തിരിഞ്ഞുനോക്കുമ്പോൾ
“ജീവിതത്തില്‍ സാഫല്യബോധം തോന്നുന്നു. ബാല്യകാലംമുതല്‍ മഹത് വ്യക്തികളുമായി ബന്ധപ്പെടാന്‍ കഴിഞ്ഞു. ആഗമാനന്ദസ്വാമികള്‍ ജീവിതത്തിന് ദേശീയതയുടെയും ആധ്യാത്മികതയുടെയും ബോധം പകര്‍ന്നു. അത് ജീവിതത്തില്‍ പ്രകടമാക്കുവാനും സാമൂഹികവും ദേശീയവുമായ തലങ്ങളിലേക്ക് വ്യാപിപ്പിക്കുവാനും, ശ്രീഗുരുജിയുമായുള്ള സമ്പര്‍ക്കവും രാഷ്‌ട്രീയ സ്വയംസേവക സംഘത്തിലെ പ്രവര്‍ത്തനത്തിലൂടെ പ്രായോഗികമാക്കുവാനും സാധിച്ചു.
ദല്‍ഹി ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡയറക്ടറായി പ്രവര്‍ത്തിക്കുമ്പോള്‍ ദേശീയ കാഴ്ചപ്പാട് വ്യക്തമായി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ ‘മന്ഥന്‍’ എന്ന പേരില്‍ ഹിന്ദി- ഇംഗ്ലീഷ് ദ്വിഭാഷാ മാസിക ആരംഭിച്ചത് നല്ല കാല്‍വയ്‌പായി. പല ലേഖകരുടെയും ചിന്തകരുടെയും ലേഖനങ്ങള്‍ അവയില്‍ പ്രസിദ്ധീകരിച്ചിരുന്നു.
കേരളത്തിലെത്തി ഭാരതീയവിചാരകേന്ദ്രം സ്ഥാപിക്കാനും ബൗദ്ധികമായ ഉണര്‍വിന് ദിശാബോധം നല്‍കുവാനും സാധിച്ചു. ശ്രീനാരായണഗുരു, മഹായോഗി അരവിന്ദന്‍ എന്നിവരുടെ ജീവചരിത്ര ഗ്രന്ഥങ്ങള്‍ കൈരളിക്ക് എളിയതെങ്കിലും മുതല്‍ കൂട്ടായി.
ജന്മഭൂമിയോട് പരമേശ്വര്‍ജി
പി.പരമേശ്വരന്‍ ഭാരതീയ വിചാരകേന്ദ്രത്തിന് തുടക്കംകുറിച്ച നാളുകള്‍ മുതല്‍ അദ്ദേഹത്തെ പരിചയപ്പെടാന്‍ കഴിഞ്ഞിട്ടുണ്ട്. നിരന്തരം ആശയവിനിമയം നടത്താനുള്ള സന്ദര്‍ഭങ്ങളുമുണ്ടായി. ഇതിനര്‍ത്ഥം അദ്ദേഹത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഞാന്‍ ഒന്നിച്ചുണ്ടായിരുന്നുവെന്നല്ല. എല്ലാ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാല ആരംഭിച്ച കാലം മുതല്‍ അദ്ധ്യാപകനായി ജോലി ചെയ്യാന്‍ എനിക്ക് അവസരമുണ്ടായി. മലയാളികളുടെ പ്രിയപ്പെട്ട കവി കുഞ്ഞുണ്ണി മാഷ് ഇടക്കിടെ അവിടെ വരുമായിരുന്നു. ഞങ്ങള്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ ടെറസ്സിനു മുകളില്‍ കയറി അതിരുകളില്ലാത്ത ആകാശത്തിന്റെ സൗന്ദര്യമാസ്വദിക്കുന്ന സ്വഭാവം മാഷിനുണ്ടായിരുന്നു.
സര്‍വകലാശാലയുടെ ചരിത്ര വിഭാഗത്തില്‍ തുടക്കത്തില്‍ വിദ്യാര്‍ത്ഥികള്‍ കുറവായിരുന്നു. പരമേശ്വര്‍ജി യാത്രക്കിടയില്‍ പലപ്പോഴും അവിടെയെത്തി ഡിപ്പാര്‍ട്ട്‌മെന്റില്‍ വന്ന് ഏറെ നേരം സംസാരിക്കും. ചരിത്രം, അദ്ദേഹത്തിന് താല്‍പ്പര്യമുള്ള വിഷയമായിരുന്നു. മറ്റു പലരും ചരിത്രത്തില്‍ താല്‍പ്പര്യമുണ്ട് എന്നുപറയുന്നതുപോലെ അല്ല പരമേശ്വര്‍ജിയുടെ ചരിത്രത്തിലുള്ള താല്‍പ്പര്യം. ഭാരത ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ ലോക ചരിത്രത്തെ നോക്കിക്കാണുകയായിരുന്നു അദ്ദേഹം. അര്‍ണോള്‍ഡ് ടോയന്‍ബിയുടെ സുപ്രസിദ്ധമായ ഉപന്യാസങ്ങളില്‍ ഉള്‍പ്പെട്ടതാണ് സ്റ്റഡി ഓഫ് ഹിസ്റ്ററി. പത്തു വോളിയമുള്ള ആ ഗ്രന്ഥാവലി വായിച്ചു തീര്‍ക്കാന്‍ സാധാരണ ചരിത്രവിദ്യാര്‍ത്ഥികള്‍ക്ക് പോലും പ്രയാസമാണ്. സമൂഹത്തിന്റെയും മനുഷ്യ വംശത്തിന്റേയും പ്രാരംഭം തൊട്ടുള്ള ചരിത്ര വിശദീകരണങ്ങള്‍ ചര്‍ച്ച ചെയ്യുകയാണിതില്‍.
നമ്മുടെ മിക്ക ചരിത്രാദ്ധ്യാപകരും അത് വായിച്ചിട്ടുണ്ടാവില്ല. പരമേശ്വര്‍ജി അത് വായിച്ചു എന്നു മാത്രമല്ല, അതിലെ പ്രധാനപ്പെട്ട ചിന്തകളും പുതിയ സിദ്ധാന്തങ്ങളും തന്റേതായ രീതിയില്‍ മലയാളത്തില്‍ ആവിഷ്‌കരിക്കുകകൂടി ചെയ്തു. അങ്ങനെയാണ് ഞങ്ങള്‍ തമ്മിലുള്ള ആശയപരമായ ബന്ധത്തിന് തുടക്കം. ഓരോ കാലഘട്ടത്തിലും നാഗരികതകളും അവ നേരിട്ട വെല്ലുവിളികളും അതിന്റെ അതിജീവനവും ഉള്‍പ്പെടുന്ന ചരിത്രം ഭാരതീയ ചരിത്ര പശ്ചാത്തലത്തില്‍ വിശദീകരിക്കാന്‍ കഴിയുമോ എന്ന് കേരളത്തില്‍ തന്നെ ആദ്യം ചിന്തിച്ചവരില്‍ ഒരാളാണ് പരമേശ്വര്‍ജി. അത്തരം ഉയര്‍ന്ന വായനയും ചിന്തയും സൃഷ്ടിപരമായ ഊര്‍ജ്ജവും കൈമുതലായുള്ള അദ്ദേഹം പല ചരിത്രാദ്ധ്യാപകരേക്കാളും ഏറെ മുന്നിലായിരുന്നുവെന്ന് എനിക്ക് ബോദ്ധ്യപ്പെട്ടു.
ഭാരതീയ വിചാരകേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുകയും തിരുവനന്തപുരത്ത് ഗവേഷണ കേന്ദ്രമെന്ന നിലയില്‍ അതിനെ മാറ്റിയെടുക്കുകയും ചെയ്തു. ചിന്തിക്കുന്നത് തന്നെ മോശമാണെന്നു ധരിച്ചുവെച്ച സമൂഹമാണ് നമുക്കുമുണ്ടായിരുന്നത്. സ്വയം ആലോചിക്കാനും ചുറ്റുപാടുകളെ വിശദീകരിക്കാനും വളരെ ചെറിയ ന്യൂനപക്ഷമായിരിക്കും തയ്യാറാവുക. പുരോഗമനത്തിന്റെ കുത്തക തങ്ങള്‍ക്ക് മാത്രമാണെന്നവകാശപ്പെട്ട കമ്യൂണിസ്റ്റുകളും ഇവിടെ ശക്തമായിരുന്നു. ഒരു കൂട്ടര്‍ പറഞ്ഞതുകൊണ്ട് മാത്രം അത് ശരിയായിക്കൊള്ളണമെന്നോ തെറ്റാകണമെന്നോ ഇല്ല. സാക്ഷരതയും ചിന്താശക്തിയും ഒന്നല്ല. സാക്ഷരത മാത്രമുള്ള അര്‍ദ്ധ വിദ്യാഭ്യാസമുള്ളവരാണ് വലിയ അപകടകാരികളാകുന്നത്.
പഠനത്തിന്റെയും സ്വയം വിമര്‍ശനത്തിന്റേയും പാതയില്‍ മുന്നോട്ടുപോയാലെ വിജ്ഞാന ശാഖകളെ സ്വാധീനിക്കാന്‍ കഴിയൂ. ഇതൊന്നുമില്ലാതെ കുണ്ടുകാണാത്തവന്‍ കണ്ട കുണ്ടൊക്കെ വൈകുണ്ഠം എന്ന പറച്ചിലുപോലെ താന്‍ കണ്ടതൊക്കെ ശരിയാണെന്നും തങ്ങള്‍ക്ക് തെറ്റുപറ്റില്ലെന്നും ഉറച്ചവിശ്വാസമുള്ളവരായിരുന്നു അവര്‍. അതിനെ ചോദ്യം ചെയ്യുന്നവര്‍ പിന്തിരിപ്പന്മാരെന്ന് മുദ്രകുത്തപ്പെട്ടു. ചിന്തിക്കണമെന്നും പഠിക്കണമെന്നും, ഭാരതത്തിലെ മനുഷ്യര്‍ എന്തു ചെയ്തുവെന്നും, പാശ്ചാത്യ ലോകത്തെ മനുഷ്യര്‍ എന്ത് ചിന്തിക്കുന്നുവെന്നും വിശദമായി പഠിക്കുകയും പരിശോധിക്കുകയും ചെയ്ത വ്യക്തികളുണ്ടായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ അത് സ്വാമി വിവേകാനന്ദനായിരുന്നു.
ആര്‍എസ്എസില്‍പ്പെടുന്നെങ്കിലും, ആ പ്രസ്ഥാനത്തില്‍ത്തന്നെ വന്ന വളര്‍ച്ചയുടേയും സ്വഭാവമാറ്റത്തിന്റേയും ഫലമായിട്ടാണോ എന്നറിഞ്ഞുകൂടാ, അരവിന്ദമഹര്‍ഷിയുടെയും ശ്രീനാരായണന്റെയും എന്നപോലെ ആര്‍നോള്‍ഡ് ടോയിന്‍ബിയുടെയും കാറല്‍മാര്‍ക്‌സിന്റെയും കൃതികള്‍ സശ്രദ്ധം പഠിക്കാന്‍ പരമേശ്വര്‍ജി തയ്യാറായി. സ്റ്റാലിന്റെയും ചൈനീസ് കമ്യൂണിസ്റ്റ് ആചാര്യന്മാരുടെയും കൃതികള്‍ അദ്ദേഹത്തിന് അന്യമല്ല. ഇന്നവിധം എഴുതണമെന്ന് മാനിഫെസ്റ്റോകളിലൂടെ കല്‍പിക്കാതെ പൂന്താനത്തെ ആസ്വദിച്ച് വിലയിരുത്താനും ശ്രീശങ്കരന്റെ ആത്മീയദര്‍ശനവും ഹണ്ടിങ്ടന്റെ സാമൂഹ്യദര്‍ശനവും സ്വന്തമായ വീക്ഷണകോണില്‍നിന്നുകൊണ്ട് വിമര്‍ശനാത്മകമായി ഉള്‍ക്കൊള്ളാനും അദ്ദേഹത്തിന് കഴിഞ്ഞു. സങ്കുചിതമായ വരട്ടുവാദങ്ങളില്‍ നിന്നുയര്‍ന്ന് സ്വതന്ത്രമായ ഭൗതിക സഞ്ചാരമേഖല അദ്ദേഹം സ്വായത്തമാക്കിയിരിക്കുന്നു. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ അച്ചടക്കം ശീലിച്ച ഒരാള്‍ ഇങ്ങനേയും വിശാലമായി ചിന്തിച്ചേക്കാമെന്ന് ഇദ്ദേഹം തെളിയിച്ചപ്പോള്‍ മാത്രമാണ് നാം അറിയുന്നത്. പരമേശ്വര്‍ജിയുടെ നിരീക്ഷണങ്ങള്‍ സുതാര്യമാണ്. സാമൂഹ്യശാസ്ത്ര തല്‍പരന്മാര്‍ക്ക് പ്രചോദനവും പ്രയോജനവും ചെയ്യാന്‍ പര്യാപ്തമാണ്.
സംഘടനകള്‍ക്കുള്ളില്‍ത്തന്നെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും പ്രയോഗിക്കുകയും ചെയ്തുകൊണ്ട് അതിനെയാകെ ഉദാത്തവല്‍ക്കരിക്കുന്ന സാത്വികവ്യക്തിത്വങ്ങളും അപൂര്‍വമായി കാണപ്പെടുന്നു. മഹാത്മാഗാന്ധി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനകത്ത് അത്തരമൊരു മോചനശക്തിയായിരുന്നു. വിവേകാനന്ദനും ശ്രീനാരായണനുമൊക്കെ ഹിന്ദുസമാജത്തില്‍ അത്തരം ചലനാത്മക ശക്തികളെയാണ് പ്രതിനിധാനം ചെയ്തത്. പരമേശ്വര്‍ജിയും ആ വകുപ്പില്‍പ്പെടുന്നു. അദ്ദേഹവും അദ്ദേഹത്തെപ്പോലെയുള്ള മറ്റ് വ്യക്തികളും എത്രമാത്രം വിജയിക്കുന്നു എന്നതാണ് ഹിന്ദുസമാജത്തിന്റെ ഔന്നത്യ മാനദണ്ഡമായി കണക്കാക്കേണ്ടത്, സ്വാതന്ത്ര്യസമരം കഴിഞ്ഞ് എല്ലാ സമുദായങ്ങളും വിദ്വേഷകലുഷിതമായ മത്സരത്തിലേക്ക് നീങ്ങിക്കഴിഞ്ഞ ഈ കാലഘട്ടത്തിലും പരമേശ്വരനെപ്പോലെ വിശാലമായി ചിന്തിക്കുന്ന വ്യക്തിത്വകളെ ഉല്‍പാദിപ്പിക്കുന്നുവെന്നത് ഹൈന്ദവ പാരമ്പര്യത്തിന്റെ മഹിമ കാണിക്കുന്നു. എന്നുവച്ച് ബലാല്‍ക്കാര പ്രവണതകള്‍ നാമാവശേഷമായെന്നോ ഹൈന്ദവരെല്ലാം പരിശുദ്ധാത്മാവിന്റെ പകര്‍പ്പുകളായിക്കഴിഞ്ഞുവെന്നോ പറഞ്ഞുകൂടാ.
പത്തൊന്‍പതാം ശതകത്തില്‍ ആരംഭിച്ചതെങ്കിലും ഇനിയും പൂര്‍ത്തീകരിക്കപ്പെടാത്ത സമുദായ പരിഷ്‌കരണ പദ്ധതികള്‍ ഒട്ടേറെയുണ്ട്. ജാതി നിഷിദ്ധമായെങ്കിലും ജാതിമനഃസ്ഥിതി ശക്തമായി നിലനില്‍ക്കുന്നു. സ്വന്തം പരിമിതികളും ആലസ്യവും സ്വാര്‍ത്ഥപരതയും ഓര്‍മിക്കാതെ രാഷ്‌ട്രീയ ജീവിതത്തിലെ പോരായ്‌മകള്‍ക്കും കൊള്ളരുതായ്‌മകള്‍ക്കുമെല്ലാം അന്യസമുദായങ്ങളെ ആക്ഷേപിക്കുന്ന സമ്പ്രദായം ഹിന്ദുസംഘടനകള്‍ക്കുണ്ട്. ആധുനിക സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളും ശാസ്ത്രപുരോഗതിയും അംഗീകരിക്കാനുള്ള വൈമുഖ്യമുണ്ട്. ചിന്താസ്വാതന്ത്ര്യവും ജിജ്ഞാസയും വിജയക്കൊടി പാറിച്ച ഭൂതകാലത്തെ വിസ്മരിച്ച് അന്ധവിശ്വാസങ്ങളിലും മന്ത്രതന്ത്രാദികളിലും മനസ്സ് മയങ്ങുന്ന സ്വഭാവമുണ്ട്. ഭാരതത്തിന്റെ സാംസ്‌കാരിക നാനാത്വവും സഹിഷ്ണുതയും വലിച്ചെറിഞ്ഞ് അന്യമതാചാര വിദ്വേഷം പുലര്‍ത്തുന്ന വിഭാഗങ്ങളുണ്ട്. സവര്‍ണജാതികള്‍ അടിച്ചമര്‍ത്തിയിട്ട സാധുജനങ്ങളെ ചില മതക്കാര്‍ പ്രലോഭനങ്ങളിലൂടെ വശീകരിക്കുമ്പോള്‍ അവരുടെ പ്രശ്‌നങ്ങളെ സൃഷ്ടിപരമായി സമീപിക്കുന്നതിന് പകരം ആളുകളേയും സ്ഥാപനങ്ങളേയും ആക്രമിക്കുവാന്‍ കുറുക്കുവഴികള്‍ തേടുന്നവരുണ്ട്. ഇതെല്ലാം ഒഴിവാക്കി ഹിന്ദുസമൂഹത്തില്‍ പരിഷ്‌കാരം പ്രചരിപ്പിക്കണമെങ്കില്‍ ആദ്യമായി ചിന്താശക്തിയാണ് ജ്വലിപ്പിക്കേണ്ടത്. പരമേശ്വരനെപ്പോലെ ഒരായിരം ബുദ്ധിജീവികളുടെ നിരന്തരപ്രയത്‌നം ആവശ്യമാണ്. പരമേശ്വര്‍ജിയുടെ സുചിന്തിതമായ ലേഖനങ്ങളില്‍ അതിനു വേണ്ട സിദ്ധിയും സാധനയും പ്രത്യക്ഷപ്പെടുന്നു.
ഭാരതീയ പാരമ്പര്യത്തേയും സംസ്‌കാരത്തേയും ഉള്‍ക്കൊണ്ടതുപോലെതന്നെ പാശ്ചാത്യ ചിന്താപദ്ധതികളേയും വിവേകാനന്ദ സ്വാമികള്‍ ഉള്‍ക്കൊണ്ടു. ഭാരതീയ സംസ്‌കൃതി എന്താണെന്നും അതിനെ എങ്ങനെ പുതിയ കാലത്ത് ഉപയോഗപ്പെടുത്താമെന്നും പഠിപ്പിക്കാനാണ് പരമേശ്വര്‍ജി വിചാരകേന്ദ്രത്തില്‍ തുടക്കമിട്ടത്. വികാരം ജ്വലിപ്പിക്കുകയല്ല, വിചാരത്തോടുകൂടി യുക്തിയുക്തമായി കാര്യങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയണമെന്ന പരമേശ്വര്‍ജിയുടെ കാഴ്ചപ്പാട് ഇതില്‍ തെളിഞ്ഞുകാണാം. ഈ കാഴ്ചപ്പാടാണ് എനിക്ക് ഇഷ്ടമായത്. ഭാരതീയ പാരമ്പര്യത്തിന്റെ പ്രത്യേകത ആചാര്യനോടും ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയും എന്നുള്ളതാണ്. പുതിയ ചിന്തയും പുതിയ തെളിവുകളും ഉണ്ടായതങ്ങനെയാണ്. ഭാരതിയ വിചാരകേന്ദ്രത്തിലൂടെ ലോകത്തിന് നല്‍കേണ്ടതും അതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: