ഇരിങ്ങാലക്കുട : ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ കീഴിലുള്ള പടിയൂര്‍ പീസ് ഇന്റര്‍നാഷണന്‍ സ്കൂളില്‍ പോലിസ് അന്വേഷണം നടത്തി. സ്കൂളിലെ പഠനരീതികളും സിലബസും സംബന്ധിച്ചാണ് ഇരിങ്ങാലക്കുട എ.എസ്.പി മെറിന് ജോസഫ്, സി.ഐ സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അന്വേഷണം നടത്തിയത്. സി.ബി. എസ്.ഇ സിലബസ്സിലുള്ള സ്കൂളില്‍ മതനിരപേക്ഷതയ്ക്കെതിരായ വിഷയങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുകയായിരുന്നു ലക്ഷ്യം. വെള്ളിയാഴ്ച രാവിലെയാണ് ഉദ്യോഗസ്ഥ സംഘം സ്കൂളിലെത്തി അന്വേഷണം നടത്തിയത്. ദേശവിരുദ്ധ തീവ്രവാദ ആശയങ്ങള്‍ പാഠ്യപദ്ധതിയലുണ്ടെന്ന് മനസിലാക്കിയ രഹസ്യാന്വേഷണ സംഘം കൊച്ചിയിലെ പീസ് ഇന്റര്‍ നാഷണല്‍ സ്കൂളിനെതിരെ കേസെടുത്തിതിനു പിറകെയാണ് പടിയൂര്‍ പീസ് ഇന്റര്‍നാഷണല്‍ സ്കൂളിനെതിരെ അന്വേഷണം നടത്തുന്നത്. സ്കൂളില്‍ നിന്നും പാഠപുസ്തകങ്ങള്‍ പരിശോധനയ്ക്കായി അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: