കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ വിപണിയിലെത്തിച്ച ഇന്ത്യന്‍ ഗോള്‍ഡ് കോയിനിന് വിപണിയില്‍ മികച്ച മുന്നേറ്റം. എംഎംടിസിയും വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലും നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ നവംബര്‍ അഞ്ചിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക സ്വര്‍ണനാണയ പദ്ധതി പ്രഖ്യാപിച്ചത്.
എംഎംടിസിയും വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലും ചേര്‍ന്നുള്ള സംരംഭത്തിലൂടെ ഇതുവരെ 185 കിലോയുടെ സ്വര്‍ണനാണയങ്ങള്‍ വിറ്റഴിച്ചു. മറ്റ് ബ്രാന്‍ഡ് ചെയ്യാത്ത സ്വര്ണനാണയങ്ങളേക്കാള് കൂടുതല്‍ ഉപയോക്താക്കള്‍ വാങ്ങാന്‍ താത്പര്യപ്പെടുന്നത് ഒരു വശത്ത് അശോകചക്രവും മറുവശത്ത് മഹാത്മാഗാന്ധിയുടെ ചിത്രവും മുദ്രണം ചെയ്ത ഇന്ത്യന്‍ ഗോള്‍ഡ് കോയിനാണ്. ഏറ്റവും ശുദ്ധമായ സ്വര്‍ണമാണ് 24 കാരറ്റും 999 ശുദ്ധതയുമുള്ള ഈ സ്വര്‍ണനാണയങ്ങള്‍.
രാജ്യത്തെ 20 എംഎംടിസി ഔട്ട്ലെറ്റുകള്‍ക്ക് പുറമെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ഫെഡറല്‍ ബാങ്ക്, വിജയ ബാങ്ക്, യെസ് ബാങ്ക് ശാഖകളിലൂടെയും, ബ്രാന്‍ഡഡ് ജൂവലറികള്‍ വഴിയുമാണ് ഈ സ്വര്‍ണനാണയങ്ങള്‍ വിറ്റഴിക്കുന്നത്. രണ്ട്, അഞ്ച്, പത്ത് ഗ്രാം സ്വര്ണനാണയങ്ങള്ക്കാണ് ഏറ്റവും പ്രിയം. 20 ഗ്രാം തൂക്കം വരുന്ന സ്വര്‍ണക്കട്ടിയും വിപണിയിലുണ്ട്. ദീപാവലി തുടങ്ങിയ ആഘോഷങ്ങള്‍ക്കും ജന്മദിനം, വിവാഹം തുടങ്ങിയ പ്രത്യേകാവസരങ്ങളിലും സമ്മാനമായി നല്‍കാനാണ് ഉപയോക്താക്കള്‍ കൂടുതലായി സ്വര്‍ണനാണയങ്ങള്‍ വാങ്ങുന്നതെന്ന് എംഎംടിസി ചൂണ്ടിക്കാട്ടി.
നിലവില്‍ ഇരുന്നൂറോളം ഔട്ട്ലെറ്റുകളാണുള്ളത്. കൂടുതല്‍ ബാങ്കുകളും ഇന്ത്യ പോസ്റ്റും വഴി സ്വര്‍ണനാണയങ്ങള്‍ വിറ്റഴിക്കാന്‍ കരാറായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: