തൃശൂര്‍: അഴീക്കോട്-മുനമ്പം ജങ്കാര്‍ അറ്റകുറ്റപ്പണികളില്‍ ക്രമക്കേട് കണ്ടെത്തിയ കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈകോടതി നിര്‍ദ്ദേശം. ഇക്കഴിഞ്ഞ ആഗസ്റ്റില്‍, കേസിനുണ്ടായിരുന്ന സ്റ്റേ നീക്കി തുടരന്വേഷണത്തിന് ഉത്തരവിട്ട കോടതി, അന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാവണമെന്നും, അന്വേഷണ പുരോഗതി യഥാസമയം കോടതിയെ അറിയിക്കാനും ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് വിജിലന്‍സ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതനുസരിച്ചാണ് ഹൈകോടതിയുടെ ഉത്തരവ്. ഹൈകോടതിയിലെ നടപടികള്‍ അവസാനിപ്പിക്കുന്നതായും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് ബി.കെമാല്‍പാഷയാണ് കേസ് പരിഗണിച്ചത്. തൃശൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമാരായ കെ.വി.ദാസന്, സി.സി. ശ്രീകുമാര്‍ എന്നിവരുള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 18നായിരുന്നു തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജായിരുന്ന എസ്.എസ്. വാസന് ഉത്തരവിട്ടത്.
ഏപ്രില്‍ 28ന് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തതായി കേസ് അന്വേഷിക്കുന്ന എറണാകുളം വിജിലന്‍സ് എസ്.പി കോടതിയെ അറിയിച്ചു. എഫ്.ഐ.ആര് സ്വീകരിച്ച ജഡ്ജ് സി.ജയചന്ദ്രന് അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാനും നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും ഇതിനിടയിലാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുന്നതിനെതിരെ ദാസന് നല്കിയ ഹരജിയില്‍ ഹൈകോടതി സ്റ്റേ അനുവദിച്ചത്. ആഗസ്റ്റില്‍ സ്റ്റേ നീക്കി ഉത്തരവിട്ട കോടതി അന്വേഷണ പുരോഗതി കോടതിയെ അറിയിക്കാന്‍ ഉത്തരവിട്ടത്. സ്റ്റേ ഹരജി നല്‍കും മുമ്പ് തന്നെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം അംഗീകരിച്ചായിരുന്നു സ്റ്റേ അനുവദിച്ചിരുന്നത് നീക്കിയാണ് അന്വേഷണം തുടരാന്‍ ഉത്തരവിട്ടത്. അന്വേഷണ ഉദ്യോഗസ്ഥന് പൂര്‍ണാധികാരം നല്കിയ കോടതി, അന്വേഷണത്തിന്റെ ഘട്ടങ്ങളെല്ലാം അതത് സമയത്ത് ബോധിപ്പിക്കണമെന്നും കുറ്റപത്രം ഹൈകോടതിയില്‍ ഹാജരാക്കിയതിന് ശേഷം മാത്രം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചാല്‍ മതിയെന്നുമായിരുന്നു സ്റ്റേ നീക്കിയുള്ള ഉത്തരവില്‍ കോടതി നിര്‍ദ്ദേശിച്ചത്.
വിജിലന്‍സ് സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ തൃപ്തി രേഖപ്പെടുത്തിയാണ് നടപടികള്‍ അവസാനിപ്പിക്കാനും, വിജിലന്‍സ് കോടതിയില്‍ യഥാസമയം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: