ചങ്ങനാശേരി: പെരുന്ന കൊലപാതകം കസ്റ്റഡിയിലെടുത്ത പ്രതികളുമായി വീടുകളില്‍ ശനിയാഴ്ച പൊലീസ് തെളിവെടുപ്പ് നടത്തി. കൊലപാതശേഷം പ്രതികളായ സിജോ, സൂരജ്, അര്ജുന്, ബിനു എന്നിവര്‍ അവരവരുടെ വീടുകളില്‍ പോയി വസ്ത്രം മാറിയ ശേഷം ഫാത്തിമാപുരത്ത് എത്തിയാണ് ഷെമീറിനൊപ്പം രക്ഷപ്പെട്ടത്. ഇവരുടെ നാലു പേരുടെയും വീടുകളിലെത്തി സംഭവ ദിവസം ഇവര്‍ ധരിച്ച വസ്ത്രം പൊലീസ് കണ്ടെടുത്തു. കഞായറാഴ്ച രാവിലെ 9ന് സംഭവം നടന്ന പെരുന്ന സ്റ്റാന്‍ഡിലെ കോണ്‍ഗ്രസ് ഹൗസിനു മുന്‍വശത്തുള്ള പാര്‍ക്കിങ് ഏരിയായില്‍ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തും. സൂരജിന്റെ മുറിവിനു സ്റ്റിച്ചിട്ട കോട്ടയം ജില്ലാ ആശുപത്രിയിലും ഇവര്‍ ആഹാരം കഴിച്ച കോട്ടയത്തെ തട്ടുകടയിലും കൊലപാതകത്തിനു ശേഷം ബിനു, സിജോ, സൂരജ്, അര്ജുന് എന്നിവരെ ഷെമീര്‍ ഒളിപ്പിച്ചു താമസിപ്പിച്ച കോട്ടയം തിരുനക്കരയിലുള്ള വീടും ഇവര്‍ക്ക് 5000 രൂപ കടം നല്‍കിയവരുടെ അടുത്തും പ്രതികളെ കൊണ്ടുപോയി തിങ്കളാഴ്ച തെളിവെടുപ്പ് നടത്തും. കഴിഞ്ഞ ഞായറാഴ്ച രാത്രി 8.30 നാണ് പെരുന്ന സ്റ്റാന്‍ഡിലെ പാര്‍ക്കിങ് ഏരിയായില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് യുവജന വിഭാഗം തൃക്കൊടിത്താനം മണ്ഡലം പ്രസിഡന്റ് തൃക്കൊടിത്താനം മുരിങ്ങവന മനു മാത്യു (33) കുത്തേറ്റു മരിച്ചത്.
















