ആദ്യം ഇലകളാണ് കൊഴിഞ്ഞത്
ആരും അത് സൂചനയായി കണ്ടില്ല.
പിന്നീട് ചില്ലകള്‍ ഇരിഞ്ഞു വീണു,
അപ്പോഴും മൗനം.
കാലം തെറ്റി വീശിയടിച്ച ജനുവരിക്കാറ്റില്
മരങ്ങള്‍ ഒരുമയോടെ വേരറ്റുവീണു,
അന്ന് മുതലാണ്
ചിലന്തിവല കൊണ്ട് മേഞ്ഞ എന്റെ വീട്ടില്‍
നിറയെ ആകാശമുണ്ടായത്.
ഭിത്തിയാം മണ്‍കട്ടകള്‍ വെള്ളത്തിനായി ഞാറ്റുപാട്ട് പാടുന്നു
വയലിലെ തണുത്ത സംഗീതം കേള്‍ക്കാന്‍
തിരിച്ച് പോകണം,
ഇറമ്പിലെ റബ്ബര്ക്കത്തി നാരായമാക്കി
ചിതലുകളുടെ ഈ സ്മാരകം പൊളിച്ച്
ഞാന്‍ പുറത്തുവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: