ഇടുക്കി: സംസ്ഥാനത്ത് കണ്‍സ്യൂമര്‍ ഫെഡിന്റെ കീഴില്‍ ആരംഭിച്ച നന്മ സ്റ്റോറുകളിലെ താല്‍ക്കാലിക ജീവനക്കാരില്‍ നിന്നു ബോണ്ടായി വാങ്ങിയ ലക്ഷക്കണക്കിന് രൂപ തിരിച്ച് നല്‍കാതെ കണ്‍സ്യൂമര്‍ ഫെഡ് ഒളിച്ചുകളിക്കുന്നു. പഞ്ചായത്തുകള്‍ തോറും തുടങ്ങിയ നന്മ സ്റ്റോറുകളില്‍ താല്‍ക്കാലിക ജീവനക്കാരെയാണ് നിയമിച്ചിരുന്നത്. നിയമന സമയത്ത് ജോലി സ്ഥിരമായി ലഭിക്കണമെങ്കില്‍ 10000 രൂപ ബോണ്ട് വയ്ക്കണമെന്ന് നിര്‍ദ്ദേശിച്ചു. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന പലരും സ്ഥിരം ജോലി ലഭിക്കുമെന്ന പ്രതീക്ഷയില്‍ കടം വാങ്ങിയും ബ്ലേഡില്‍ നിന്നെടുത്തും പണം ബോണ്ടായി നല്കി.
സംസ്ഥാന തലത്തില്‍ ചുരുങ്ങിയത് ഒരു കോടി രൂപയോളം ഇത്തരത്തില്‍ വാങ്ങിയെന്നാണ് ജീവനക്കാര്‍ പറയുന്നത്. താല്‍ക്കാലിക ജീവനക്കാര്‍ക്ക് ദിവസം 250-300 രൂപ തോതിലാണ് പ്രതിഫലം നല്‍കിയിരുന്നത്. കണ്‍സ്യൂമര്‍ ഫെഡില്‍ അഴിമതി നടമാടിയപ്പോള്‍ നന്മ സ്റ്റോറുകള്‍ക്ക് പൂട്ടുവീണു തുടങ്ങി.
ബാക്കിയുള്ള സ്റ്റോറുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലുമാണ്. സ്ഥാപനം പൂട്ടിയപ്പോള്‍ ജോലി പോയ താല്‍ക്കാലിക ജീവനക്കാര്‍ ബോണ്ട് തുക തിരികെ ആവശ്യപ്പെട്ടപ്പോള്‍ അധികൃതര്‍ മുടന്തന്‍ ന്യായമാണ് പറയുന്നത്. സ്റ്റോറുകളില്‍ സാധനങ്ങള്‍ക്ക് സംഭവിച്ച കേടുപാടുകളുടെ പണം നല്‍കണമെന്നാണ് കണ്‍സ്യൂമര്‍ ഫെഡിന്റെ നിലപാട്. നിലവാരം കുറഞ്ഞ സാധനങ്ങള്‍ വാങ്ങി നന്മ സ്റ്റോറുകളില്‍ എത്തിച്ചിരുന്നത് കണ്‍സ്യൂമര്‍ ഫെഡ് ഉദ്യോഗസ്ഥരാണ്.
ഇതിനാല്‍ തന്നെ സാധനങ്ങള്‍ കേടായതിനുത്തരവാദി തങ്ങളല്ലെന്നാണ് ജോലി പോയ ജീവനക്കാര്‍ പറയുന്നത്. ബോണ്ടായി നല്കിയ പണം തിരികെപ്പിടിക്കാന്‍ മുന്‍ ജീവനക്കാര്‍ നിയമ നടപടികള്‍ക്കൊരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: