അടൂര്‍: പള്ളിക്കല്‍ ഇളംപള്ളില്‍ ഹിരണ്യനല്ലൂര്‍ മഹാദേവര്‍ ക്ഷേത്ര ശ്രീകോവില്‍ കത്തിനശിച്ച് രണ്ടു വര്‍ഷം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. അതിപുരാതനവും അപൂര്‍വ്വവുമായ ഗര്‍ഭഗൃഹ വട്ട ശ്രീകോവിലാണ് പൂര്‍ണ്ണമായും കത്തിനശിച്ചത്.
പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷണം ഏറ്റെടുത്തെങ്കിലം തീപിടിത്തത്തിന് പിന്നിലെ ദുരൂഹത വെളിച്ചത്തുകൊണ്ടുവരാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സംഭവം നടന്ന് രണ്ടുവര്‍ഷം പിന്നിടുമ്പോള്‍ കേസന്വേഷണവും ഏതാണ് നിലച്ചമട്ടാണ്.2014 സെപ്റ്റംബര്‍ 19ന് പുലര്‍ച്ചെ 5.15ന് ക്ഷേത്രമേല്‍ശാന്തി അരുണ്‍ ഭട്ടതിരി ക്ഷേത്രത്തിലെത്തിയപ്പോഴാണ് ശ്രീകോവില്‍ കത്തിനശിച്ചവിവരം അറിയുന്നത്. ശ്രീകോവിലിന്റെ മേല്കൂരയും മറ്റും പൂര്‍ണമായും കത്തിനിലംപൊത്തിയിരുന്നു. മേല്‍ശാന്തിയാണ് ക്ഷേത്രമാനേജരെ വിവരം അറിയിച്ചത്. കിഴക്കോട്ട് ദര്‍ശനമുള്ള മഹാദേവ പ്രതിഷ്ഠയും പടിഞ്ഞാറോട്ടു ദര്‍ശനമുള്ള പാര്‍വതീദേവി പ്രതിഷ്ഠയുമാണിവിടെയുള്ളത്. അടൂരില്‍ നിന്നു അഗ്നിശമനസേന എത്തിയാണ് തീ നിയന്ത്രിച്ചത്. മഹാദേവ പ്രതിഷ്ഠക്കു മുന്നിലെ കെടാവിളക്ക് അണയുകയോ കെടാവിളക്കില്‍ നിന്ന് തീ പടരുകയോ ചെയ്തിരുന്നില്ല. തലേദിവസം വിഗ്രഹത്തില്‍ ചാര്‍ത്തിയ പൂമാല കരിയുകയോ ഉടയാടക്കു തീ പിടിക്കുകയോ ചെയ്യാതിരുന്നത് പല സംശയങ്ങള്‍ക്കും ഇടവരുത്തുന്നതായി ക്ഷേത്ര’ഭാരവാഹികള്‍ പറഞ്ഞു. അതേസമയം ചുറ്റമ്പലത്തിലെ നാലുവശവുമുള്ള വാതിലുകള്‍ പൂട്ടിക്കിടക്കുകയായിരുന്നു.
ശ്രീകോവിലിനുള്ളിലെ പാര്‍വതിദേവി പ്രതിഷ്ഠയുടെ നടുഭാഗം രണ്ടായി മുറിഞ്ഞിരുന്നു. സംഭവമറിഞ്ഞ് നൂറുകണക്കിന് ‘ക്തരാണ് രാവിലെതന്നെ ക്ഷേത്രത്തില്‍ തടിച്ചുകൂടിയത്. ശ്രീകോവില്‍ അഗ്നിക്കിരയായതില്‍ പ്രതിഷേധിച്ച് അന്ന് ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ വൈകുന്നേരം ആറു വരെ ക്ഷേത്രവിശ്വാസികളുടെ ആഹ്വാനപ്രകാരം പള്ളിക്കല്‍ പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിയമസഭയില്‍ സബ്മിഷന് ഉന്നയിക്കുകയും കേസന്വേഷണം ഊര്‍ജ്ജിതമാക്കുമെന്ന് വകുപ്പ് മന്ത്രി ഉറപ്പും നല്‍കിയിരുന്നു. അടൂര്‍ ഡിവൈഎസ്പിക്കായിരുന്നു അന്വേഷണ ചുമതല.
വിരലടയാള വിദഗ്ധരും ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗവും തെളിവെടുപ്പിന് എത്തിയിരുന്നു. അന്വേഷണം തൃപ്തികരമാകാത്തതിനെ തുടര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ നിരാഹാരസമരവും നടത്തിയിരുന്നു. തുടര്‍ന്ന് കേസന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു.
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇവിടെയെത്തി പലരെയും ചോദ്യം ചെയ്തു പോയതല്ലാതെ ഫലമുണ്ടായില്ല. തീപ്പിടിത്തത്തിനു പിന്നിലെ ദുരൂഹത ഇന്നും തുടരുകയാണ്. അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നാണ് ഭക്തരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: