തൃശൂര്‍: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും പത്ത് മാസം മുമ്പ് തട്ടിക്കൊണ്ടുപോയ ഒന്നര വയസ്സുകാരിയെ കണ്ടെത്തി.
കുട്ടിയെ തട്ടിയെടുത്ത സംഭവത്തില്‍ ഭാര്യയും ഭര്‍ത്താവും പിടിയിലായി. തമിഴ്നാട്ടിലെ തിരുച്ചെന്തൂര്‍ ക്ഷേത്രപരിസരത്തുനിന്നുമാണ് മുത്തുകുമാര്‍ (41), ഭാര്യ സരസു (40) എന്നിവരെ അറസ്റ്റുചെയ്തത്. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ നിന്നും കഴിഞ്ഞ ക്രിസ്തുമസ് ദിവസമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
ആശുപത്രിയില്‍ ചികിത്സക്കെത്തിയ കൊല്ലം സ്വദേശി സുജയുടെ ഒന്നര വയസ്സുള്ള മകള്‍ അഭിരാമിയെയാണ് ഇവര്‍ തട്ടിയെടുത്തത്. ഗുരുവായൂരില്‍വെച്ച് പരിചയപ്പെട്ട മദ്ധ്യവയസ്കരായ ദമ്പതികള്‍ തന്റെ മകള്‍ക്ക് ഭക്ഷണം വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് തട്ടിക്കൊണ്ടു പോവുകയാണുണ്ടായതെന്ന് സുജ പറഞ്ഞു.
കുട്ടിയെ കണ്ടെത്തുന്നതിനായി അന്നത്തെ കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം പേരാമംഗലം സിഐ മണികണ്ഠന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. തമിഴും മലയാളവും ഇടകലര്‍ത്തി സംസാരിച്ചിരുന്ന അമ്പലങ്ങളില്‍ കറങ്ങിനടക്കുന്ന മധ്യവയസ്കരായ ദമ്പതികളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
ഓച്ചിറ, ചോറ്റാനിക്കര, ഏറ്റുമാനൂര്‍, കൊടുങ്ങല്ലൂര്‍, കാടാമ്പുഴ, പറശ്ശിനിക്കടവ്, മൂകാംബിക, തിരുപ്പതി, മധുര, പഴനി, നാഗര്‍കോവില്‍, വിഴുപ്പുറം എന്നിവിടങ്ങളില്‍ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദമ്പതികളെക്കുറിച്ച് തെളിവ് ലഭിച്ചത്.
ഇവര്‍ ഗുരുവായൂരില്‍ താമസിക്കുകയും കുട്ടിയുടെ അമ്മ സുജയുമായി പരിചയപ്പെടുകയും ഉണ്ടായിട്ടുണ്ടെന്ന് മനസ്സിലാക്കി. ഗുരുവായൂരില്‍ നിന്നെത്തിയ അമ്മ കുഞ്ഞിനെ തിരിച്ചറിഞ്ഞു.
സിറ്റി പോലീസ് കമ്മീഷണര്‍ ഡോ. ജെ. ഹിമേന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള നിഴല്‍ പോലീസാണ് പിടികൂടിയത്. ഗുരുവായൂര്‍ എസിപി പി.ശിവദാസന്‍, പേരാമംഗലം സിഐ മണികണ്ഠന്, ഷാഡോ പോലീസ് അംഗങ്ങളായ എസ്ഐ ഡേവിസ്, അന്‍സാര്‍, എഎസ്ഐമാരായ സുവ്രതകുമാര്‍, റാഫി, എസ്സിപിഒ ഗോപാലകൃഷ്ണന്, സിപിഒമാരായ ഉല്ലാസ്, ജീവന്, പഴനിസ്വാമി, ലിഗേഷ്, സിപിഒ രമ്യ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: