ചിന്തിക്കാനുള്ള കഴിവും ഓര്‍മ്മിക്കാനുള്ള ശേഷിയുമാണ് മനുഷ്യന് ദൈവം നല്കിയ പെരുത്ത അനുഗ്രഹം. ഇതു രണ്ടുമില്ലെങ്കില്‍ മനുഷ്യന് വെറും ജീവനുള്ള ശവം. ആ അവസ്ഥയാണ് അല്‍ഷിമേഴ്സ് എന്നു വിളിക്കുന്ന മറവിരോഗം. മനുഷ്യന്റെ ഓര്‍മ്മയും മറ്റ് സമസ്ത മേധാശക്തികളും കൊഴിഞ്ഞുപോകുന്ന മറവിരോഗത്തിന് മരുന്നില്ല. മന്ത്രവുമില്ല. കാരണമൊട്ട് കണ്ടെത്തിയിട്ടുമില്ല.
അങ്ങനെയിരിക്കെയാണ് ശാസ്ത്രജ്ഞര്‍ മറവിരോഗത്തിന് പുതിയൊരു കാരണം കണ്ടെത്തിയതായി ലോകത്തെ അറിയിച്ചത്. അന്തരീക്ഷം മലിനീകരിക്കുന്ന കുഞ്ഞന്‍ കാന്തിക കണങ്ങളാണത്രെ വില്ലന്‍. മാഗ്നറ്റിക് പാര്‍ട്ടിക്കിള്‍ എന്ന് പൊതുവെ വിളിക്കുമെങ്കിലും ഇരുമ്പിന്റെ ഓക്സൈഡുകളാണിവ. വാഹന മലിനീകരണത്തിന്റെ ഫലമായി ജനിക്കുന്ന ഈ കണികകളുടെ വലിപ്പം നൂറില്‍ താഴെ നാനോമീറ്റര്‍ മാത്രം. കാറിന്റെ എഞ്ചിനുകളില്‍നിന്നും ബ്രേക്കുകളില്നിന്നും ഉന്നത ഊഷ്മാവില്‍ പുറപ്പെടുന്ന ഈ കണികകള്‍ ആരോരുമറിയാതെ മൂക്കില്‍ കടന്ന് നാം മണമറിയുന്ന ഓള് ഫാക്ടറി നാഡികളിലൂടെ നേരിട്ട് തലച്ചോറിലെത്തുകയാണത്രെ. തുടര്‍ന്ന് അല്‍ഷിമേഴ്സ് അടക്കമുള്ള നാഡീനാശ രോഗങ്ങള്‍ക്ക് തിരികൊളുത്തുമെന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്.
പരിസര മലിനീകരണം മൂലം ശ്വാസകോശം, ഹൃദയം എന്നിവയുമായി ബന്ധപ്പെട്ട ഒട്ടേറെ രോഗങ്ങള്‍ ഉണ്ടാവുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാനസികരോഗങ്ങള്‍ക്കുള്ള സാധ്യതയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എന്നാല്‍ തലച്ചോറില്‍ കടന്ന് മറവിരോഗം വരെയുണ്ടാകാന്‍ മലിനീകരണത്തിനാവുമെന്ന കണ്ടെത്തല്‍ ഇതാദ്യം.
ഇംഗ്ലണ്ടിലെ സര്‍വകലാശാലകളായ ലങ്കാസ്റ്റര്‍, ഒക്സ്ഫോര്‍ഡ്, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളിലെ ഗവേഷകര്‍ നടത്തിയ സംയുക്ത സ്പെക്ട്രോസ്കോപ്പി പഠനങ്ങളാണ് കാന്തിക കണങ്ങളുടെ സാന്നിധ്യം തലച്ചോറില്‍ കണ്ടെത്തിയത്. ഗവേഷണത്തിനു വിധേയരാക്കിയ 37 അല്‍ഷിമേഴ്സ് രോഗികളിലും അവര്‍ കുഞ്ഞന്‍ കണങ്ങളുടെ അമിത സാന്നിധ്യം കണ്ടെത്തി. ഗോളരൂപത്തില്‍ ഉയര്‍ന്ന ഊഷ്മാവില്‍ രൂപപ്പെട്ടതാണവയെന്നും പഠനത്തില്‍ തെൡഞ്ഞു.
മനുഷ്യന്റെ തലച്ചോറിനുള്ളില്‍ കോണാകൃതിയിലുള്ള ആംഗുലാര്‍ കണങ്ങള്‍ സ്വാഭാവികമായി കാണപ്പെടാറുണ്ട്. എന്നാല്‍ ഗോളാകൃതിയിലുള്ളവയെ കണ്ടെത്തുന്നത് ഇതാദ്യം. തിരക്കേറിയ വാഹനഗതാഗതമുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവരുടെ തലച്ചോറിലാണ് ഇതിന്റെ സാന്നിധ്യം ഏറെ കാണപ്പെട്ടത്. വാഹന എഞ്ചിനുകള്‍ക്കു പുറമെ ഫൗണ്ടറികളില്നിന്നും തുറന്ന സ്ഥലങ്ങളിലെ അഗ്നികുണ്ഡങ്ങളില്നിന്നും ഇത്തരം കുഞ്ഞന്‍ കണികകള്‍ അന്തരീക്ഷത്തിലേക്കെത്തുന്നുണ്ട്. അയണ്‍ ഓക്സൈഡിനു പുറമെ പ്ലാറ്റിനം, നിക്കല്‍, കോബാള്‍ട്ട് എന്നിവയുടെ കണങ്ങളും രോഗികളുടെ തലച്ചോറില്‍ ഗവേഷകര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു.
കാറിന്റെ എഞ്ചിന് പ്രവര്‍ത്തിക്കുമ്പോഴാണ് മാഗ്നറ്റൈറ്റുകള് പുറത്തുചാടുകയെന്നു പറഞ്ഞല്ലോ. അതിന് മുന്പന് ഡീസല്‍ വാഹനങ്ങളാണത്രേ. പെട്രോള്‍ വാഹനങ്ങളില്‍നിന്ന് പുറപ്പെടുന്നതിന്റെ 22 ഇരട്ടി കണങ്ങളാണത്രേ ഡീസല്‍ എഞ്ചിനുകളില്‍നിന്ന് പുറപ്പെടുന്നത്. നാഷണല്‍ അക്കാദമി ഓഫ് സയന്‍സസിന്റെ ജേര്‍ണല്‍ പ്രൊസീഡിഗ്സിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
വികസിത-വികസ്വര വ്യത്യാസമില്ലാതെ സകല രാജ്യങ്ങളിലും മറവിരോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ബ്രിട്ടനില്‍ മാത്രം എട്ടുലക്ഷം രോഗികള്‍ മറവിരോഗം ബാധിച്ചവരാണെന്ന് കണക്കുകള്‍ പറയുന്നു. അതുമൂലം ആ രാജ്യത്തിനുണ്ടാകുന്ന പ്രതിവര്‍ഷ നഷ്ടം ഏതാണ്ട് 26 സഹസ്രകോടി (ബില്യന്‍) ആണെന്നാണ് അന്നാട്ടിലെ അല്‍ഷിമേഴ്സ് സൊസൈറ്റി പറയുന്നത്. ഈ രോഗംമൂലം പ്രതിവര്‍ഷം 40,000 മരണംവരെ സംഭവിക്കുന്നതായും റോയല്‍ കോളേജ് ഓഫ് ഫിസിഷന്‍സ് പുറത്തുവിട്ട ഒരു പഠനം നിരീക്ഷിക്കുന്നു.
എന്തായാലും രോഗം വരാത്തവരും വന്നവരുമൊക്കെ ഇനി കാന്തിക കണങ്ങളെക്കൂടി സൂക്ഷിക്കുക. വാഹന മലിനീകരണത്തിനെതിരെ ജാഗ്രത പാലിക്കുക. നിതാന്തമായ ജാഗ്രതയാണല്ലോ ആരോഗ്യത്തെ കാത്തുസൂക്ഷിക്കാന്‍ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: