കാസര്‍കോട്: പാതിയില്‍ പണി നിര്‍ത്തിയ പൂര്‍ത്തിയാക്കാത്ത വീടുകള്‍, വീടുവെക്കാന്‍ സ്വന്തമായി ഭൂമിയില്ലാത്തവര്‍, വെള്ളവും വെളിച്ചവും കിട്ടാത്തവര്‍, മദ്യവും കഞ്ചാവും ശീലമാക്കിയവര്‍ കോളനികളില്‍ ഉണ്ടെങ്കിലും പുതിയ തലമുറയില്‍ അവര്‍ക്ക് പ്രതീക്ഷയുണ്ട്.. അവര്‍ പഠിക്കുന്നു പരാധീനതകള്‍ക്ക് തങ്ങളുടെ വീഴ്ചകളും തിരിച്ചറിയുന്നു…. ജില്ലയിലെ ഗോത്ര സമൂഹത്തിന്റെ പരാതികളും പ്രതീക്ഷകളും നിറഞ്ഞ അവരുടെ മനസ്സ് ജില്ലാ കളക്ടര്‍ക്ക് മുന്നില്‍ തുറന്നപ്പോള്‍ കേട്ട് നില്ക്കാനായില്ല.
ഊരുകൂട്ടങ്ങള്‍ ശാക്തീകരിക്കണമെന്നും ശൈശവ വിവാഹം പോലുള്ള സമൂഹതിന്മകള്‍ കോളനികളില്‍ തടയണമെന്നും ഗോത്ര യുവജനങ്ങള്‍ നിര്‍ദ്ദേശിച്ചു. മദ്യത്തിന്റേയും ലഹരി വസ്തുക്കളുടേയും വ്യാപനത്തിനെതിരെ കോളനികള്‍ ജാഗരൂകമാകണം. കോളനികളിലെ കുട്ടികളില്‍ വിദ്യാലയങ്ങളില്‍ നിന്ന് കൊഴിഞ്ഞുപോകുന്നത് വര്‍ദ്ധിച്ചു വരികയാണെന്ന് അവര്‍ പറഞ്ഞു. എല്ലാവരും വിദ്യാലയങ്ങളില്‍ പോകണം. മടിച്ച് നില്ക്കുന്നവര് ഉണ്ടാകരുത്. പ്രാക്തന ഗോത്രവര്‍ഗത്തിന്റെ പരമ്പരാഗത മരുന്നുകളും ഉള്‍പ്പെടുത്തി ഗോത്ര ആരോഗ്യനയം രൂപീകരിക്കണം. പരമ്പരാഗത തൊഴിലുകളും കലകളും പ്രോത്സാഹിപ്പിക്കാന്‍ നടപടി വേണം. ജില്ലയില്‍ പട്ടികവര്‍ഗ പ്രീമെട്രിക് ഹോസ്റ്റല്‍ സ്ഥാപിക്കണം. മലയോരത്ത് മാതൃകാ സഹവാസ വിദ്യാലയം ആരംഭിക്കണം. പിഎസ്സി പരീശീലനത്തിന് സംവിധാനമൊരുക്കണം. മാടത്തുംപാറ കോളനി പ്രശ്നം പരിഹരിക്കണം ഭൂമി സംബന്ധിച്ച പ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരമുണ്ടാകണം അടിസ്ഥാന സൗകര്യ വികസനത്തിന് നടപടിയുണ്ടാകണം. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ കടന്നു വരവും തൊഴില്‍ ലഭ്യതയെ ബാധിച്ചിട്ടുണ്ടെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. ഗോത്രസമൂഹത്തിലും കൂട്ടായ്മകള്‍ നഷ്ടപ്പെടുകയാണെന്നും അവനവനിലേക്ക് ഒതുങ്ങുന്ന പ്രവണത കൂടി വരികയാണെന്നും അവര്‍ പറഞ്ഞു. വിദ്യാഭ്യാസം, സാമൂഹിക നീതി, അടിസ്ഥാന സൗകര്യം എന്നീ വിഷയങ്ങളില്‍ ഗ്രൂപ്പ് തിരിഞ്ഞ് ചര്‍ച്ച നടത്തി. കളക്ടര്‍ കോളേജ് വിദ്യാര്‍ത്ഥികളുമായും സ്ക്കൂള്കുട്ടികളുമായും പ്രത്യേകം സംവദിച്ചു.
ജില്ലയിലെ ഗോത്ര വിഭാഗങ്ങളുടെ സാമൂഹിക പുരോഗതിക്ക് തടസ്സമായി നില്ക്കുന്ന ഘടകങ്ങളും അവ പരിഹരിക്കാനുള്ള മാര്‍ഗങ്ങളും കളക്ടര്‍ കെ ജീവന്‍ബാബു അക്കമിട്ട് നിരത്തി. കോളനികള്‍ സ്വയം നവീകരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം പങ്കുവെച്ചു. ആത്മവിശ്വാസവും അര്‍പണബോധവും കഠിനാധ്വാനത്തിനുള്ള മനസ്സുമുണ്ടെങ്കില്‍ ഏത് ഉയരവും കീഴടക്കാനാകുമെന്ന് കളക്ടര്‍ പറഞ്ഞു. കോളനികളിലെ മദ്യപാനവും മോശമായ പ്രവണതകളും യുവജനങ്ങള്‍ തന്നെ ഇടപ്പെട്ട് ഇല്ലാതാക്കണം. ഏത് ജോലിയും നല്ലതാണ്. ഉന്നത വിദ്യാഭ്യാസം ഉറപ്പുവരുത്തണം. ഒരു കുടുംബത്തില്‍ ഒരാളെങ്കിലും സര്‍ക്കാര്‍ ജോലി നേടാന്‍ പ്രയത്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും പട്ടികവര്‍ഗ വികസനവകുപ്പും പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച നമ്മ എല്ലക് ഊരുകൂട്ട ശില്പശാലയിലാണ് ജില്ലാ കളക്ടര്‍ കെ.ജീവന് ബാബു ജില്ലയിലെ ഗോത്ര ജീവിതാനുഭവങ്ങള്‍ അറിയാനെത്തിയത്. പതിവ് പരാതികള്‍ക്ക് പുറമേ ഗോത്ര വിഭാഗം ജനങ്ങള്‍ക്കുള്ള പ്രതീക്ഷകളും നിര്‍ദ്ദേശങ്ങളും അവര്‍ കളക്ടര്‍ക്ക് മുന്നില്‍ പങ്കുവെച്ചു. ശില്പശാല പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി രാജന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് തങ്കമണി, സ്ഥിരം സമിതി അധ്യക്ഷന്‍ വി സുധാകരന്, കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കുഞ്ഞിക്കണ്ണന്, ബ്ലോക്ക് പഞ്ചായത്തംഗം രാധാവിജയന്‍ ബാനം കൃഷ്ണന്, വിദ്യാര്‍ത്ഥി പ്രതിനിധികളായ രാഹുല്‍, രമ്യഎന്നിവര് സംസാരിച്ചു. ജില്ലാ പട്ടിക വര്‍ഗ വികസന ഓഫീസര്‍ കെ കൃഷ്ണപ്രകാശ് സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സുഗതന് ഇ വി നന്ദിയും പറഞ്ഞു. പനത്തടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം സി മാധവന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഷീസ് അസി എഡിറ്റര്‍ എം മധുസൂദനന്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ കെ എം പ്രസന്ന, എ ബാബു, മധുസൂദനന് എന്നിവരും ഗോത്ര യുവജനങ്ങളും ഊരു മൂപ്പന്മാരും പട്ടിക വര്‍ഗ ജനപ്രതിനിധികളും ട്രൈബല്‍ പ്രമോട്ടര്‍മാരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: