കാഞ്ഞങ്ങാട്: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ കമ്പ്യൂട്ടര്‍ ടീച്ചര്‍മാരായി ജോലി ചെയ്യുന്നവരെ പിരിച്ചുവിടാന്‍ വിദ്യാഭ്യാസ വകുപ്പ് വീണ്ടും കര്‍ശന നിര്‍ദേശം നല്കി. നേരത്തെയുള്ള ഉത്തരവിന് വിരുദ്ധമായി ഏതെങ്കിലും വിദ്യാലയങ്ങളില്‍ ഇത്തരം അധ്യാപകരെ നിലനിര്‍ത്തുന്നുണ്ടെങ്കില്‍ പ്രധാനാധ്യാപകര്‍ക്കെതിരെ പതിനഞ്ച് ദിവസത്തിനുള്ളില്‍ നടപടിയെടുക്കണമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍മാര്‍ക്ക് നല്‍കിയിട്ടുള്ള സര്‍ക്കുലറില്‍ പറയുന്നു. വര്‍ഷങ്ങളായി സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ ഐടി വിഷയങ്ങള്‍ പഠിപ്പിച്ചിരുന്നത് താല്കാലിക കമ്പ്യൂട്ടര്‍ അധ്യാപകരായിരുന്നു. ഇവര്‍ക്ക് പിടിഎ ആയിരുന്നു ശബളം നല്‍കിയിരുന്നത്. ഇത് നിര്‍ത്തലാക്കി പിന്നീട് വിദ്യാഭ്യാസ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ വിദ്യാലയത്തിലെ അധ്യാപകര്‍ക്ക് പരിശീലനം നല്‍കുകയും അവര്‍ തന്നെ പഠിപ്പിക്കണമെന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ബാലാവകാശ കമ്മീഷനും വിദ്യാര്‍ഥികളില്‍ നിന്ന് ഫീസ് വാങ്ങി കപ്യൂട്ടര്‍ പഠിപ്പിക്കുന്നതിനെതിരെ രംഗത്തു വന്നിരുന്നു. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് വിദ്യാര്‍ഥികളില്‍ നിന്നും കമ്പ്യൂട്ടര്‍ പഠനത്തിനായി ഫീസ് വാങ്ങരുതെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നേരത്തെ ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍ പല വിദ്യാലയാധികൃതരും തുഛമായ വേതനം നല്കി കമ്പ്യുട്ടര്‍ അധ്യാപകരുടെ സേവനം നിലനിര്‍ത്തുകയായിരുന്നു. വേതന വര്‍ദ്ധനവ് വേണമെന്ന് ആവശ്യപ്പെട്ട് ചില അധ്യാപകര്‍ സര്‍ക്കാരിന് നിവേദനം നല്‍കിയതോടെയാണ് നടപടി ആവശ്യപ്പെട്ട് പുതിയ സര്‍ക്കുലര്‍ ഇറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: