പത്തനംതിട്ട: നഗരത്തില്‍ മാര്‍ക്സിസ്റ്റ് ഭീകരത. അര്‍ദ്ധരാത്രിയില്‍ പത്തനംതിട്ട പോലീസ് സ്റ്റേഷന് ആക്രമിച്ച് വധശ്രമക്കേസിലെ പ്രതിയെ രക്ഷപെടുത്താന്‍ ഡിവൈഎഫ്ഐ ശ്രമം.
ഞായറാഴ്ച രാത്രി 11.30ഓടെയാണ് സംഭവം.
കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി നേരത്തെ പത്തനംതിട്ടപോലീസ് ചാര്‍ജ് ചെയ്തിരുന്ന കേസിലെ പ്രതിയും എംജി സര്‍വകലാശാലയൂണിയന്‍ ജനറല്‍ സെക്രട്ടറിയും ഡിവൈഎഫ്ഐ പത്തനംതിട്ട ഏരിയാപ്രസിഡന്റുമായ പ്രമാടം ചരുവില്‍ അനീഷ് കുമാറിനെ ഞായറാഴ്ച രാത്രി
പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട നഗരസഭ കൗണ്‍സിലറും ഡിവൈഎഫ്ഐ നേതാവുമായ വി.ആര്. ജോണ്സണ്, സിപിഎം പ്രമാടം ലോക്കല്‍സെക്രട്ടറി മോഹനന് എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ ഡിവൈഎഫ്ഐ, സിപിഎം അക്രമിസംഘം പോലീസ് സ്റ്റേഷന് ആക്രമിച്ചത്.
ആക്രമണത്തില്‍ പത്തനംതിട്ട പ്രിന്‍സിപ്പല്‍ എസ്ഐ പുഷ്പകുമാര്‍, സിവില്‍പോലീസ് ഓഫീസര്‍ സുരേഷ്, വനിത പോലീസ് ഓഫീസര്‍ അനി തോമസ് എന്നിവര്‍ക്കു പരിക്കേറ്റു. ഇവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ചികിത്സയിലാണ്.
കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുള്ള അനീഷിനെതിരെ വാറണ്ട് ഉണ്ടെന്നും അതിനാല്‍ ഇയാളെ കോടതിയില്‍ ഹാജരാക്കുകയേനിര്വാഹമുള്ളൂവെന്ന് പോലീസ് അക്രമിസംഘത്തോട് പറഞ്ഞെങ്കിലും ഇതില്‍ തൃപ്തരാകാതെ ഇവര്‍ പോലീസിനെ കൈയേറ്റം ചെയ്യുകയും സ്റ്റേഷന് അടിച്ചു തകര്‍ക്കുകയും ആയിരുന്നു.
എസ്ഐയുടെ മൊബൈല്‍ തട്ടിയെറിഞ്ഞ സംഘം തുടര്‍ന്ന് സ്റ്റേഷന്കെട്ടിടത്തിനുനേരെ ആക്രമണം നടത്തി. സ്റ്റേഷനിലുണ്ടായിരുന്ന വലിയ കണ്ണാടിയും ജനല്‍ഗ്ലാസുകളും തല്ലി പൊട്ടിച്ചു. ഡിജിറ്റല്‍ കാമറയും എറിഞ്ഞുടച്ച അക്രമികള്‍ അവരെ തടയാന്‍ ശ്രമിച്ച പോലീസ് സംഘത്തെയും മര്‍ദിച്ചു. കൂടുതല്‍ പോലീസിനെ
വിളിച്ചുവരുത്തിയപ്പോഴേക്കും സംഘം സ്റ്റേഷനില്‍ നിന്നു രക്ഷപെട്ടു. ജില്ലാപോലീസ് മേധാവി ഹരിശങ്കര്‍, ഡിവൈഎസ്പി പാര്ഥസാരഥിപിള്ള, സിഐസുരേഷ് കുമാര്‍ എന്നിവര്‍ രാത്രിയില്‍ സ്ഥലത്തെത്തി. സംഭവത്തെക്കുറിച്ച്അന്വേഷണം നടത്തുമെന്നും കുറ്റക്കാരെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും എസ്പിഅറിയിച്ചു. ഭരണത്തിന്റെ തണലില്‍ ജില്ലയില്‍ പോലീസ് സ്റ്റേഷനുകള്‍ക്ക് നേരെയുള്ള അക്രമം. സിപിഎം തുടര്‍ക്കഥയാക്കുകയാണ്. ഒരുമാസം മുമ്പ് മലയാലപ്പുഴ പോലീസ് സ്റ്റേഷനിലും ഡിവൈഎഫ്ഐക്കാര്‍ അക്രമം നടത്തിയിരുന്നു.
വനിതാപോലീസടക്കമുള്ളവര്ക്ക് മര്‍ദ്ദനമേറ്റിട്ടും കുറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ ഇതുവരെ പോലീസ് തയ്യാറായിട്ടില്ല. അക്രമകേസുകളില്‍ പ്രതികളായ സിപിഎമ്മുകാരെ പോലീസ് അറസ്റ്റ് ചെയ്തു സ്റ്റേഷനില്‍ കൊണ്ടുവന്നാലും ആ സ്റ്റേഷനിലെത്തി ഭീകരാവസ്ഥ സൃഷ്ടിച്ച് പ്രതികളെ മോചിപ്പിക്കുകയാണ് ചെയ്യുന്നത്. പോലീസിനെ കൈക്കരുത്ത് കാണിച്ച് ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ശ്രമമാണ് സിപിഎമ്മിന്റേതെന്ന് ആക്ഷേപം ഉയരുന്നു. സിപിഎം നേതാക്കളുടെ ആജ്ഞാനുവര്‍ത്തികളായി ജില്ലയിലെ പോലീസിനെ മാറ്റുകയും അതിലൂടെ രാഷ്ട്രീയ എതിരാളികളെ അടിച്ചമര്‍ത്താനുമാണ് മാര്‍ക്സിസ്റ്റ് ശ്രമമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പത്തനംതിട്ടയിലും അടൂരിലുമെല്ലാം പോലീസിനെ സ്വാധീനിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനും പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദ്ദിക്കാനും സിപിഎം നേതൃത്വം പദ്ധതി തയ്യാറാക്കുകയാണ്. ഇതിന് സിപിഎമ്മിന് കൂട്ടുനില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥരാണ് സ്റ്റേഷനുകളില്‍ അതിക്രമം കാട്ടാന്‍ മാര്‍ക്സിസ്റ്റുകാര്‍ക്ക് തണലാകുന്നതെന്ന ആക്ഷേപവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: