഷേത്രത്തിലെത്തുന്ന നാലമ്പലതീര്ത്ഥാടകര്ക്കായി നിര്‍മ്മിക്കുന്ന വിശ്രമത്തിനും താമസിക്കുന്നതിനും പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനും വേണ്ടി നിര്‍മ്മാണം ആരംഭിച്ച കെട്ടിടത്തിനാണ് ഈ ദുര്യോഗം.
ഇരിങ്ങാലക്കുട ശ്രീകൂടല്‍മാണിക്യം, തൃപ്രയാര്‍ ശ്രീരാമസ്വാമിക്ഷേത്രം, പായമ്മല്‍ ശത്രുഘ്നക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണക്ഷേത്രം എന്നീ ക്ഷേത്രങ്ങള്‍ക്കാണ് ടൂറിസം വകുപ്പ് 4 കോടി രൂപ അനുവദിച്ചത്. പിന്നീട് ഓരോ കോടിരൂപ വീതം 4 ക്ഷേത്രങ്ങള്‍ വീതിച്ചെടുത്ത് തീര്‍ത്ഥാടകര്‍ക്ക് ഉപകാരപ്രദമായ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നതായിരുന്നു തീരുമാനം.
പായമ്മലും മൂഴിക്കുളം ക്ഷേത്രങ്ങളിലെ വികസനപ്രവര്‍ത്തനങ്ങള്‍ നടന്നുകഴിഞ്ഞു. തൃപ്രയാര്‍ ക്ഷേത്രത്തില്‍ പണി പൂര്‍ത്തികരിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കൊട്ടിലാക്കല്‍ പറമ്പില്‍ തീര്‍ത്ഥാടകര്‍ക്ക് വേണ്ടി ഒരു പില്‍ഗ്രിം സെന്റര്‍ നിര്‍മ്മിക്കാനാണ് തീരുമാനിച്ചത്. ടൂറിസം വകുപ്പ് ഒരു സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയെയാണ് നിര്‍മ്മാണപണികള്‍ക്കായി ഏല്‍പ്പിച്ചത്. അവര്‍ നിര്‍മ്മാണം നടത്തുന്നതിനായി സ്ഥലത്തെത്തിയപ്പോള്‍ നിര്‍മ്മാണസ്ഥലം മാറ്റണമെന്നാവശ്യപ്പെട്ട് ശ്രീകൂടല്‍മാണിക്യ ക്ഷേത്രസംരക്ഷണസമിതിയും ഹിന്ദുഐക്യവേദി പ്രവര്‍ത്തകരും നിര്‍മ്മാണം തടഞ്ഞു. അന്നത്തെ ദേവസ്വം ഭരണസമിതിയാകട്ടെ ഈ പ്രശ്നത്തില്‍ ഇടപെട്ടുമില്ല.
നിര്‍മ്മാണം നിലക്കുകയും ചെയ്തു. പഴയ ഭരണസമിതിയുടെ കാലാവധി കഴിഞ്ഞ് പുതിയ ഭരണസമിതി വരുന്നതിന് മുമ്പ് അഡ്മിനിസ്ട്രേറ്റര്‍ ഭരിച്ചിരുന്നപ്പോള്‍ അപ്പോഴത്തെ ജില്ല കളക്ടര്‍ ടൂറിസം പ്രൊജക്ടുകളുടെ പുരോഗമനം വിലയിരുത്തുന്നതിനായി യോഗം വിളിച്ചു. യോഗത്തില്‍ ഭക്തജനങ്ങള്‍ നിര്‍ദ്ദേശിച്ച സ്ഥലത്തേക്ക് നിര്‍മ്മാണം മാറ്റുവാനായി അനുമതി ദേവസുത്തിട്ടും ഏജന്‍സി നിര്‍മ്മാണം ഏറ്റെടുക്കുന്നില്ലെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ജില്ല കളക്ടര്‍ക്ക് പരാതി നല്കി. തുടര്‍ന്ന് 2 ആഴ്ചക്കകം നിര്‍മ്മാണം ആരംഭിക്കുമെന്ന് ഏജന്‍സി കളക്ടര്‍ക്ക് ഉറപ്പുനല്്വം കൊടകി. പണി ആരംഭിക്കുകയും പുതിയ ഭരണസമിതിയും നിലവില്‍ വരികയും ചെയ്തു. നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിച്ചുവെങ്കിലും പിന്നീടും വലിയ പുരോഗതിയുണ്ടായില്ല.
ടൂറിസം ഡിപ്പാര്‍ട്ടുമെന്റ് അനുവദിച്ച് ഏജന്‍സിയെ ഏല്പിച്ച പണം വഴിമാറി ചെലവുചെയ്തു എന്നാണറിവ്. ഫൗണ്ടേഷന് പണി മാത്രമാണ് കഴിഞ്ഞിട്ടുള്ളത്. ദേവസ്വത്തിനോ ദേവസ്വം എഞ്ചിനിയര്‍ക്കോ ഇതിനെപ്പറ്റി യാതൊന്നും അറിയില്ലായെന്നാണ് പറയുന്നത്. 4 കോടി രൂപയില്‍ 3 കോടി 20 ലക്ഷം ഇതിനോടകം പിന്‍വലിച്ചു കഴിഞ്ഞിട്ടുണ്ട്. ഇനി ബാക്കിയുള്ളത് 80 ലക്ഷം രൂപയാണ്. കൂടല്‍മാണിക്യത്തിന് ഒരു കോടിയാണ് അവകാശപ്പെട്ടത്. എന്നാല്‍ ദേവസ്വം കമ്മറ്റിയിലെ അംഗങ്ങള്‍ തമ്മിലുള്ള തമ്മിലടിയാണ് നിര്‍മ്മാണം നടത്തുവാന്‍ സാധിക്കാതിരുന്നത്.
ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ടൂറിസം പില്‍ഗ്രിം സെന്റര്‍ ആണ് ബില്‍ഡിംഗ് പണികളുടെ നേതൃത്വം നല്‍കേണ്ടിയിരുന്നത്. അഡ്മിനിസ്ട്രേറ്ററുടെ തന്നിഷ്ടവും ദേവസ്വം ഭരണസമിതിയിലെ തമ്മിലടിയും ഫണ്ട് ലാപ്സാകുന്നതിനും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കാത്തതിനുമുള്ള കാരണമായി പറയുന്നു. കൂടല്‍മാണിക്യം ക്ഷേത്രത്തിനോട് സാമ്യമുള്ള കെട്ടിടമാണ് പണിയേണ്ടത് നിഷ്കര്‍ഷിച്ചിരുന്നു. എന്നാല്‍ ദേവസ്വം കെട്ടിടത്തിന്റെ പ്ലാന്‍ പുറത്തുവിടാത്തതുമൂലം അതിലും അവ്യക്തതയുണ്ട്. ഇതിനു മുമ്പ് പണിത കെട്ടിടമാകട്ടെ അങ്ങിനെയുള്ള ഒരും കാര്യവും പാലിക്കാതെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ കെട്ടിടത്തിന് മുനിസിപ്പല്‍ അംഗീകാരംപോലും ലഭിച്ചിട്ടില്ല.
ഏക്കര്‍ കണക്കിന് ഭൂമി പലയിടങ്ങളിലായി കിടക്കുമ്പോള്‍ മാറി മാറി വരുന്ന ദേവസ്വ ഭരണസമിതികള്‍ വിലകൂടിയ വാഹനം വാങ്ങി ഉലകം ചുറ്റുവാനും, ദേവസ്വം ഭരണസമിതി അംഗമെന്ന നിലയില്‍ നാട്ടില്‍ ഞെളിഞ്ഞ് നടക്കുവാനുമല്ലാതെ ക്ഷേത്രത്തിനും ഭക്തജനങ്ങളുടെ സൗകര്യത്തിനും വേണ്ടി ഒരു കാര്യം ചെയ്യാന്‍ കഴിയുന്നില്ല. മാത്രമല്ല വിശ്വപ്രസിദ്ധമായ ക്ഷേത്രത്തിന്റെ പ്രൗഢി ഇല്ലാതാക്കുന്ന തരത്തിലുള്ള കച്ചവടതാത്പരം മാത്രം നോക്കി പ്രവര്‍ത്തിക്കുന്നവരായി ഭരണസമിതികള്‍ മാറുന്നതിലും ഭക്തജനങ്ങള്‍ക്ക് ശ്കതമായ എതിര്‍പ്പാണുള്ളത്.
കൂടല്‍മാണിക്യക്ഷേത്രത്തിലെ ഭക്തജനങ്ങള്‍ കാണിക്കയായി നല്കുന്ന പണവും ഭക്തജനങ്ങള്‍ക്കുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് കിട്ടുന്ന പണവും ദേവസ്വത്തിന്റെ കെടുകാര്യസ്ഥതമൂലം നഷ്ടപ്പെടുത്തുകയാണെന്ന് ഭക്തജനസംഘടനകളും ഭക്തജനങ്ങളും ഒരുപോലെ പരാതിപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: