വിചിത്രമായ കാരണങ്ങളാലാണ് ‘ഭൂതരായ’രുടെ നിര്‍മാണം മുടങ്ങിപ്പോയതെന്നാണ് ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ കണ്ടെത്തല്‍!
അതില്‍ ആദ്യത്തെ കാരണം അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍.
”റിഹേഴ്സല്‍ കാണാന്‍ കേരള സിനി ടോണ്‍ കമ്പനിയുടെ ഡയറക്ടര്‍മാരും വരുമായിരുന്നു. അവരുടെ ശ്രദ്ധ റിഹേഴ്സലിലായിരുന്നില്ല, നടികളിലായിരുന്നു. ഇവരില്‍ ചിലരും നടികളുമായി കുഴഞ്ഞാടാന്‍ തുടങ്ങി. സിനിമാ രംഗത്തു ശുദ്ധവായുപോലെ അത്യന്താപേക്ഷിതമാണിതൊക്കെ എന്നാണവര്‍ ധരിച്ചിരുന്നത്. നടികളില്‍ ചിലരെ തങ്ങള്‍ക്ക് വിട്ടുകിട്ടണമെന്നവര് തമ്പുരാനോട് പറഞ്ഞു. വളരെ അറപ്പോടെയാണ് തമ്പുരാനിതു കേട്ടത്. ഇതിന് തമ്പുരാന് സഹകരിക്കാതിരുന്നപ്പോള്‍ കമ്പനിയുടെ പങ്കാളികളും തമ്പുരാനും തമ്മില്‍ മുറുമുറുപ്പായി…”
ചേലങ്ങാട്ടിന്റെ ഭൂരിഭാഗം കുറിപ്പുകളിലും ചിത്രങ്ങളുടെ അണിയറകളിലെ ലൈംഗിക അരാജകത്വത്തെക്കുറിച്ച് ഈവിധം പരാമര്‍ശങ്ങള്‍ കാണാം. സിനിമയില്‍ അങ്ങനെ സംഭവിക്കുന്നില്ലെന്ന് വാദിക്കുന്നില്ല; അങ്ങനെയും ചിലയിടങ്ങളില്‍ സംഭവിക്കാം. പക്ഷെ അത് സിനിമയില്‍ മാത്രമാണോ? ഏത് മേഖലയാണ് പൂര്‍ണമായും ഇത്തരം ഭ്രംശങ്ങളില്‍ നിന്നൊഴിവായിട്ടുള്ളത്. സമൂഹത്തിലെ മൊത്തത്തിലുള്ള ചാപല്യത്തിന്റെ ഒരംശം; അത്രയേ അതിനെ കാണേണ്ടതുള്ളൂ. അത് ചികഞ്ഞെടുത്തു അടയാളപ്പെടുത്തുന്നതില്‍ സിനിമയെ സ്നേഹിക്കുകയും അതില്‍ മുഴുകാനായി ജന്മം മുഴുവന്‍ ചിലവഴിക്കുകയും ചെയ്ത ഈ ജ്യേഷ്ഠ സുഹൃത്ത് വ്യഗ്രതപ്പെട്ടു കാണുന്നത് ദുഃഖകരമാണ്.
തൃശൂരിലെ സീതാറാം സ്പിന്നിങ് മില്‍സിന്റെ സ്ഥാപക ഡയറക്ടര്‍മാരിലൊരാളായിരുന്ന അപ്പന് തമ്പുരാന് അവിടത്തെ തൊഴിലാളികള്‍ സമരത്തിനിറങ്ങിയപ്പോള്‍ മാനേജ്മെന്റിന്റെ കൂടെ നില്‍ക്കുന്നതിനുപകരം തൊഴിലാളികള്‍ക്കനുകൂലമായ നിലപാടാണെടുത്തത്. അതോടെ മില്ലിന്റെ മറ്റു ഡയറക്ടര്‍മാരായ പണക്കാരുടെ കണ്ണിലെ കരടായി അദ്ദേഹം മാറിയതാണ് മറ്റൊരു കാരണം.
1924 ല്‍ (1099 ല്‍) ഉണ്ടായ വെള്ളപ്പൊക്കത്തില്‍ പെട്ട് കുടിലുകള്‍ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനും അവര്‍ക്കാഹാരം നല്കാനുമായി ഓലയും മുളയും കപ്പയും അരിയും ഉന്തുവണ്ടിയില്‍ കയറ്റി അഞ്ചു മൈല്‍ ദൂരം അപ്പന് തമ്പുരാന് ഒറ്റയ്ക്ക് വലിച്ചുകൊണ്ടുപോയതും വിലങ്ങല്‍ സ്കൂളിലെ ഹരിജന്‍ വിദ്യാര്‍ത്ഥികളോട് ചേര്‍ന്ന് തമ്പുരാന് സ്കൂള്‍ മുറ്റം തൂക്കുമായിരുന്നതും, രണ്ടും, തൃശൂരിലെ ഉന്നതന്മാര്ക്ക് രസിക്കാത്തതാണത്രെ ഇനിയൊരു കാരണം!
ശ്രീരാമകൃഷ്ണ മിഷന് ധനം കൊടുത്തു വിവേകോദയം വിദ്യാലയാധികൃതരെ ഭരമേല്പ്പിച്ചതായിരുന്നു 1924 ലെ വെള്ളപ്പൊക്ക ദുരിതനിവാരണ ദൗത്യം. അതിന് നേതൃത്വം കൊടുത്തത് അപ്പന് തമ്പുരാനാണ്. ഗൃഹനിര്‍മാണത്തിനുള്ള ഓലയും മുളയും ഉന്തുവണ്ടിയില്‍ കയറ്റി അഞ്ചുമൈലകലെയുള്ള ദുരിതബാധിത സ്ഥലത്തെത്തിക്കണം. എല്ലാവരും ചേര്‍ന്നാല്‍ നിസ്സാരമായി ചെയ്യാനാവുന്ന കാര്യം. പക്ഷെ പൊതുനിരത്തിലൂടെ ഉന്തുവണ്ടി വലിക്കാനും തള്ളാനും സഹാദ്ധ്യാപകര്ക്കു വൈമനസ്യം. അവര്‍ ശങ്കിച്ചു പമ്മിനിന്നപ്പോള്, ”രണ്ടാംമുണ്ട് തലയില്‍ കെട്ടി അരമുണ്ടുകയറ്റിയുടുത്തു അപ്പന് തമ്പുരാന് മുന്നിട്ടിറങ്ങി വണ്ടി വലിച്ചു.” അതുകണ്ട് ഉത്തേജിതരായി സങ്കോചം വിട്ടു മറ്റദ്ധ്യാപകരും കൂടെ ചേര്‍ന്നു. ഇങ്ങനെയാണ് സംഭവമെന്ന് ‘എന്റെ അച്ഛന്’ എന്ന ലേഖനത്തില്‍ തമ്പുരാന്റെ മകന് വി.എം.കുട്ടികൃഷ്ണ മേനോന് രേഖപ്പെടുത്തുന്നു.
പഴി പറയുമ്പോഴും ഗുണവശം രേഖപ്പെടുത്തുമ്പോഴും ഒരുപോലെ അതിശയോക്തി ചേലങ്ങാടന് ബലഹീനത എന്നു സാരം!ജര്‍മനിയില്‍നിന്ന് ചെമ്പകരാമന്‍ പിള്ള, എംഡന് എന്ന മുങ്ങിക്കപ്പലില്‍ കയറി കൊച്ചിക്കു പടിഞ്ഞാറുവശത്തുള്ള കടലില്‍ എത്തി, ആസന്നമായ ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യസമരത്തില്‍ നാട്ടുരാജാക്കന്മാരുടെ സഹകരണം തേടുന്നതിന്റെ ഭാഗമായി ഒരു മുക്കുവന്റെ വേഷത്തില്‍ വള്ളത്തില്‍ കയറി തൃപ്പൂണിത്തുറയിലെത്തി വലിയ രാമവര്‍മ മഹാരാജാവുമായി സംഭാഷണം നടത്തി. ആ വിവരം ബ്രിട്ടീഷ് അധികാരികള്‍ അറിഞ്ഞതോടെ രാജാവ് അവര്‍ക്ക് അനഭിമതനായെന്നും അദ്ദേഹത്തിന് സ്ഥാനത്യാഗം ചെയ്യേണ്ടി വന്നുവെന്നും വിവരിച്ചുകൊണ്ട് മഹാരാജാവിന്റെ അനന്തിരവനായ അപ്പന് തമ്പുരാനോട് ഇളമുറ തമ്പുരാന്മാര്ക്ക് താല്പര്യമില്ലാതെയായതാണ് ആ വഴി ധനസഹായം ലഭിക്കാതെ വന്നതിന് കാരണമെന്നും ചേലക്കാട്ട് സമര്‍ത്ഥിക്കുന്നു.
ജര്‍മനിയുടെ എസ്എംഎസ് എംഡന് 1914 സപ്തംബര്‍ 22 ന് മദിരാശി തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ബ്രിട്ടീഷ് എണ്ണക്കപ്പലുകള്‍ പീരങ്കി നിറയൊഴിച്ചു കത്തിച്ച സംഭവം ചരിത്രത്തിലുണ്ട്. ലോകചരിത്രത്തില്‍ ഏറ്റവും വിനാശം വിതച്ച ഈ കപ്പല്‍ മദിരാശിയില്‍ നിന്ന് കൊച്ചിക്കടലിലേക്ക് കടന്ന് 1914 ഒക്ടോബറില്‍ ലക്ഷദ്വീപ്- മിനിക്കോയി പരിസരത്ത് അഞ്ചു ദിവസം തങ്ങി അഞ്ച് ബ്രിട്ടീഷ് കപ്പലുകളെ മുക്കി. എന്നാല്‍ യാത്രക്കാരെ ആരെയും കൊന്നില്ല. ലങ്കയില്‍നിന്ന് ന്യൂയോര്‍ക്കിലേക്ക് കരിമ്പുമായി പോയ സെന്റ് എഗ്ബേര്‍ട്ട് എന്ന കപ്പല്‍ പിടിച്ചെടുത്ത് ബ്രിട്ടീഷ് കപ്പലുകളിലെ 350 ഓളം യാത്രക്കാരെ സുരക്ഷിതമായി കൊച്ചി തുറമുഖത്തേക്കയച്ചു.
ഇതേ ചൊല്ലി പിന്നീടൊരുപാടു കഥകളുണ്ടായി: ”എംഡനിലെ രണ്ടാമത്തെ കമാന്റിങ് ഓഫീസര്‍ ചെമ്പക രാമന്‍പിള്ളയായിരുന്നു, എഗ്ബേര്‍ട്ട് കപ്പലില്‍ കയറി കൊച്ചിയില്‍ വന്ന ജര്‍മന്‍ നാവികരില്‍ ചിലര്‍ നഗരത്തിലെ യഹൂദ ഭവനത്തില്‍ നിന്ന് ഭക്ഷണം കഴിച്ചു; അക്കൂട്ടത്തില്‍ ചെമ്പകരാമന്‍ പിള്ളയുമുണ്ടായിരുന്നു എന്നും മറ്റും… എംഡനില്‍ വന്നു ചെമ്പകരാമന്‍പിള്ള കൊച്ചിയില്‍ ഇറങ്ങിയതായി അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി ഭായി പിന്നീട് പറഞ്ഞിട്ടുമുണ്ട്.
എന്നാല്‍ എംഡന് കപ്പല്‍ ഇന്ത്യന്‍ സമുദ്രത്തിലുണ്ടായിരുന്ന രണ്ടരമാസം ചെമ്പകരാമന്‍ പിള്ള ബര്‍ലിനില്‍ തിരക്കിട്ട രാഷ്ട്രീയ പരിപാടികളിലായിരുന്നുവെന്നാണ് രേഖകള്‍ കാണിക്കുന്നത്.
കഥകള്‍ എന്തായാലും നാസികളുടെ തേര്‍വാഴ്ച നാളുകളില്‍ അതിഭീകരമായ മര്‍ദ്ദനമേറ്റ ചെമ്പകരാമന്‍പിള്ള തലച്ചോറില്‍ രക്തം കട്ടപിടിച്ചു രോഗിയായി മതിയായ ചികിത്സ ലഭിക്കാതെ സാധാരണ നഴ്സിങ് ഹോമില്‍ കിടന്നു 1934 മെയ് 28 ന് മരണമടഞ്ഞതായാണ് അദ്ദേഹത്തിന്റെ ജീവചരിത്രക്കുറിപ്പില്‍ കാണുന്നത്. ഭൂരതായരുടെ ശ്രമകാലം അതും കഴിഞ്ഞു1939 ലായിരുന്നു! ചേലങ്ങാട്ടിന്റെ അനുപാതപ്പെടുത്തല് ഇവിടെ ചരിത്രവിരുദ്ധമാകുന്നു.
സംവിധായകനായ എസ്.നൊട്ടാണി ‘ജ്ഞാനാംബിക’യുടെ ജോലികള്‍ പൂര്‍ത്തിയാക്കി ഭാര്യാസമേതമാണ് തൃശൂരിലെത്തിയത്. അവരുടെ വിവാഹം കഴിഞ്ഞിട്ട് ഏറെയായിരുന്നില്ല. ഭാര്യ ഗര്‍ഭിണിയായിരുന്നു.
രാജപദവിയിലുള്ള സ്വീകരണവും താമസസൗകര്യവുമാണ് നൊട്ടാണി ദമ്പതികള്‍ക്ക് അപ്പന് തമ്പുരാന് ഒരുക്കിയിരുന്നതെന്ന് വര്‍ണിച്ചശേഷം ചേലങ്ങാട് ഇത്രകൂടി പറയുന്നു:
”ഒരു സംവിധായകനോടു ഇത്ര മാന്യമായി പെരുമാറിയ മറ്റൊരു നിര്‍മാതാവ് ഇതുവരെ മലയാള സിനിമയിലുണ്ടായിട്ടില്ല!”റിഹേഴ്സലിനിടയില്‍ നൊട്ടാണിയുടെ ഭാര്യ പ്രസവിച്ചു; പെണ്‍കുഞ്ഞ് ‘ഭൂതരായ’രിലെ ‘ഓമല’ എന്ന പേര് എങ്ങനെയോ മനസ്സിനിണങ്ങി നൊട്ടാണി കുഞ്ഞിന് ‘ഓമല’ എന്നു പേരുമിട്ടു.
പിന്നീടാണ് ‘ഭൂതരായ’രുടെ നിര്‍മാണം നിറുത്തിവയ്ക്കാന്‍ നിര്‍ബന്ധിതമായ സാഹചര്യം ഉണ്ടായത്.
തന്മൂലം തമ്പുരാനുണ്ടായ നഷ്ടങ്ങളെക്കുറിച്ചല്ലാതെ നൊട്ടാണി ദമ്പതികള്‍ക്കോ നടീനടന്മാര്‍ക്കോ അതേത്തുടര്‍ന്നുണ്ടായ ദുരിതപ്പാടുകളെക്കുറിച്ചൊരക്ഷരം പോലും ഡോ.കെ.ടി.രാമവര്‍മയുടെ ജീവചരിത്ര ഗ്രന്ഥത്തിലില്ല. അതിനുള്ള ന്യായജാമ്യം മുന്‍കൂറായി എടുത്തിരുന്നുവല്ലോ. ”ചത്തകുട്ടിയുടെ ജാതകം നോക്കുന്നതെന്തിന്?”
നിര്‍മാണം നിറുത്തിവയ്ക്കുമ്പോള്‍ അഭിനേതാക്കള്‍ക്ക് ആഹാരം നല്കുവാനുള്ള സാഹചര്യം പോലും ഇല്ലായിരുന്നു. കൊച്ചി രാജാവിനെ കണ്ട് ഒരവസാന ശ്രമത്തിനായി തമ്പുരാന് തൃപ്പൂണിത്തുറക്ക് പോയി. ശ്രമം വിഫലമായി. തൃശൂരിലെ പാചകക്കാരും സേവകരും സ്ഥലം വിട്ടശേഷമുള്ള അവസ്ഥ ചേലങ്ങാട്ട് ഇപ്രകാരമാണ് വിവരിക്കുന്നത്.
”നടികളും നടന്മാരും അവരുടെ കൈയിലുണ്ടായിരുന്ന ആഭരണങ്ങള്‍ വിറ്റ് സ്ഥലം വിട്ടു.
”…. എസ്പി പിള്ള തൃശൂരില്‍ നിന്ന് ചെറുതുരുത്തിവരെ നടന്ന് കലാമണ്ഡലത്തില്‍ വള്ളത്തോളിനെ അഭയം പ്രാപിച്ചു കഥകളി പഠിക്കാന്‍ ചേര്‍ന്നു.
”നൊട്ടാണിയും ഭാര്യയും മാത്രം പിടിച്ചുനിന്നു…”
എങ്ങനെ പിടിച്ചുനിന്നു എന്നുകൂടി അറിയുക:
”നൊട്ടാണി തന്റെ പത്നിയുടെ വക ആഭരണങ്ങള്‍ ഓരോന്നായി വിറ്റു ചെലവുകള്‍ നടത്താന്‍ തുടങ്ങി. പലചരക്കു കടയില്‍ പോയി നൊട്ടാണി പലചരക്കുകള്‍ വാങ്ങിക്കൊണ്ടുവരും. ഭാര്യ അത് പാചകം നടത്തും എന്ന നിലയിലായി!”
”…അപ്പന് തമ്പുരാന് മടങ്ങി
”….ഭാര്യയുടെ കമ്മലും മാലയും വിറ്റു കിട്ടിയ കാശുമായി രാത്രിയില്‍ നൊട്ടാണിയും പത്നിയും മൂന്നാം ക്ലാസ് കമ്പാര്‍ട്ടുമെന്റില്‍ കയറി ബോംബെയ്ക്ക് പോയി. യാചകരും രോഗികളും ഗ്രാമീണരും തിങ്ങിനിറഞ്ഞ മൂന്നാം ക്ലാസ് കമ്പാര്‍ട്ട്മെന്റിന്റെ ഒരു കോണില്‍ നൊട്ടാണിയും ഭാര്യയും അവരുടെ മടിയില്‍ തുണിയില്‍ പൊതിഞ്ഞ മൊട്ടക്കുഞ്ഞുമായി ഒതുങ്ങിയിരുന്നു. രണ്ടു പകലും രണ്ടു രാവും കഴിച്ചുകൂട്ടി അവര്‍ ബോംബെയിലെ ദാദര്‍ സ്റ്റേഷനില്‍ വണ്ടിയിറങ്ങി.
ബോംബെ ടാക്കീസിലെ സര്‍വാധികാരിയായിരുന്ന നൊട്ടാണിക്കാണ് മലയാളക്കരയില്‍ ഈ ദുരനുഭവം എന്നോര്‍ക്കണം. ആ അവസ്ഥയില്‍ എന്തായാലും,
”സ്വന്തം വീട്ടിലേയ്ക്കോ സ്വന്തക്കാരുടെയടുക്കലേക്കോ പോകാന്‍ നൊട്ടാണിയ്ക്ക് മനസ്സുവന്നില്ല. നേരെ ഒരു പരിചയക്കാരന്റെ വീട്ടിലേക്ക് നടന്നുചെന്നു.
ബോംബെ നാളുകളില്‍ അതീവ സുന്ദരനായിരുന്നു നൊട്ടാണി. സായപിനെപ്പോലെ വെളുത്തനിറം. അല്‍പ്പം നീണ്ട മുഖം. തിളക്കമുള്ള കണ്ണുകള്‍. ഒരു വശത്തേയ്ക്ക് ചീകി ഒതുക്കിവച്ച സമൃദ്ധമായ മുടി. വെള്ളപ്പാന്റും വെള്ള ഫുള്‍കൈ ഷര്‍ട്ടും ടൈയും. സ്ഫുടശുദ്ധമായ ഇംഗ്ലീഷ് നിര്‍ബാധം നാവില്‍. ഹിന്ദി ചലച്ചിത്രങ്ങളില്‍ അന്നഭിനയിച്ചിരുന്ന ഏതു നായകനടനേക്കാളും സുമുഖന്‍. ആ നൊട്ടാണി പിച്ചള നിറം പകര്‍ന്നു മുഷിഞ്ഞ വസ്ത്രവും ചപ്രച്ച തലമുടിയുമായി വാതില്ക്കല് നിന്നപ്പോള്‍ ആദ്യം ആ വീട്ടുകാര്‍ക്ക് ആളെ മനസ്സിലായില്ല. പരിചയപ്പെടുത്തേണ്ടിവന്നു.
”മനസ്സിലായപ്പോള്‍ അകത്തേക്ക് വിളിച്ച് കുളിക്കാനിടം കൊടുത്തു. ഭക്ഷണം കൊടുത്തു. അവര്‍ക്ക് താമസിക്കാനായി കെട്ടിടത്തോടു ചേര്‍ന്ന ചായ്പ് കൊടുത്തു.
”എന്നും രാവിലെ ജോലി തേടി നൊട്ടാണി പുറത്തുപോകും. വൈകുന്നേരം വെറും കൈയോടെ വരും. നൊട്ടാണിയുടെ ഭാര്യക്കും കുഞ്ഞിനും ആ വീട്ടുകാര്‍ ആഹാരം കൊടുക്കും. ഇങ്ങനെ നാലഞ്ചുദിവസം കഴിഞ്ഞപ്പോള്‍ നൊട്ടാണിയുടെ ഭാര്യ ആ വീട്ടുകാരോട് തനിക്ക് തയ്യല്‍ അറിയാമെന്നു പറഞ്ഞു. ആ വീട്ടിലെ പഴയ തയ്യല്‍ മെഷ്യന് അവര്‍ക്ക് തയ്ക്കാനായി കൊടുത്തു. ആദ്യം ആ വീട്ടിലെ പഴയ തുണികള്‍ തയ്ക്കാനായി കൊടുത്തു. പിന്നെ അടുത്ത പാഴ്സി കുടുംബങ്ങളുടെ വക തുണികള്‍ അവര്‍ വാങ്ങി തയ്ക്കാന്‍ കൊടുത്തു. ഇപ്പോള്‍ പത്തു കാശ് തയ്ച്ചു കിട്ടാന്‍ തുടങ്ങി…
ആ ചില്ലറക്കാശ് പിന്നെ പെരുകി വലുതായതും നൊട്ടാണിയും ഭാര്യയും ഭാരതത്തിലെ മാത്രമല്ല, ലോകത്തിലെ തന്നെ പേരുകേട്ട വ്യവസായ സാമ്രാജ്യത്തിനുടമകളായതും ഏത് കല്പിത കഥയേയും അതിശയിപ്പിക്കുന്ന വിസ്മയകഥ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: