ഒക്ടോബര്‍ 6 വ്യാഴാഴ്ച്ച എറണാകുളം കലൂര്‍ ശ്രീരാമകൃഷ്ണ സേവാശ്രമത്തിന്റെ മുറ്റത്തേക്ക് അതിരാവിലെ മുതല്‍ വിതുമ്പി കരഞ്ഞുകൊണ്ടോടി വരികയായിരുന്നു എവിടെയൊക്കെയോ നിന്ന് ഏതൊക്കെയോ പെണ്‍കുട്ടികള്‍. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി കൂട്ടം കൂടി നിന്ന അവരുടെ ഭാവി തിരുത്തിയെഴുതിയത് ഒരാള്‍ തന്നെയായിരുന്നു. അദ്ദേഹമാണ് അവരെ പേടിയില്ലാതെ ജീവിക്കാനും നല്ല ഭാവി സ്വപ്നം കാണാനും ശീലിപ്പിച്ചത്. അവരുടെ യാത്രകളില്‍ ഉറങ്ങാതെ കാവലിരുന്ന് മംഗളമരുളിയത്. അതേ മനുഷ്യനാണ് ഇനിയൊരിക്കലും കണ്ണൊന്ന് തുറക്കാനും മോളേ എന്ന് വാത്സല്യത്തോടെ വിളിക്കാനുമാകാതെ ചലനമറ്റ് ആശ്രമമുറ്റത്ത് ശാന്തമായി ഉറങ്ങിക്കിടന്നിരുന്നതും.
ശ്രീരാമകൃഷ്ണാശ്രമത്തിലെ നാലാം നിലയിലെ ഒറ്റമുറിക്ക് മുന്നില്‍ അപ്പോള്‍ ശൂന്യമായ കസേര ബാക്കിയുണ്ടായിരുന്നു. പാതി തുറന്നു കിടന്ന വാതിലിലൂടെ കാണാമായിരുന്നു ആളൊഴിഞ്ഞ അകം. വായിച്ചു മാറ്റി വച്ച പുസ്തകങ്ങള്‍, പത്രക്കെട്ടുകള്‍.. ഈ മുറിയിലുണ്ടായിരുന്നു കഴിഞ്ഞ രണ്ട് ശതാബ്ദത്തിലേറെയായി നാരായണ സ്വാമി എന്നൊരാള്‍. ഇവിടെ കഴിഞ്ഞിരുന്ന ആ മനുഷ്യനാണ് രാവും പകലും കണക്കുകൂട്ടി ഒരുപാട് ജീവിതങ്ങള്‍ കരുപിടിപ്പിച്ചത്. എനിക്കെന്നും എന്റേതെന്നുമുള്ള ആര്‍ത്തിയില്‍ ലോകം പുറത്ത് കുതിച്ചുപായുമ്പോള്‍ വരാന്തക്കോണിലെ ആ ചാരുകസേരയില്‍ അത്രമേല്‍ ശാന്തനായിരുന്നു അദ്ദേഹം. ‘എന്റെ’ എന്ന വാക്ക് അന്യമായിരുന്നു നാരായണ സ്വാമിക്ക്. തനിക്ക് വേണ്ടി സ്വപ്നങ്ങള്‍ കാണാതെ, സ്വയം കരുതലില്ലാതെ തീര്‍ത്തും നിശബ്ദനായി സ്വാമി നടത്തിയ വിപ്ലവം പുറംലോകത്ത് അധികമാരുമറിഞ്ഞില്ല. അറിയരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്.
സ്വാമിയുടെ ശരീരവുമായി ആംബുലന്‍സ് ആശ്രമം വിട്ടപ്പോഴാണ് ചെറിയ പെണ്‍കുട്ടിയും വൃദ്ധനും ഓടിപ്പാഞ്ഞെത്തിയത്. സ്വാമി അങ്കിളിനെ അവസാനമായി കാണാന്‍ സാധിക്കാത്തതില്‍ നിരാശയും സങ്കടവും സ്കൂള്‍ യൂണിഫോമിലെത്തിയ ആ ചെറിയ പെണ്‍കുട്ടിയുടെ വലിയ കണ്ണുകളില്‍ നിറഞ്ഞു തുളുമ്പി നിന്നു. ഊമയും ബധിരരുമായ അച്ഛനമ്മമാര്‍ക്ക് മകളെ പഠിപ്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ സ്വാമി ആശ്രയമായി. പത്താംക്ലാസ് മുതല്‍ ഗവേഷണം വരെ നടത്തുന്ന പെണ്‍കുട്ടികളുടെ പട്ടികയില്‍ അങ്ങനെ ഒരു എട്ടാംക്ലാസുകാരിയും സ്ഥാനം പിടിച്ചു. നിറയെ സങ്കടമായിരുന്നു ആ കുഞ്ഞുമുഖത്ത്. മാമന്റെ ഏറ്റവും ഇളയ മകളെ വാത്സല്യത്തോടെയും സങ്കടത്തോടെയും ആശ്വസിപ്പിക്കാനെത്തി മുതിര്‍ന്ന ചേച്ചിമാര്. സ്വാമി അങ്കിള്‍ എന്നും മാമന് എന്നുമൊക്കെ കുട്ടികള്‍ അവരുടെ ഇഷ്ടം പോലെ നാരായണ സ്വാമിയെ വിളിച്ചിരുന്നു. എല്ലാ സംബോധനകളിലും സ്വന്തം പിതാവിനോടെന്നപോലെ സ്നേഹവും ആദരവും അവര്‍ നിറച്ചു. സ്വന്തം വീട്ടില്‍ ലഭിക്കുന്നതിലും ഇരട്ടി വാത്സല്യവും കരുതലും നല്കി മാമന് അവരെ ഹൃദയത്തില്‍ ചേര്‍ത്തുപിടിച്ചു. അഗാധവും അസാധാരണവുമാണ് ചില മനുഷ്യബന്ധങ്ങള്‍.
പെണ്മക്കളെ സ്വയം പര്യാപ്തരാക്കണമെന്ന് നിര്‍ബന്ധമുള്ള അച്ഛന്റെ മകനായിരുന്നു നാരായണസ്വാമി. പെണ്‍കുട്ടികളാണ് നാളത്തെ അമ്മമാരെന്നും അമ്മ നന്നായാല്‍ കുടുംബം നന്നാകുമെന്നും അങ്ങനെ സമൂഹം നന്നാകുമെന്നും അച്ഛന് മകനെ ബോധ്യപ്പെടുത്തിയിരുന്നു. സഹോദരിമാരുടെ വിദ്യാഭ്യാസത്തില്‍ കാണിക്കുന്ന ശ്രദ്ധ തങ്ങളോടില്ലെന്ന് പരിഭവിച്ചപ്പോള്‍ കൈ പിടിച്ച് സമീപത്തെ പാറമടയിലെത്തിച്ച പിതാവ് പറഞ്ഞു കൊടുത്തത്, പാറ പൊട്ടിച്ചെറിയാനുള്ള കരുത്ത് പുരുഷന്റേത് മാത്രമാണെന്നും അത് സ്ത്രീയുടെ ജോലിയല്ലെന്നുമായിരുന്നു. എന്ത് ജോലിയും ചെയ്ത് ജീവിക്കാന്‍ കഴിയാത്ത പെണ്‍കുട്ടികള്‍ പഠിച്ച് നല്ല ജോലി കണ്ടെത്തണമെന്ന നിര്‍ബന്ധം സ്വാമിക്കുണ്ടായതും അങ്ങനെയായിരുന്നു.
നന്മ മാത്രം പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കുടുംബത്തിന്റെ ധന്യതയിലായിരുന്നു നാരായണ സ്വാമിയുടെ ജീവിതം. അകാലത്തില്‍ അന്തരിച്ച, അമേരിക്കയില്‍ പ്രൊഫസറായിരുന്ന ജ്യേഷ്ഠന് ഭുവനേശ്വരന്റെ ജീവിതവും അനുജന് പ്രചോദനമായി. ഒട്ടേറെപ്പേരുടെ ജീവിതത്തില്‍ കൈയൊപ്പ് ചാര്‍ത്തിയ വ്യക്തിയായിരുന്നു ജ്യേഷ്ഠനെന്ന് അനുജന് മനസിലാക്കിയത് അദ്ദേഹത്തിന്റെ മരണശേഷമായിരുന്നു. കേന്ദ്രസര്‍ക്കാരില്‍ കെമിക്കല്‍ എന്‍ജിനീയറായിരിന്ന സ്വാമി പിന്നീട് വിപ്രോയില്‍ ഉദ്യോഗസ്ഥനായി. ജോലി മതിയാക്കി വിശ്രമ ജീവിതം തിരഞ്ഞെടുക്കുമ്പോഴാണ് അവിവാഹിതനായ സ്വാമിയുടെ മുന്നില്‍ ഇനിയെന്ത് എന്ന ചോദ്യം ഉയര്‍ന്നത്. അതിനുള്ള ഉത്തരമായിരുന്നു കേരളത്തിലേക്കുള്ള യാത്രയും പാവപ്പെട്ട വിദ്യാര്‍ത്ഥികളെ ഏറ്റെടുക്കലും. അവസാന ശ്വാസം വരെ ഏറ്റെടുത്ത ദൗത്യത്തിനായി ജീവിക്കുമെന്ന് ഉറപ്പിച്ച സ്വാമി ഇതിനിടയില്‍ ട്രസ്റ്റും രൂപീകരിച്ചു. എങ്ങനെ ജീവിക്കണമെന്ന് പറഞ്ഞുതന്ന് വളര്‍ത്തിയ അച്ഛന്റേയും അമ്മയുടേയും ജ്യേഷ്ഠന്റെയും ഓര്‍മ്മയിലാണ് മുക്താബംരം ഭുവനേശ്വരന്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റുണ്ടായത്.
തണല്‍ തേടാതെ തണല്‍ പരത്തിയ മഹാവൃക്ഷമായിരുന്നു സ്വാമി. ആ നിഴലില്‍ വളര്‍ന്നവര്‍ക്കറിയാം അതിന്റെ ധന്യത. സ്വാമിയുടെ അനുഗ്രഹം താങ്ങിനിര്‍ത്തിയ ജീവിതത്തില്‍ സുരക്ഷിതരായവര്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകും. വരുംകാലങ്ങളിലും പഠിക്കാന്‍ പണമില്ലാത്ത കുട്ടികളെ അവര്‍ കണ്ടെത്തും. താങ്ങായി കൂടെ നിന്ന് ആ ജീവിതങ്ങള്‍ക്ക് വെളിച്ചമേകും. സ്വാമി തുടങ്ങിവച്ച ദൗത്യം അങ്ങനെതന്നെ തുടരും. മുക്താബംരം ഭുവനേശ്വരന്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റ് ഭാരവാഹികള്‍ സ്വാമിയുടെ മരണദിനത്തില്‍ തന്നെ ആ ഉറപ്പ് അദ്ദേഹത്തിന്റെ കുട്ടികള്‍ക്ക് നല്‍കിയിട്ടുണ്ട്.
കേരളത്തിലെ ഏതൊക്കെയോ ഗ്രാമങ്ങളില്‍ അഷ്ടിക്ക് വകയില്ലാതെ വിദ്യാഭ്യാസം അവസാനിപ്പിക്കാനൊരുങ്ങിയ ഒരുപാടുപേരുടെ സ്വപ്നങ്ങള്‍ക്കാണ് സ്വാമി നിറം നല്‍കിയത്. അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ ദൈവദൂതനെപ്പോലെ അവരുടെ ജീവിതത്തിലേക്ക് കടന്നു ചെന്നത്. നാരായണ സ്വാമി ജന്മംകൊണ്ട് മലയാളിയാണ്. പഠിച്ചതും വളര്‍ന്നതുമെല്ലാം ബോംബെയില്‍. ബോംബെ സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന ലളിതയും സരോജവും സഹോദരിമാര്‍. എന്തായാലും ഔദ്യോഗിക ജീവിതത്തിന് ശേഷം കേരളത്തിലേക്കുള്ള നാരായണ സ്വാമിയുടെ യാത്ര നിയോഗമായിരുന്നു. ആ നിയോഗം എങ്ങനെ സഫലമായെന്നതിന്റെ സാക്ഷ്യപ്പെടുത്തലായിരുന്നു ഒക്ടോബര്‍ ആറിന് കലൂരിലെ ആശ്രമമുറ്റത്തെ കാഴ്ച്ച.
ബ്രാഹ്മണനായിരുന്നിട്ടും മരണാനന്തര കര്‍മ്മങ്ങളില്‍ നാരായണ സ്വാമി വിശ്വസിച്ചില്ല. അദ്ദേഹത്തിന്റെ നിര്യാണമറിഞ്ഞ് സംസ്കാരം എപ്പോള്‍, എവിടെ എന്ന പതിവ് ചോദ്യത്തിന് അതുകൊണ്ടാണ് പതിവല്ലാത്ത ഉത്തരം കിട്ടിയതും. കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സെപ്സിമെനാണ് സ്വാമിയുടെ ശരീരം ഇപ്പോള്‍. കീറി മുറിച്ച് പഠിക്കുന്ന ശരീരമാരുടേതാണെന്നോ അദ്ദേഹം ഭൂമിയില്‍ അവശേഷിപ്പിച്ചുപോയ പുണ്യം എത്ര വലുതാണെന്നോ അവര്‍ക്കറിയില്ല. അതറിയുന്നവരുണ്ടെങ്കില്‍ തണുത്തുറഞ്ഞുപോയ ആ ശരീരത്തിന് മുന്നില്‍നമസ്ക്കരിക്കാതെ തരമില്ല.
എല്ലാ ചിന്തകളും പ്രവൃത്തികളും ഭാവാത്മകമാകുമ്പോള്‍ നല്ലതല്ലാതെ ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പുണ്ടായിരുന്നു നാരായണ സ്വാമിക്ക്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചിരുന്നുമില്ല. ഭക്ഷണം ഉണ്ടാക്കാനും വസ്ത്രം കഴുകാനും സാധനങ്ങള്‍ വാങ്ങാനും അദ്ദേഹം ആരെയും ആശ്രയിച്ചില്ല. ് ഒരു സഹായവും ആരോടും ചോദിച്ചില്ല. ട്രസ്റ്റ് രൂപീകരിച്ചിട്ടും ആരുടേയും ധനസഹായം സ്വീകരിക്കേണ്ടിയും വന്നില്ല. മരണം തനിക്ക് മാത്രമാണെന്നും മുകളിലൊരു ശക്തിയുണ്ടെന്നും അദ്ദേഹം കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ശുഭപ്രതീക്ഷയോടെ പലവട്ടം വ്യക്തമാക്കിയിരുന്നു. സമാനതകളില്ലാത്ത ജീവിതം. സ്വന്തം കുടുംബത്തില്‍ കെട്ടിയിടപ്പെട്ടവര്‍ക്ക് അത്ഭുതത്തോടെയല്ലാതെ സ്വാമിയെ കാണാനാകില്ല. ഇങ്ങനേയും ജീവിക്കാമെന്ന് മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുക്കുകയായിരുന്നു നാരായണ സ്വാമി.
ശ്രീരാമകൃഷ്ണ സേവാശ്രമത്തിലെ അന്തേവാസികള്‍ക്ക് ജീവിതം വാനപ്രസ്ഥകാലമാണ്.
ഭഗവ്ദഗീതയും വേദാന്ത പ്രഭാഷണങ്ങളും മുഴങ്ങുന്ന സമീപമുറികളിലെ ജീവിതമായിരുന്നില്ല എണ്‍പത് പിന്നിട്ട നാരായണ സ്വാമിയുടേത്. മനസ്സും അന്തകരണവും ബുദ്ധിയും കര്‍മ്മവുമൊക്കെ വ്യാഖ്യാനിച്ചുള്ള മോക്ഷമാര്‍ഗം അദ്ദേഹത്തിന് പരിചിതമായിരുന്നില്ല. വേദാന്ത ക്ലാസിലും സ്വാമിയുണ്ടായിരുന്നുമില്ല. പകരം ഒറ്റമുറിയ്ക്കുമുന്നിലെ കസേരയിലിരുന്ന് സ്വാമി തന്റെ കുട്ടികളെ മാത്രം ഓര്‍ത്തു. അവരുടെ ഭാവി ഭദ്രമാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്ക്കരിച്ചു. വാത്സല്യനിധിയായ ഒരച്ഛന്റെ വേവലാതിയോടെ അവര്‍ക്ക് നല്കാന് കഴിയുന്ന മികച്ച കോഴ്സുകള്‍ തിരഞ്ഞു കണ്ടുപിടിച്ചു. ഈശ്വരവിശ്വാസത്തിന് ഒട്ടും കുറവില്ലെങ്കിലും ഹൃദയമാണ് അമ്പലമെന്നും പ്രിയപ്പെട്ട കുട്ടികളാണ് ദൈവമെന്നും വിശ്വസിച്ചു. അതുകൊണ്ടു തന്നെ ഈശ്വരപൂജപോലെ നിസ്വാര്‍ത്ഥവും ശുദ്ധവും തെളിച്ചമേറിയതുമായി ആ ജീവിതം. അനേക ജന്മങ്ങളില് ഒരിക്കല്‍ മാത്രം സംഭവിക്കുന്ന സാഫല്യം. ആ സഫല ജന്മത്തിന്റെ സാന്നിധ്യമറിഞ്ഞവരും ധന്യര്‍. എന്തെന്നാല്‍ അതൊരു തിരിച്ചറിവാണ് ഓര്‍മ്മപ്പെടുത്തലാണ്, സ്വയം പരിശോധിക്കലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: