ലോകം ആദരിക്കുന്ന വിശ്രുത ചലച്ചിത്രകാരന് സത്യജിത് റായിയെ പോലും വിസ്മയിപ്പിച്ച സിനിമാട്ടോഗ്രഫര്‍ ഇന്നും നമുക്കിടയില്‍ സജീവം. പക്ഷേ മലയാളികള്‍ അദ്ദേഹത്തിന് അര്‍ഹിക്കുന്ന അംഗീകാരം നല്‍കിയില്ല. സര്‍ക്കാരുകള്‍ ഈ മഹാപ്രതിഭയെ കണ്ടില്ലെന്ന് നടിച്ചു. ശുപാര്‍ശ ചെയ്തും അപേക്ഷ നല്‍കിയും അംഗീകാരങ്ങളുടെ പിന്നാലെ പോകാന്‍ തയ്യാറല്ല ചേര്‍ത്തല സ്വദേശി വ്യാസകുമാര ഷേണായി(84).
ആദ്യമായി സിനിമാട്ടോഗ്രഫി പഠിച്ച മലയാളിയാണ് ഷേണായി. അരനൂറ്റാണ്ടിലേറെക്കാലത്തെ തന്റെ ഫ്രെയിമിലൊതുക്കിയ വി.കെ. ഷേണായിക്ക് ആരോടും പരിഭവമില്ല. ചേര്‍ത്തല ധന്വന്തരീമഠത്തില്‍ ഭാര്യ വസന്ത ഷേണായിക്കൊപ്പം സംതൃപ്ത ജീവിതം നയിക്കുന്ന ഷേണായി വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ക്കിടയിലും സജീവമാണ്. മക്കള്‍ വീണയും വിദ്യയും വിവാഹിതര്‍.
ഒഴുക്കിനെതിരെ നീന്തി വിജയം നേടിയ ഷേണായി ഇന്നും ഛായാഗ്രഹണ മേഖലയിലെ അത്യന്താധുനിക സങ്കേതങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ്. പാരമ്പര്യം അനുസരിച്ച് പുകയില വ്യാപാരിയോ, വൈദ്യനോ ആകേണ്ട ഷേണായിയെ വഴിമാറ്റി നടത്തിയത് രണ്ടാം ലോകയുദ്ധമാണ്. 1932 മാര്‍ച്ച് 13ന് ശ്രീനിവാസ ഷേണായിയുടെയും പത്മാവതി ഭായിയുടെയും ആറുമക്കളില്‍ ഇളയവനായി ജനനം. അച്ഛന് വ്യാസകുമാറിനെ ഡോക്ടര്‍ ആക്കണമെന്നായിരുന്നു ആഗ്രഹം. ഇതിനിടെ 1939ല്‍ രണ്ടാം ലോകയുദ്ധം ആരംഭിച്ചു. കൊച്ചി തുറമുഖത്തിന് സംരക്ഷണം നല്കാന് ബ്രിട്ടീഷ് സൈനികരെയാണ് നിയോഗിച്ചത്. ഇവര്‍ക്ക് വായിക്കാനായി വിദേശ സിനിമാ മാഗസിനുകള്‍ എത്തിച്ചിരുന്നു. ഈ മാസികകളുടെ താളുകളില്‍ പൊതിഞ്ഞാണ് തറവാടു വക കടയില്‍ പുകയില എത്തിച്ചിരുന്നത്. ഈ പാഴ്ക്കടലാസുകളിലെ ചിത്രങ്ങള്‍ കുഞ്ഞുഷേണായിക്കു മുന്നില്‍ മറ്റൊരു ലോകം തുറന്നുകാട്ടി.
ചിത്രങ്ങളോടു തോന്നിയ കമ്പം പിന്നീട് ചിത്രകലയോടും ഛായാഗ്രഹണത്തോടുമുള്ള അഭിനിവേശമായി മാറി. ഒന്‍പതാം വയസില്‍ അച്ഛന് മരിച്ചു. മുതിര്‍ന്ന സഹോദരന്മാരുടെ തണലിലായി പിന്നീടുള്ള ജീവിതം. ചേര്‍ത്തല ഗവ. ബോയ്സ് ഹൈസ്കൂളില്‍ നിന്ന് മെട്രിക്കുലേഷന്‍ പാസ്സായ ഷേണായി തിരുവനന്തപുരം മഹാരാജാസ് കോളേജില്‍ ഇന്റര്‍മീഡിയറ്റിനു ചേര്‍ന്നു. തിരുവനന്തപുരത്തെ ജീവിതം ഛായാഗ്രഹണ മേഖലയിലെ വിശാല ലോകത്തേക്കു കടക്കാന്‍ ഷേണായിയെ സഹായിച്ചു. ഇതിനിടെ അമ്മ മരിച്ചു. അമ്മയുടെ സമ്പാദ്യമായി ഉണ്ടായിരുന്നത് 15 രൂപമാത്രം. ഇതില്‍ നിന്ന് എട്ടുരൂപ മുടക്കി കൊഡാക് ബ്രൗണി ക്യാമറ ഷേണായി വാങ്ങി. ബാറ്റ കമ്പനിയുടെ തിരുവനന്തപുരം ഷോറൂമിലെ മാനേജര്‍ ഭട്ട് ഈ ക്യാമറ ഉപയോഗിക്കേണ്ടവിധം പഠിപ്പിച്ചുകൊടുത്തു. ഒരര്‍ത്ഥത്തില്‍ തന്റെ ആദ്യഗുരു ഭട്ടാണെന്ന് ഷേണായി പറയുന്നു.
തിരുവനന്തപുരം, കന്യാകുമാരി എന്നിവിടങ്ങളില്‍ ചുറ്റിക്കറങ്ങി പടമെടുക്കുകയും ഫോട്ടോഗ്രഫി രംഗവുമായി ബന്ധപ്പെട്ട പുസ്തക വായനയുമായി ‘പഠനം’ മാറിയതോടെ ഇന്റര്‍മീഡിയേറ്റ് പരീക്ഷ തോറ്റു. ഡോക്ടറോ ഡന്റിസ്റ്റോ ആകാന്‍ ഇന്റര്‍മീഡിയറ്റ് പരീക്ഷ വീണ്ടുമെഴുതി ജയിക്കണമെന്ന നിലപാടിലായിരുന്നു സഹോദരങ്ങള്‍. ഷേണായിയാകട്ടെ ഫോട്ടോഗ്രഫി പഠിക്കണമെന്ന വാശിയിലും. ഒടുവില്‍ ഇന്റര്‍മീഡിയറ്റ് ജയിച്ചാല്‍ അനുവദിക്കാമെന്നായി അവര്‍. പരീക്ഷ വീണ്ടുമെഴുതി പാസ്സായ ഷേണായി 1954 ല്‍ ബാംഗ്ലൂരിലെ എസ്ജെ പോളി ടെക്നിക്കില്‍ മൂന്നുവര്‍ഷത്തെ സിനിമാട്ടോഗ്രഫി കോഴ്സിനു ചേര്‍ന്നു. ഇത് മലയാളികളെ സംബന്ധിച്ചിടത്തോളം ചരിത്രമാണ്.
സിനിമാട്ടോഗ്രഫി ഔദ്യോഗികമായി പഠിക്കുന്ന ആദ്യമലയാളിയായി, ഇതോടെ ഷേണായി. കര്‍ണാടക സര്‍ക്കാരിനു കീഴിലുള്ള ഈ പോളിടെക്നിക്കില്‍ സ്റ്റില്‍ ഫോട്ടോഗ്രഫി, മൂവി ക്യാമറ, സംവിധാനം, എഡിറ്റിങ്, റെക്കോഡിങ്, ഡബ്ബിങ്, ശബ്ദമിശ്രണം തുടങ്ങിയവയെല്ലാം കോഴ്സിന്റെ ഭാഗമായി പഠിപ്പിക്കും. ഇവിടെ നിന്ന് ഒന്നാം ക്ലാസില്‍ പാസ്സായി ഡിപ്ലോമ ഇന്‍ സിനിമാട്ടോഗ്രഫി സര്‍ട്ടിഫിക്കറ്റ് ഷേണായി കരസ്ഥമാക്കി. കോഴ്സ് പൂര്‍ത്തിയായശേഷം 1957ല്‍ ബാംഗ്ലൂരില്‍ നിന്നു വാങ്ങിയ ജര്‍മ്മന്‍ നിര്‍മ്മിത ടിഎല്‍ആര്‍ (ട്വിന്‍ ലെന്‍സ് റിഫ്ലക്ഷന്) ക്യാമറ ഇന്നും ഷേണായിയുടെ ശേഖരത്തിലുണ്ട്. ഇത് ഇപ്പോഴും പ്രവര്‍ത്തന സജ്ജമാണ്. ബാംഗ്ലൂരില്‍ നിന്ന് ഷേണായി പോയത് ഇന്ത്യന്‍ സിനിമയുടെ തറവാടായ മുംബൈയിലേക്കാണ്. രത്തന്‍ലാല്‍ നാഗര്‍ എന്ന പ്രമുഖ ക്യാമറാമാന്റെ സഹായിയായി അവിടെ കൂടി. രാജ്കപൂര്‍, അശോക് കുമാര്‍, ശാന്താറാം, ഗുരുദത്ത്, മധുബാല, നര്‍ഗീസ്, മലയാളികളായ പത്മിനി, രാഗിണി തുടങ്ങിയവരെ പരിചയപ്പെടാനും അവരുടെ അഭിനയ മുഹൂര്‍ത്തങ്ങള്‍ ദൃശ്യവത്കരിക്കാനും ഷേണായിക്ക് സാധിച്ചു. എല്‍.ഡി. കപൂര്‍, ഗുരുദത്ത്, മഹേഷ് കൗള്‍ തുടങ്ങിയവരുടെ സഹായിയായി ഹിറ്റ് ചിത്രങ്ങളുടെ പിന്നണിയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. ഫിലിമിന് വലിയ വിലയായതിനാല്‍ വിശ്വാസമുള്ള അസിസ്റ്റന്റുമാരെ മാത്രമേ ചീഫ് ക്യാമറാന്മാര് അക്കാലങ്ങളില്‍ ചുമതല ഏല്‍പ്പിക്കാറുള്ളായിരുന്നു.
സിനിമാട്ടോഗ്രഫിയില്‍ ഡിപ്ലോമയുള്ളത് ഷേണായിക്ക് നേട്ടമായി. അന്നത്തെ പ്രശസ്തമായ ശ്രീ, മോഡേണ്‍, മെഹബൂബ് സ്റ്റുഡിയോകളില്‍ സജീവമായിരുന്നു ഷേണായി. ഇതിനിടെ മുംബൈയുടെ നിരവധി കാഴ്ചകള്‍ ഷേണായി തന്റെ ക്യാമറാ ഫ്രെയിമിലൊതുക്കി. ഫുട്പാത്തില്‍ വൃദ്ധ കിടന്നു പിടയുന്നതും അവര്‍ക്ക് യുവതി വെള്ളം കൊടുക്കുന്നതുമായ രംഗം പകര്‍ത്തിയത് ഷേണായി ഇന്നും ഓര്‍ക്കുന്നു. ‘ഇല്ലസ്ട്രേറ്റഡ് വീക്കിലി’യില്‍ ഈ പടങ്ങള്‍ അച്ചടിച്ചു വന്നു. തുടര്‍ന്ന് നൂറുകണക്കിന് ഫോട്ടോകള്‍ പത്രങ്ങളിലും മാസികകളിലും അച്ചടിച്ചു. 50 വര്‍ഷത്തെ ഫോട്ടോഗ്രഫി ജീവിതത്തിനിടെ ഷേണായി പകര്‍ത്തിയത് 50,000ലേറെ ചിത്രങ്ങള്‍. ഇതില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് മുതല്‍ ഡിജിറ്റല്‍ കാലം വരെയുള്ള ചിത്രങ്ങളുണ്ട്. മുംബൈയിലെ അസിസ്റ്റന്റ് ക്യാമറാമാനായുള്ള ജീവിതം സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിച്ചപ്പോള്‍ ഷേണായി നാട്ടിലേക്കു മടങ്ങി. അക്കാലത്ത് വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമാണ് ഒരു വര്‍ഷം എടുത്തിരുന്നത്. നാട്ടില്‍ ചെറുകിട വ്യവസായസംരംഭം അദ്ദേഹം ആരംഭിച്ചു. സര്‍ക്കാര്‍ സഹായത്തോടെ അലുമിനിയം ഉപയോഗിച്ച് വാതില്‍പ്പിടികളും മറ്റും നിര്‍മ്മിക്കുന്ന യൂണിറ്റാണ് ആരംഭിച്ചത്. 1968ല്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ചെറുകിട നവസംരംഭകരെക്കുറിച്ചുള്ള പുസ്തകത്തില്‍ ഷേണായിയുടെ ചിത്രവും വിശദാംശങ്ങളും പ്രസിദ്ധീകരിച്ചരുന്നു. എന്നാല്‍ അധികം താമസിയാതെ സംരംഭം പൂട്ടി. ഷേണായിയുടെ മനസ്സുനിറയെ വര്‍ണ്ണക്കാഴ്ചയുടെ ലോകമായിരുന്നു.
ഇതിനിടെയാണ് ബംഗളൂരുവിലെ തന്റെ സഹപാഠി ഒറീസ്സാ സ്വദേശിയായ ജി.എസ്. മഹാപാത്രയുടെ വിളി വരുന്നത്. മഹാപാത്ര ഒറിയയില്‍ സംവിധാനം ചെയ്യുന്ന ‘കനകലത’ എന്ന സിനിമയില്‍ ക്യാമറാമാനായി പ്രവര്‍ത്തിക്കാനായിരുന്നു ക്ഷണം. വൈധവ്യം പ്രമേയമായ ഈ സിനിമ ഒറിയയിലെ ആദ്യ ക്ലാസിക് ആയി വിശേഷിപ്പിക്കപ്പെട്ടു. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തിയ സിനിമ ഏഴാമത് ഇന്ത്യന്‍ ചലച്ചിത്രോത്സവത്തില്‍ വരെ പ്രദര്‍ശിപ്പിച്ചു. ഷേണായിയുടെ ഛായാഗ്രഹണ മികവും പ്രശംസിക്കപ്പെട്ടു. എന്നാല്‍ ബംഗാള്‍ സിനിമയുടെ ആധിപത്യവും ഒറീസയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവും മൂലം തുടര്‍ന്ന് ഒറിയയില്‍ സിനിമകള്‍ അധികമുണ്ടായില്ല.
എന്നാല്‍ കനകലതയുടെ വിജയം ഒറീസാ സര്‍ക്കാരിന്റെ നിരവധി ഡോക്യുമെന്ററികള്‍ക്ക് ക്യാമറ ചലിപ്പിക്കാന്‍ ഷേണായിക്ക് അവസരം ഒരുക്കി. അന്താരാഷ്ട്ര തലത്തില്‍ വരെ ഷേണായിയുടെ ഛായാഗ്രഹണ മികവ് പ്രശംസിക്കപ്പെട്ടു. കൊല്‍ക്കത്തയിലെ ന്യൂഇന്ത്യാ ലബോറട്ടറിയിലാണ് ഷേണായി ഫിലിം പ്രോസസ് ചെയ്തിരുന്നത്. ഒരിക്കല്‍ ഈ ലബോറട്ടറിയില്‍ വച്ച് ഷേണായിയുടെ റഷസ് സത്യജിത് റായി കണ്ടു. ഷേണായിയുടെ ഛായാഗ്രഹണ പ്രതിഭയില്‍ വിസ്മയിച്ച സത്യജിത് റായി, ഷേണായി തന്നെ വന്നുകാണാന്‍ അസിസ്റ്റന്റിനോട് പറഞ്ഞയച്ചു. എന്നാല്‍ ഷേണായി അതിനു തയ്യാറാകാതെ മടങ്ങി. ഒരുപക്ഷേ കൂടിക്കാഴ്ച നടന്നിരുന്നുവെങ്കിലും തങ്ങള്‍ ഒരുമിച്ച് ഒരു സിനിമ ഉണ്ടാകുമായിരുന്നില്ല എന്ന് ഷേണായി ഇപ്പോള്‍ പറയുന്നു. കുടുംബ പ്രശ്നങ്ങളാല്‍ കൊല്‍ക്കത്തയില്‍ താമസിക്കാന്‍ ഷേണായി ഒരുക്കമല്ലായിരുന്നുവെന്നതാണ് കാരണം. അധികം താമസിയാതെ ഷേണായി നാട്ടിലേക്കു മടങ്ങി.
ഇവിടെ എത്തിയശേഷം കുഞ്ചാക്കോ അടക്കമുള്ളവര്‍ സിനിമയിലേക്കു ക്ഷണിച്ചെങ്കിലും ഷേണായി സിനിമാ മേഖല പൂര്‍ണ്ണമായും ഉപേക്ഷിച്ച് സ്റ്റില്‍ ഫോട്ടോഗ്രാഫറായി. വിവാഹഫോട്ടോകളും ആല്‍ബങ്ങളും സ്വകാര്യ ചടങ്ങുകളുടെ ഫോട്ടോകളുമായി ഷേണായിയുടെ ജീവിതം. അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ക്ക് ഷേണായിയുടെ ക്യാമറ അരനൂറ്റാണ്ടിനിടെ സാക്ഷ്യം വഹിച്ചു. ഇപ്പോള്‍ പടമെടുക്കാറുള്ളത് വല്ലപ്പോഴും മാത്രം. സ്വന്തം ഭൂമിയുടെ ഒരുഭാഗം വിറ്റ് അതില്‍ നിന്നുള്ള ബാങ്ക് പലിശയാണ് ഷേണായിയുടെ വരുമാന മാര്‍ഗ്ഗം. സര്‍ക്കാരില്‍ നിന്നോ മറ്റ് ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നോ സഹായവും ബഹുമതിയും ഷേണായിക്ക് ലഭിച്ചിട്ടില്ല. ഫോട്ടോകളുടെ എക്സിബിഷനുകളും പുതുതലമുറയ്ക്ക് ഫോട്ടോഗ്രഫി ക്ലാസുകളെടുത്തും സജീവം തന്നെയാണ് ഷേണായിയുടെ ജീവിതം. ഇക്കാലയളവില്‍ സമാഹരിച്ചതും സൃഷ്ടിച്ചതുമെല്ലാം ഭാവി തലമുറയ്ക്ക് സമര്‍പ്പിക്കാന്‍ മ്യൂസിയം തുടങ്ങണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം.
സര്‍ക്കാരിന്റെ അവശ കലാകാര പെന്ഷന് ലഭിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ‘തന്റെ പ്രായം വര്‍ദ്ധിച്ചെങ്കിലും തന്നിലെ കലാകാരന് അവശനല്ലെന്നായിരുന്നു’ മറുപടി. ജി.എസ്. മഹാപാത്ര അടക്കമുള്ളവര്‍ ഇപ്പോഴും ഫോണില്‍ ബന്ധപ്പെടാറുണ്ട്. സുവര്‍ണ്ണകാലത്തിന്റെ ഓര്‍മ്മച്ചിത്രങ്ങളുമായി കഴിയുമ്പോഴും തന്റെ ഏറ്റവും മികച്ച ചിത്രം ഇനി എടുക്കേണ്ടിയിരിക്കുന്നുവെന്നാണ് ഷേണായി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: