പാലാ: ഭാരതത്തിന്റെ ദേശീയ ചിന്ത ഉണര്‍ത്തുന്നതിനും ദേശീയ ഐക്യം കാത്തു സൂക്ഷിക്കുന്നതിനുമാണ് രാഷ്‌ട്രീയ സ്വയംസേവക സംഘം പ്രവര്‍ത്തിക്കുന്നതെന്ന് ആര്‍എസ്എസ് പ്രാന്തീയ സഹകാര്യവാഹ് പി.എന്‍. ഈശ്വര്‍. വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി പാലായില്‍ നടന്ന പൊന്‍കുന്നം സംഘജില്ലാ പഥസഞ്ചലനത്തിന് ശേഷം മുണ്ടുപാലത്ത് നടന്ന പൊതുപരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ശക്തിയെ ആരാധിക്കുന്നവരാണ് ഭാരതീയര്‍. നമ്മുടെ ശക്തിയാണ് ധീരന്മാരായ നമ്മുടെ സൈന്യം പാക്കിസ്ഥാന് കാണിച്ചുകൊടുത്തത്. ലോകത്തെ മുഴുവന്‍ രാജ്യങ്ങളെയും വിശ്വാസത്തിലെടുത്തുകൊണ്ട് പാക്കിസ്ഥാന് മറുപടി നല്‍കാന്‍ നമുക്ക് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
റിട്ട. ആര്‍മി ക്യാപ്റ്റന്‍ ബാലകൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. പാക്ക് ഭീകരര്‍ക്ക് ഇന്ത്യന്‍ സൈന്യത്തിലെ ചിലരുടെ സഹായം ഉണ്ടായിട്ടുണ്ടെന്ന് സിപിഎം നേതാവിന്റെ പരാമര്‍ശം അപലപനീയമാണെന്ന് ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. രാഷ്‌ട്രത്തിന് വേണ്ടി ബലി നല്‍കാന്‍ തയ്യാറായി നില്‍ക്കുന്ന ധീരജവാന്മാരുടെ മനോവീര്യം കെടുത്തുന്നതും ശത്രുവിന് ഉന്മേഷം പകരുന്നതുമായ പ്രസ്താവനയായിപ്പോയി അതെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ജില്ലാ കാര്യവാഹ് ഹരികൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി പൊന്‍കുന്നം സംഘജില്ലയിലെ ഗണവേഷധാരികളായ സ്വയം സേവകര്‍ പങ്കെടുത്ത പഥസഞ്ചലനം നടന്നു. കടപ്പാട്ടൂര്‍ ക്ഷേത്രത്തിന് സമീപത്തുനിന്നും ചെത്തിമറ്റം ഗുരുകൃപ സ്റ്റേഡിയത്തില്‍ നിന്നും ആരംഭിച്ച പഥസഞ്ചലനങ്ങള്‍ കുരിശുപള്ളി കവലയില്‍ സംഗമിച്ച് മുണ്ടുപാലം ഗുരുഗോവിന്ദസിംഗ് നഗറില്‍ സമാപിച്ചു.
















