ചേരി ചേരാതെ നില്‍ക്കുന്നതും ചേരിയില്‍ നില്‍ക്കുന്നതും ശക്തിയില്ലായ്മയാണ്. ഇന്ന ചേരിയിലെന്നു പറയുന്നതോടെ അടിമത്തത്തിന്റെ ആദ്യപടിയായി. ഒരു ചേരിയിലുമില്ലെന്നു പറഞ്ഞാല്‍ ഒറ്റപ്പെടല്‍ പൂര്‍ണ്ണമായി. അവസരങ്ങള്‍ വരുമ്പോള്‍ കൈക്കൊള്ളുന്ന ശക്തമായ നിലപാടാണ് പ്രധാനം; അത് ശരിയായ സമയത്ത് ശരിയായതാണെങ്കില്‍ ചേരികള്‍ പോലും ആ ശക്തനെ പിന്തുണയ്‌ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഭാരതം പിന്തുടരുന്ന വിദേശ നയതന്ത്രം അങ്ങനെയാണ്.
സ്വന്തം സുഖത്തോടൊപ്പം ലോകസൗഖ്യം എന്ന ആര്‍ഷ ദര്‍ശനത്തിന്റെ ആനുകാലിക രീതിയാണിത്. ‘ലോകാഃ സമസ്താഃ സുഖിനോ ഭവന്തു’ എന്ന് ആപ്തവാക്യം എഴുതിവെച്ചതുകൊണ്ടു മാത്രമായില്ലല്ലോ, അനുഷ്ഠിക്കണം. ഭാരതം സ്വക്ഷേമവും സുരക്ഷയും ഐശ്വര്യവും ഉറപ്പാക്കുന്നു, ആ മാതൃകയ്‌ക്ക് ലോകരാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നു, സഹകരിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ രംഗത്തെ കാഴ്ചപ്പാടുകള്‍ ഐക്യരാഷ്‌ട്ര സംഘടന (യുഎന്‍) മുതല്‍ എല്ലാ ലോകരാജ്യ വേദികളും അംഗീകരിക്കുന്നു. 70 വര്‍ഷം പിന്നിടുന്ന യുഎന്നില്‍ പരിഷ്‌കാരങ്ങള്‍ വരുത്താന്‍ മോദി വെച്ച നിര്‍ദ്ദേശങ്ങള്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ പ്രശംസ നേടിയിരുന്നു. സാര്‍ക്കിലും ബ്രിക്‌സിലും രാജ്യങ്ങളുമായുള്ള ഉഭയകക്ഷി വേദികളിലും മോദിയുടെ നിലപാടുകള്‍ സ്വീകരിക്കപ്പെടുന്നു. ഒരുപക്ഷേ, മറ്റു ചില കാരണങ്ങളാല്‍, പരസ്യമായി, പാക്കിസ്ഥാനൊഴികെ.
ഇത്, ‘പ്രധാനമന്ത്രി മോദി’യുടെ നയമല്ല. പ്രധാനമന്ത്രിയായിരിക്കെ, നെഹ്രുവിന്റെ ചേരിചേരായ്മ നയം രാജ്യത്തിന്റേതായിരുന്നോ നെഹ്രുവിന്റേതായിരുന്നോ എന്ന് ഇന്നും തര്‍ക്കമുണ്ട്. മോദിയുടെ കാര്യത്തില്‍ അങ്ങനെയല്ല, ”സമദൂരമല്ല, നിസ്സഹകരണമല്ല, വന്‍ശക്തികളുടെ പോരിനിടയിലെ മുതലെടുപ്പുമല്ല, ഇതില്‍നിന്നെല്ലാം വേറിട്ടുനിന്ന് സ്വയം ശക്തിയാവുകയാണ് വേണ്ടത്,” എന്ന് പതിറ്റാണ്ടുകള്‍ മുമ്പ്, പ്രതിപക്ഷ പാര്‍ട്ടിയായിരിക്കെ, ബിജെപി കൈക്കൊണ്ട നിലപാടാണിത്; വന്‍ വിജയം കാണുന്നുമുണ്ട്. ‘യഥാര്‍ത്ഥ ചേരി ചേരായ്മ, അയല്‍ക്കാരുമായി സഹകരണവും സമാധാനവും, ഇരുപക്ഷത്തും നേട്ടമുണ്ടാകുന്ന ഉഭയകക്ഷി ബന്ധം’: അടിത്തറയുള്ള നയനിലപാടാണത്, പ്രതിപക്ഷത്തായാലും ഭരണത്തിലായാലും മാറ്റം വരുത്തേണ്ടതില്ലാത്ത നയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: