ഇരിങ്ങാലക്കുട : ഒക്ടോബര്‍ 14 മുതല്‍ നവംബര്‍ 20 വരെ നീണ്ടുനില്‍ക്കുന്ന പര്യടനത്തില്‍ ഇന്ത്യന്‍ ദേശീയ കലാപാരമ്പര്യത്തില്‍ ആന്ധ്രാപ്രദേശിന്റെ തനതു ശാസ്ത്രീയ നൃത്തരൂപമായ കൂച്ചീപൂടി എന്ന കലാരൂപത്തെ യൂറോപ്പിന്റെ പല ഭാഗത്തും പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ കൂച്ചീപുടി വര്‍ക്ക് ഷോപ്പുകളും സോദാഹരണ പ്രഭാഷണങ്ങളും നാട്യശാസ്ത്ര പരിചയവും കൂടാതെ കൂച്ചീപൂടി കച്ചേരികളും ആണ് ഈ വിദേശപര്യടനത്തില് അവതരിപ്പിക്കുന്നത്. അതിപ്രശസ്തരായിട്ടുള്ള ഇന്ത്യന്‍ കലാകാരന്മാര് പങ്കെടുത്തിട്ടുള്ള ഒരു അന്താരാഷ്ട്രവേദിയാണ് ഹേഗിലെ കോര്‍സോ ഇന്റര്‍നാഷണല്‍ തിയ്യറ്റര്‍. അതില്‍ ഒക്ടോബര്‍ 22ന് നാട്യപ്രപഞ്ചം എന്ന പേരിലുള്ള ഇത്തവണത്തെ ഫെസ്റ്റിവലില്‍ കൂച്ചീപൂടി കച്ചേരിയും തുടര്‍ന്ന് ഒക്ടോബര്‍ 23ന് നാട്യശാസ്ത്രത്തിലെ രസ തിയ്യറി എന്ന വിഷയത്തെ ആസ്പദമാക്കി സോദാഹരണ പ്രഭാഷണവും നടത്തുവാനുള്ള അപൂര്‍വ അവസരമാണ് ഈ നര്‍ത്തകിയെ തേടിയെത്തിയിരിക്കുന്നത്. ഒക്ടോബര്‍ 15നും 16 നുമായി സൗത്ത് ഫ്രാന്‍സിലെ നിംസില്‍ ഇതിനകം കൂച്ചീപൂടി വര്‍ക്ക് ഷോപ്പ് നടത്തിയതിലൂടെയാണ് ഈ വിദേശപര്യടനം ആരംഭിച്ചത്. തുടര്‍ന്ന് ഒക്ടോബര്‍ 24 മുതല്‍ യുകെ പര്യടനത്തില്‍ ലണ്ടനിലെ നെഹ്റു സെന്ററില്‍ കൂച്ചീപൂടി അവതരിപ്പിക്കുന്നു. നവംബര്‍ 5ന് കേംബ്രിഡ്ജിലെ നാട്യാഞ്ജലി ഫെസ്റ്റിവലിലും പങ്കെടുക്കുന്നു. തുടര്‍ന്ന് ക്രോയിഡോണിലും ബെര്ക്ഷെയറിലും ന്യൂകാസിലിലും ശ്രീലക്ഷ്മീ ഗോവര്‍ദ്ധനന്റെ വര്‍ക്ക് ഷോപ്പുകള്‍ ഉണ്ടായിരിക്കുതാണ്. നവംബര്‍ 11 മുതല്‍ 15 വരെ ഇറ്റലിയിലെ മിലാനില്‍ കൂച്ചീപൂടി കച്ചേരികളും വര്‍ക്ക് ഷോപ്പുകളും ഈ യാത്രയുടെ ഭാഗമായിട്ടുണ്ട്. കൂച്ചീപൂടിയുടെ പരമ്പരാഗത രൂപമായിട്ടുള്ള യക്ഷഗാനശൈലിയില് ആന്ധ്രാപ്രദേശിലെ കൂച്ചീപൂടി ഗ്രാമത്തില്‍ വസിക്കുന്ന ഗുരു പശുമാര്ത്തീരത്തയ്യയുടെ കീഴിലാണ് ശ്രീലക്ഷ്മീ ഗോവര്ദ്ധനന് ഇപ്പോഴും പാരമ്പര്യ രീതിയില്‍ തന്നെ അഭ്യസിച്ചുവരുന്നത്. കൂച്ചീപൂടിയുടെ തനതു പാരമ്പര്യരീതി ഇന്നും കാത്തുനിര്ത്തിപോരുന്ന അപൂര്‍വ്വം കലാകാരന്മാരില് ഇന്നുള്ള ഏറ്റവും മുതിര്‍ന്ന ആചാര്യനാണ് ഗുരു പശുമാര്ത്തീരത്തയ്യ. കേരളത്തില്‍ നിന്നുമുള്ള അറിയപ്പെടുന്ന പ്രശസ്ത കൂച്ചീപൂടി കലാകാരിയായ ശ്രീലക്ഷ്മീ ഗോവര്ദ്ധനന് ഇരിങ്ങാലക്കുടയിലെ ആവന്തിക സ്പേസ് ഫോര്‍ ഡാന്‍സ് എന്ന സ്ഥാപനവും തൃശ്ശൂരില്‍ സാധക എന്ന പേരില്‍ നൃത്തകളരിയും നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: