കാസര്‍കോട്: കണ്ണൂര്‍ പിണറായിയില്‍ സിപിഎം കാപാലികര്‍ ബിജെപി പ്രവര്‍ത്തകനെ അതിനിഷ്ടൂരമായി കൊല ചെയ്ത സംഭവത്തില്‍ ജില്ലയില്‍ പ്രതിഷേധം ഇരമ്പി. വിവിധ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ കാസര്‍കോട്, കാഞ്ഞങ്ങാട് നഗരങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ സംബന്ധിച്ചു. പുതിയകോട്ടയില്‍ നിന്നാരംഭിച്ച പ്രകടനം കോട്ടച്ചേരി സര്‍ക്കിള്‍ വഴി ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗം ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് കാര്യകാരി അംഗം കെ.ബി.പ്രജില്‍ ഉദ്ഘാടനം ചെയ്തു. പോലീസ് സേനയെ കാഴ്ച്ചക്കാരാക്കി സിപിഎം അക്രമികള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടത്തുന്ന അതിക്രമങ്ങളെ വെച്ചു പൊറുപ്പിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മൂന്ന് മാസക്കാലം കേരളത്തില്‍ നൂറുകണക്കിനു വീടുകള്‍ തകര്‍ക്കപ്പെട്ടിട്ടും സ്ത്രീകളും കുട്ടികളുമുള്പ്പെടെയുള്ളവര്ക്കെതിരെ അക്രമം അഴിച്ചുവിട്ടിട്ടും കേരള മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല. ഇനിയും സിപിഎം അതിക്രമം അഴിച്ചു വിടുകയാണെങ്കില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരെ തടഞ്ഞു നിര്‍ത്താന്‍ സാധിക്കില്ലെന്നും കെ.ബി.പ്രജില്‍ മുന്നറിയിപ്പ് നല്കി. അതിന്റെ പ്രത്യാഘാതം അതിഭീകരമായിരിക്കും. മന്ത്രി ഇ.പി.ജയരാജന്റെ ആശ്രിത നിയമനത്തിനെതിരെ കണ്ണൂരില്‍ തന്നെ സിപിഎമ്മിനകത്തെ തര്‍ക്കത്തെയും ഭിന്നതയെയും വഴിതിരിച്ചു വിടാനുള്ള സിപിഎമ്മിന്റെ അടവ് നയമാണ് അക്രമം. കള്ളുഷാപ്പിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സിപിഎം പ്രവര്ത്തകന് കൊല്ലപ്പെടുന്നത്. കൊന്നവരെ പോലീസിന് പോലും ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. സിപിഎം ഇത് ആര്‍എസ്എസിന്റ തലയില്‍ കെട്ടിവെക്കുകയായിരുന്നെന്നും പ്രജില്‍ പറഞ്ഞു.
സേവാഭാരതി പ്രവര്‍ത്തകര്‍ നിരാലംബയായ സ്ത്രീക്കു നിര്‍മ്മിച്ചു കൊണ്ടിരുന്ന വീട് നിര്‍ദ്ദയം തല്ലി തകര്‍ത്ത കാടന്മാരാണ് സിപിഎം എന്നു ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന് പറഞ്ഞു. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ സ്ത്രീകളെ തുണിയുരിഞ്ഞു അപമാനിക്കുകയാണ് സിപിഎം. സ്ത്രീകളുടെയും കുട്ടികളുടെയും വായില്‍ തുണി തിരുകി കയറ്റി അവരുടെ മുന്നിലിട്ട് ഗൃഹനാഥനെ വെട്ടിക്കൊല്ലുന്ന ഭീകരത ഇനിയും വെച്ചു പൊറുപ്പിക്കാനാവില്ലെന്നും ജനാധിപത്യ സംവിധാനത്തെ മാനിക്കുന്നതിനാലും നാട്ടില്‍ സമാധാനം പുലരണമെന്ന് ആഗ്രഹിക്കുന്നതിനാലും തിരിച്ചടിക്കില്ലെന്നും എ.വേലായുധന് പറഞ്ഞു. ആര്‍എസ്എസ് കാഞ്ഞങ്ങാട് ജില്ലാ സഹകാര്യവാഹ് പി.കൃഷ്ണന്, ബിജെപി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് എന്‍.മധു എന്നിവര്‍ പ്രതിഷേധത്തിനു നേതൃത്വം നല്കി.
കാസര്‍കോട് നടന്ന പ്രതിഷേധ പ്രകടനത്തിന് ആര്‍എസ്എസ് കാസര്‍കോട് താലൂക്ക് സംഘചാലക് ദിനേശ് മഠപ്പുര, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള.സി.നായ്ക്, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത്, സംസ്ഥാന സമിതിയംഗങ്ങളായ സുരേഷ്കുമാര്‍ ഷെട്ടി, രവീശതന്ത്രി കുണ്ടാര്‍, ജില്ലാ വൈസ് പ്രസിഡന്റ് നഞ്ചില്‍ കുഞ്ഞിരാമന്, ബിജെപി ജില്ലാ ട്രഷറര്‍ ജി.ചന്ദ്രന്, കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി ഹരീഷ് നാരംമ്പാടി, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.പി.ഹരീഷ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.ആര്.സുനില്‍, ബിഎംഎസ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.ശ്രീനിവാസന്, ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് അപ്പയ്യ നായ്ക്, പവിത്രന് കെകെപുറം, വിജയകുമാര്‍റൈ, മനുലാല്‍, തുടങ്ങിയവര്‍ നേതൃത്വം നല്കി.
കുമ്പള: കണ്ണൂരില്‍ ബിജെപി പ്രവര്ത്തകന് രമിത്തിനെ കൊല ചെയ്തതില്‍ പ്രതിഷേധിച്ച് ബിജെപി കുമ്പള പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ചിന് ബിജെപി മഞ്ചേശ്വരം മണ്ഡലം അധ്യക്ഷന്‍ സതീഷ്ചന്ദ്ര ഭണ്ഡാരി, സംസ്ഥാന സമിതിയംഗം പി.സുരേഷ്കുമാര്‍ ഷെട്ടി, ജില്ലാ വൈസ് പ്രസിഡന്റ് സത്യശങ്കര്‍ ഭട്ട്, എസ് സി-എസ്ടി മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് കെ.ശങ്കര, ബിജെപി കുമ്പള പഞ്ചായത്ത് പ്രസിഡന്റ് കെ.ശങ്കരആള്‍വ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബുഗട്ടി, മധുസൂദന്‍, പഞ്ചായത്ത് അംഗങ്ങളായ രമേഷ് ഭട്ട്, സുധാകര കാമത്ത്, സുജിത്ത്റൈ എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം സംസ്ഥാന സമിതിയംഗം അഡ്വ.ബാലകൃഷ്ണഷെട്ടി ഉദ്ഘാടനം ചെയ്തു. കണ്ണൂരില്‍ പട്ടാളത്തെ ഇറക്കണമെന്നും എന്നാല്‍ മാത്രമേ കണ്ണൂരിലെ പ്രശ്നത്തിന് പരിഹാരമുണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം വൈസ് പ്രസിഡന്റ് കെ.വിനോദന്‍ സ്വാഗതവും വസന്തകുമാര്‍ നന്ദിയും പറഞ്ഞു.
നീലേശ്വരം: പിണറായിയില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി നടത്തിയ ക്രൂരമായ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനയുടെ നേതൃത്വത്തില്‍ നീലേശ്വരത്ത് പ്രകടനം നടത്തി. പ്രകടനത്തിന് താലൂക്ക് കാര്യവാഹ് എ.വി.ഹരീഷ് കുമാര്‍, മണ്ഡലം കാര്യവാഹ് എം.കെ.സുനില്‍കുമാര്‍, മണ്ഡലം പ്രസിഡന്റ് എം.ഭാസ്കരന്, മണ്ഡലം ജനറല്‍ സെക്രട്ടറി വെങ്ങാട്ട് കുഞ്ഞിരാമന്, മുനിസിപ്പല്‍ പ്രസിഡന്റ് പി.വി.സുകുമാരന്‍, മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി പി.മോഹനന്, വി.കൃഷ്ണകുമാര്‍, ഇ.അനില്‍കുമാര്‍, സന്തോഷ്, ബിഎംഎസ് മേഖലാ ജോ.സെക്രട്ടറി പി.കൃഷ്ണകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: