കാസര്‍കോട്: തൊഴിലാളി പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ കേവലം 34 വര്‍ഷം കൊണ്ട് ഭാരതത്തിലെ ഒന്നാമത്തെ തൊഴിലാളി സംഘടനയായി ബിഎംഎസിന് മാറാന്‍ കഴിഞ്ഞത് തൊഴിലാളികളെ രാഷ്ട്രീയ ചട്ടുകങ്ങളായി കാണാത്ത ഠേംഗ്ഡിജിയുടെ സംഘടനാ വൈദഗ്ധ്യം ഒന്നു കൊണ്ടാണെന്ന് ബിഎംഎസ് സംസ്ഥാന സെക്രട്ടറി പി.ശശിധരന് അഭിപ്രായപ്പെട്ടു. കാസര്‍കോട് ടൗണ്‍ ബാങ്ക് ഹാളില്‍ നടന്ന ഠേംഗ്ഡിജി അനുസ്മരണം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിഎംഎസ് രൂപം കൊണ്ട് 12 വര്‍ഷത്തിന് ശേഷമാണ് അഖിലേന്ത്യ കമ്മറ്റിയുണ്ടായത്. ഗുരുജിയുടെ മാര്‍ഗ നിര്‍ദേശത്തില്‍ പ്രവര്‍ത്തിച്ചു വന്നു. ഗുല്‍സാരി നന്ദലാല്‍ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ നടന്ന പണിമുടക്കില്‍ നടത്തിയ പത്ര പ്രസ്താവനയില്‍ തന്നെ തൊഴില്‍ മേഖലയോടുള്ള ഠേംഗ്ഡിജിയുടെ കാഴ്ചപ്പാട് വ്യക്തമായിരുന്നു. ആധുനിക ഭാരതത്തില്‍ ട്രേഡ് യൂണിയന് ചരിത്രത്തില്‍ ആചാര്യനായി ഠേംഗ്ഡിജി മാറിയത് തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് അഡ്വ.പി.മുരളീധരന് അധ്യക്ഷത വഹിച്ചു. തപസ്യ സംസ്ഥാന സമിതി അംഗം സുകുമാരന്‍ പെരിയച്ചൂര്‍ മുഖ്യപ്രഭാഷണം നടത്തി. ബിഎംഎസ് ജില്ലാ നേതാക്കളായ എം.ബാബു, വി.ബി.സത്യനാഥ്, കെ.വി.ബാബു, എ.കേശവ, കെ.ശങ്കരനാരായണ. എം.ഓമന എന്നിവര്‍ സംസാരിച്ചു. കെ.എ.ശ്രീനിവാസന് സ്വാഗതവും ടി.കൃഷ്ണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: