സി.എ. കുഞ്ഞിരാമന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് അന്തരിച്ചപ്പോള്‍ ഒരു സമരേതിഹാസത്തിനവസാനമായി. 95 വര്‍ഷക്കാലത്തെ നിരന്തര സമരമായിരുന്നു ആ ജീവിതം. വയനാട്ടില്‍ കേരള വര്‍മ പഴശ്ശിരാജാവിന്റെ പടനായകരില്പെട്ട എടച്ചേന നായര്‍ കുടുംബവുമായി ബന്ധപ്പെട്ട ചമ്മന്തട്ട കുടുംബത്തില്‍ പിറന്ന സിഎ ബാല്യത്തില്‍ത്തന്നെ തറവാടിന്റെ ആഢ്യപാരമ്പര്യത്തിന് നിരക്കാത്തവിധം അടിയാള വിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രയത്നിച്ചതിനാല്‍ ബഹിഷ്കൃതനായി. 1960-80 കാലത്ത് ഗോത്രവര്‍ഗക്കാര്‍ക്കെതിരെ വയനാട്ടിലേക്ക് കടന്നുവന്ന് ഭൂമി കയ്യടക്കി, അവരെ ഒന്നുമല്ലാതാക്കിയ വിവിധ വിഭാഗക്കാര്‍ക്കും അവര്‍ക്കു താങ്ങായി നിന്ന രാഷ്ട്രീയക്കാര്‍ക്കും സംഘടിത മതേനേതാക്കള്‍ക്കും, അവരുടെ ചൊല്പ്പടിക്കുനിന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും, സര്‍ക്കാരുകള്‍ക്കും എതിരായി നടത്തിയ നിരന്തര സമരങ്ങളുടെയും സംഘര്‍ഷങ്ങളുടെയും മുന്‍നിരയില്‍ സിഎ ഉണ്ടായിരുന്നു. സമര രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. എതിരാളികളോടെന്നല്ല സ്വന്തം ജീവിതത്തോടും സിഎ വിട്ടുവീഴ്ച കാട്ടിയില്ല.
വനവര്ഗക്കാരുടെ ദുഃസ്ഥിതിക്ക് കാരണക്കാരായവര്‍ തന്നെ രക്ഷകവേഷം കെട്ടി വന്നപ്പോള്‍ അതിനെ തുറന്നുകാട്ടി അദ്ദേഹം സ്വന്തമായ പാത സൃഷ്ടിച്ചു. അന്ന് ജനസംഘത്തിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന കെ.ജി. മാരാരെ ചെന്നുകണ്ട് കാര്യങ്ങള്‍ ധരിപ്പിക്കുകയും വനവാസികളുടെ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജനസംഘം മുന്‍കൈയെടുക്കുകയും ചെയ്തു. വടക്കേ വയനാട് കണ്ണൂര്‍ ജില്ലയിലും തെക്കെ വയനാട് കോഴിക്കോട്ട് ജില്ലയിലുമായിരുന്ന അക്കാലത്ത് (1967 ല്‍) അവിടത്തെ ജനസംഘപ്രവര്ത്തനങ്ങള്ക്ക് സംയുക്ത സ്വരൂപം നല്‍കാനായി പരമേശ്വര്‍ജി മാനന്തവാടിയില്‍ വിളിച്ചുചേര്‍ത്ത ബൈഠക്കിലാണ് സിഎയെ പരിചയപ്പെടാന്‍ എനിക്കവസരമുണ്ടായത്.
ജനസംഘപ്രവര്ത്തകരില് ഗണ്യമായ വനവാസി പ്രാതിനിധ്യമുണ്ടായിരുന്നു. അവരിലെ വിവിധ വിഭാഗങ്ങള്‍ക്കു നേരിടേണ്ടിവന്ന പ്രശ്നങ്ങളെയും, അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളെയും സിഎ വിവരിച്ചു. കേവലമായ രാഷ്ട്രീയ പ്രവര്ത്തനത്തിനുപരി ശ്രദ്ധ കൊടുത്തു നടത്തേണ്ട പ്രവര്‍ത്തനമാണ് വനവാസികളുടേതെന്ന് ബോധ്യമായതിനെത്തുടര്‍ന്ന് പരമേശ്വര്‍ജിയും മാരാര്‍ജിയും വയനാട്ടിലെ മുതിര്‍ന്ന ജനസംഘപ്രവര്‍ത്തകരും സംഘപ്രചാരകന്മാരും ഒരുമിച്ചിരുന്നു നടത്തിയ ചര്‍ച്ചയുടെ ഫലമായി രൂപംകൊണ്ടതാണ് വയനാട് ആദിവാസി സംഘം. നേരത്തെ നിലവിലുണ്ടായിരുന്ന ആദിവാസി സ്വയംസേവക സംഘവുമായി സഹകരിച്ചുകൊണ്ടായിരുന്നു തുടക്കത്തിലെ പ്രവര്‍ത്തനമെങ്കിലും ആദിവാസി സംഘം പ്രത്യേക സംഘടനയായി രജിസ്റ്റര്‍ ചെയ്ത് സ്വന്തമായ പ്രവര്‍ത്തനം നടത്തിവന്നു. അതിന്റെ ജീവനാഡിയായി നിന്നത് സിഎ തന്നെയായിരുന്നു. അനുസ്യൂതമായ ആ തപശ്ചര്യക്കിടയില് അടുത്ത ഊണെവിടെ അസ്തമയത്തിനുശേഷം കിടപ്പെവിടെ എന്നൊന്നും നിശ്ചയമില്ലാത്ത ജീവിതമാണദ്ദേഹം നയിച്ചത്. കല്‍പ്പറ്റയില്‍ വരുമ്പോള്‍ അവിടെ ഗുഡലായിയിലെ കാര്യാലയത്തില്‍ താമസിക്കും. പക്ഷേ വിശ്രമമെന്നൊന്നില്ല. അവിടെ നടത്തിയ സംഭാഷണങ്ങള്‍ വനവാസികളുടെ ജീവിതമെന്തെന്നു മനസ്സിലാക്കാന്‍ എനിക്ക് സഹായകമായി.
1972 ല്‍ ഗിരിജനങ്ങള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ കേരള സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനായി 105 പേരടങ്ങുന്ന സംഘം വയനാട്ടില്‍നിന്ന് രണ്ടു ബസ്സുകളിലായി തിരുവനന്തപുരത്തുപോയി. അതിനുവേണ്ടതായ വിവരങ്ങള്‍ ഓരോ വനവാസി ഊരില്‍നിന്ന് ശേഖരിക്കാന്‍ ആദിവാസി സംഘത്തിന്റെ പ്രവര്‍ത്തകര്‍ 20 ദിവസംകൊണ്ട് 700 ലധികം കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചു. പ്രായപൂര്‍ത്തിയായവരുടെ കൈയൊപ്പുകള്‍ ശേഖരിച്ചിരുന്നു. ഓരോ ഊരിലും നടന്ന യോഗത്തില്‍ അവരുടെ പ്രശ്നങ്ങള്‍ മാത്രമല്ല, പുറമേയുള്ളവരില്നിന്നു നേരിടുന്ന പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുകയും സിഎയും മറ്റു ആദിവാസി നേതാക്കളും സംഘപ്രവര്‍ത്തകരും അവരോടും സംവദിക്കുകയും ചെയ്തു. കാര്‍ഷിക തൊഴില്‍ സ്ഥിരത, ന്യായമായ കൂലി, ഉപതൊഴിലുകള്‍, വിദ്യാഭ്യാസ സൗകര്യങ്ങള്‍, ചികിത്സ വ്യവസ്ഥകള്‍, തങ്ങളുടെ പരമ്പരാഗത ഭൂമി അന്യാധീനപ്പെട്ടു പോകാതിരിക്കാനുള്ള സംരക്ഷണം, മതംമാറ്റം തടയല്‍, ശ്മശാനം തുടങ്ങിയവയായിരുന്നു മുഖ്യ ആവശ്യങ്ങള്‍.
സിഎയുമൊത്തു നടക്കുന്നത് ഒരര്‍ത്ഥത്തില്‍ വിദ്യാഭ്യാസം തന്നെയായിരുന്നു. വയനാടിന്റെ ചരിത്രവും തന്റെ കമ്യൂണിസ്റ്റു ഭൂതകാലവും ആ പാര്‍ട്ടിയുടെ മനുഷ്യത്വ ശൂന്യമായ പൈശാചിക പ്രവൃത്തികളും സൃഷ്ടിച്ച മടുപ്പും വെറുപ്പും ഒക്കെ അറിയാന്‍ കഴിഞ്ഞു. ഗോത്രവര്‍ഗ ജീവിതത്തെ നേരിട്ടു മനസ്സിലാക്കാന്‍ അവസരമുണ്ടാക്കിത്തരണമെന്ന ആവശ്യം നിറവേറ്റാനും അദ്ദേഹം തയ്യാറായിരുന്നു. ഏറ്റവും പിന്നാക്കം നില്ക്കുന്ന തികച്ചും അപരിഷ്കൃതരായ കാട്ടുനായ്ക്ക-ചോലനായ്ക്ക വിഭാഗങ്ങളുടെ ഊര് സന്ദര്‍ശിക്കാനും അദ്ദേഹം അവസരമുണ്ടാക്കി. അവരില്‍ പുറ്റുമണ്ണു തേനില്‍ കുഴച്ചു തിന്നുന്നവരുമുണ്ടെന്ന അറിവ് എനിക്ക് പുതിയതായിരുന്നു. അവരുടെ താമസം ഉയര്‍ന്ന പാറക്കെട്ടുകള്‍ക്കിടയിലെ ഗുഹകളിലാണെന്ന് അദ്ദേഹം പറഞ്ഞു.
പക്ഷെ വിചാരിച്ചതുപോലെ പിന്നീട് വന്ന അടിയന്തരാവസ്ഥ ആ പദ്ധതിക്ക് വിഘാതമായി. തിരുവനന്തപുരത്ത് മന്ത്രിമാരെ കാണാന്‍പോയ യാത്രാവിവരങ്ങള്‍ പലതവണ ഈ പംക്തികളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കോഴിക്കോടിന് തെക്ക് എറണാകുളം, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളില്‍, സംസ്ഥാനത്ത് ഇങ്ങനെയും ഒരു വിഭാഗം ജനങ്ങള്‍ ഉത്തരകേരളത്തിലുണ്ട് എന്ന് കാട്ടിക്കൊടുത്ത സംഭവമായിരുന്നു ആ യാത്ര.
1973 ജനുവരിയില്‍ കല്‍പ്പറ്റയില്‍ ജനസംഘാധ്യക്ഷന്‍ അദ്വാനിജി മുഖ്യ അതിഥിയായി നടത്തപ്പെട്ട ആദിവാസി സംഘത്തിന്റെ വാര്‍ഷിക സമ്മേളനം ഐതിഹാസികമായിരുന്നു.
1973 ല്‍ തന്നെ ഉജ്ജൈനിയില്‍ ജനസംഘത്തിന്റെ ദേശീയതലത്തിലുള്ള പഠനശിബിരം സംഘടിപ്പിച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള പ്രതിനിധികളില്‍ ആദിവാസി സംഘത്തിന്റെ നാലുപ്രതിനിധികളെ കൂടി കൊണ്ടുപോയി. കുഞ്ഞിരാമന് നായര്‍ക്കു പുറമേ ആദിവാസി സംഘം നേതാക്കളായ എല്‍.സി.കുങ്കന്, എ. പാപ്പന്, ആനേരി രാമന്, കേളു എന്നിവര്‍ ഉണ്ടായിരുന്നുവെന്നാണ് ഓര്മ. കേരളത്തില്‍നിന്നുള്ള സംഘത്തില്‍ പരമേശ്വര്‍ജിയും രാജേട്ടനും മാരാര്‍ജി, രാമന്‍പിള്ള എന്നിവരുമുണ്ടായിരുന്നു. ബല്‍ഹാര്‍ഷാ സ്റ്റേഷന് കഴിഞ്ഞപ്പോള്‍ സിഎയ്ക്ക് കടുത്ത പനിയും പരവേശവും വന്നു. എണീറ്റു നില്ക്കാന് പോലുമാവാത്തവിധം കിടപ്പായി. ആഹാരം കഴിക്കാനോ വെള്ളം കുടിക്കാനോ പ്രയാസം. ടിടിആറിനോട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അടുത്ത സ്റ്റോപ്പ് നാഗ്പൂരിലാണെന്നും അവിടെ വൈദ്യസഹായം തേടാമെന്നും മറുപടി കിട്ടി.
നാഗ്പൂരില്‍ അദ്ദേഹത്തെ ഇറക്കി സംഘത്തിന്റെ കേന്ദ്രകാര്യാലയമായ ഡോ.ഹെഡ്ഗേവാര്‍ ഭവനിലേക്ക് കൊണ്ടുപോകാമെന്നും അവരുടെ മടക്കയാത്രയില്‍ ഒരുമിച്ചു പോരണമെന്നും പരമേശ്വര്‍ജി നിര്‍ദ്ദേശിച്ചതനുസരിച്ച് അതിന് ഞാന്‍ തയ്യാറെടുത്തു. എന്നാല്‍ അതിന് കുഞ്ഞിരാമന് നായര്‍ തയ്യാറായില്ല. മാത്രമല്ല വണ്ടി നാഗ്പൂര്‍ സമീപിച്ചപ്പോഴെക്കും പനി വിട്ടുമാറി. അവിടെ സ്റ്റേഷനില്‍ ഡോക്ടറുടെ പരിചരണം ലഭിക്കുകയും ചെയ്തു. അങ്ങനെ ഉജ്ജൈന്‍ പരിപാടി സമംഗളം നടന്നു. അവിടത്തെ നടപടികളുടെ സംഗ്രഹ വിവരണം കേരളത്തിലെ പ്രതിനിധികള്‍ക്ക് നല്‍കേണ്ട ചുമതലയും എനിക്കായി.
ആദിവാസി സംഘത്തിലെ ആള്‍ക്കാരെ കണ്ട് അദ്വാനിജിക്കും അടല്‍ജിക്കും വലിയ സന്തോഷമായി. അവരോടൊപ്പം നേതാക്കള്‍ ഫോട്ടോയും എടുത്തിരുന്നു. ഉജ്ജൈയിനിയിലെ മഹാകാള ക്ഷേത്ര സന്ദര്‍ശനവും മഹാകാള ലിംഗത്തില്‍ സ്വയം പുഷ്പാര്‍ച്ചന നടത്തിയതും അവര്‍ക്കും മറ്റെല്ലാവര്‍ക്കും അപൂര്വാനുഭൂതിയുമായി.
അടിയന്തരാവസ്ഥക്കുശേഷമുള്ള പുതിയ സംവിധാനത്തില്‍ വനവാസി പ്രവര്‍ത്തനങ്ങള്‍ നേരിട്ട് സംഘത്തിന്റെ ചുമതലയിലാകുകയും പ്രക്ഷോഭാത്മക പരിപാടികള്‍ക്ക് പകരം സാംസ്കാരിക, ആത്മീയ, സേവനപരിപാടികളാകുകയും ചെയ്തത് സിഎയെപ്പോലുള്ളവര്ക്ക് പ്രസക്തി കുറച്ചതുപോലെ തോന്നിയോ എന്നു സംശയം. അദ്ദേഹം എന്നും സജീവമായിത്തന്നെ നിന്നുവെന്നു നമുക്ക് കാണാന്‍ കഴിയും. 1970 കളിലെ ആദിവാസി സമരങ്ങള്‍ എന്ന പേരില്‍ പള്ളിയറ രാമന് മുന്‍കൈയെടുത്തു തയ്യാറാക്കിയ പുസ്തകം സിഎയുടെ പ്രവര്‍ത്തനങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ്. തന്റെ സ്വന്തമായുണ്ടായിരുന്ന ഏതാനും സെന്റ് ഭൂമി അദ്ദേഹം വിവേകാനന്ദ മെഡിക്കല്‍ മിഷന് നല്‍കിയെന്നാണ് മനസ്സിലാക്കുന്നത്. ഏറെക്കാലം അവശനിലയില്‍ കഴിഞ്ഞ സിഎ മെഡിക്കല്‍ മിഷനില്‍ തന്നെ തന്റെ അന്ത്യനിമിഷങ്ങള്‍ ചെലവാക്കി. പുരുഷായുസ്സ് മുഴുവന്‍ സമാജ നന്മയ്ക്ക് സമര്‍പ്പിച്ച ആ ഇതിഹാസം അങ്ങനെ അവസാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: