കാസര്‍കോട്: ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കേണ്ട മുഖ്യമന്ത്രി കൊലപാതകികള്‍ക്ക് സംരക്ഷണം നല്‍കുകയാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.ശ്രീശന് പറഞ്ഞു. ബിജെപി ജില്ലാ കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫ് അധികാരത്തില്‍ വന്നതിന് ശേഷം മുഖ്യമന്ത്രിയുടെ നാട്ടില്‍ തന്നെ നിരപരാധികള്‍ കൊലക്കത്തിക്കിരയായി. മുഖം നോക്കാതെ നടപടിയെടുക്കുന്നതിന് പകരം അതിനെ പരസ്യമായി ന്യായീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അധികാരത്തിലിരിക്കുന്ന പാര്‍ട്ടി തന്നെ കൊലപാതകം നടത്തുന്നത് എങ്ങനെ ന്യായീകരിക്കാന്‍ പറ്റുമെന്നും അദ്ദേഹം ചോദിച്ചു. ഘടക കക്ഷികള്‍ പോലും സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തെ എതിര്‍ക്കുന്നു. എല്‍ഡിഎഫ് ഭരണം സമസ്ത മേഖലയിലും പരാജയപ്പെട്ടിരിക്കുന്നു.
കേരളത്തില്‍ ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യപ്പെടുന്നത് മുഖ്യമന്ത്രിയുടെ നാട്ടില്‍ നിന്നാണ്. അധികാരം നിലനിര്‍ത്താന്‍ നടത്തുന്ന ഒത്ത് തീര്‍പ്പു രാഷ്ട്രീയത്തിന്റെ കൂടെ തീവ്രവാദികള്‍ക്ക് അനുകൂലമായി നിലപാടെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ക്രിമിനലുകള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇടത് സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നും തീര്‍ത്തും ഒറ്റപ്പെട്ടു കൊണ്ട് ശാപമായി മാറിയിരിക്കുകയാണ്. ഇടത് പക്ഷത്തിനും വലത് പക്ഷത്തിനും കേരളത്തില്‍ ബദലില്ലെന്ന് തീറെഴുതിയ നാളുകള്‍ ഇല്ലാതായിരിക്കുന്നു. മൂന്നാം ബദലെന്ന രീതിയില്‍ ബിജെപി കേരളത്തില്‍ മുഖ്യധാരാ പാര്‍ട്ടിയായി മാറിയിരിക്കുന്നു. പ്രതീക്ഷയോടെയാണ് ജനങ്ങള്‍ ബിജെപിയെ കാണുന്നത്. ജനപിന്തുണ ബിജെപിക്ക് അനുകൂലമായി വരികയാണെന്നും കെ.പി.ശ്രീശന് പറഞ്ഞു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള സി നായ്ക്. സംസ്ഥാന സഹ സംഘടന ജനറല്‍ സെക്രട്ടറി സുഭാഷ്, ദേശീയ സമിതി അംഗം എം.സഞ്ജീവ ഷെട്ടി എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: