അടൂര്‍: അടൂര്‍ ശ്രീമൂലം ചന്തക്കുള്ളിലെ പച്ചക്കറി താത്ക്കാലിക സ്റ്റാളുകള്‍ ദുരൂഹ സാഹചര്യത്തില്‍ കത്തിനശിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അഗ്നിബാധയുണ്ടായതെന്ന് സ്റ്റാള്‍ ഉടമകള്‍ പറഞ്ഞു. പൊലീസ് വിവരം അറിയിച്ചതനുസരിച്ച് അടൂരില്‍ നിന്ന് അഗ്നിശമനസേന എത്തിയാണ് തീയണച്ചത്. അപ്പോഴേക്കും അഞ്ച് സ്റ്റാളുകള്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. പറക്കോട് രത്ന ഭവനം കെ. മോഹനന്, പറക്കോട് വെങ്കൂത്തറ പുത്തന്‍വീട്ടില്‍ സുധീര്‍, പറക്കോട് കളീലില്‍ പുത്തന്‍വീട്ടില്‍ ഷാന്‍, പറക്കോട് ബൈജു മന്‍സിലില്‍ ബൈജു, പൂവന്പള്ളില് സുബൈര്‍ എന്നിവരുടെ സ്റ്റാളുകള്‍ പൂര്‍ണമായും പറക്കോട് സ്വദേശി ജമാലിന്റെ സ്റ്റാള്‍ ഭാഗികമായും കത്തി നശിച്ചു. ഏകദേശം രണ്ടു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. അടൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
അടൂര്‍ ശ്രീമൂലം മാര്‍ക്കറ്റിലെ പച്ചക്കറി കടകള്‍ കത്തിനശിച്ചത് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കടകള്‍ കത്തിനശിച്ചതില്‍ ദുരൂഹതയുണ്ടെന്നും ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നും ബിജെപി അടൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് കൊടുമണ്‍ ആര്.ഗോപാലകൃഷ്ണന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: