പത്തനംതിട്ട: കരിമാരം തോട് പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ വൈകുന്നത് ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തോട് ചേര്‍ന്നുകിടക്കുന്ന തരിശു നിലങ്ങള്‍ കൃഷിഭൂമിയാക്കുന്നതിനും തടസ്സമാകുന്നു. ആറന്മുള, മല്ലപ്പുഴശ്ശേരി, ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന 56 ഹെക്ടര്‍ തരിശുനിലത്താണ് നവംബര്‍ 1 ന് കൃഷി ഇറക്കുമെന്ന് കൃഷിമന്ത്രി പ്രഖ്യാപിച്ചത്. ഇതേത്തുടര്‍ന്ന് ആഘോഷമായി നിലമൊരുക്കലിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിക്കുകയും ചെയ്തു. എന്നാല്‍ വിശാലമായ തരിശുനിലങ്ങള്‍ വെള്ളക്കെട്ടിലാണ്. ഈ പ്രദേശങ്ങളിലെ വെള്ളം കരിമാരം തോട്ടിലൂടെ ഒഴുക്കിവിട്ടാണ് മുന്‍കാലങ്ങളില്‍ കര്‍ഷകര്‍ നിലം ഒരുക്കിയിരുന്നത്. എന്നാല്‍ വിമാനത്താവള നിര്‍മ്മാണത്തിനായി കരിമാരം തോട് മണ്ണിട്ട് നികത്തിയതോടെ വെള്ളം ഒഴിഞ്ഞുപോകാകാകാതെ വിസ്തൃതമായ ആറന്മുള പാടശേഖരം കൃഷിയോഗ്യമല്ലാതായി.
വെള്ളക്കെട്ട് നിറഞ്ഞ നിലം ഒരുക്കുന്നതിന് ബാര്‍ജില്‍ ഘടിപ്പിച്ച ഹിറ്റാച്ചിയാണ് ഉപയോഗിക്കുന്നത്. കുട്ടനാടന്‍ പാടശേഖരങ്ങളില്‍ ഉപയോഗിക്കുന്ന സംവിധാനമാണ് ബാര്‍ജ് ഘടിപ്പിച്ച ഹിറ്റാച്ചി. പാടശേഖരത്തിലെ പോളയും മറ്റ് കാടുകളും നീക്കി ട്രാക്ടര്‍ ഇറങ്ങുന്നതിന് നിലംഒരുക്കാനാണ് ആദ്യശ്രമം. ബാര്‍ജ് ഉപയോഗിച്ച് കാടും പോളയും മറ്റും നീക്കിയാലും കരിമാരം തോട് പൂര്‍വ്വ സ്ഥിതിയിലാക്കി വലിയതോട്ടിലേക്ക് വെള്ളം തിരിച്ചു വിടാതെ വെള്ളക്കെട്ട് മാറുകയില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
കരിമാരം തോട് പുനര്‍നിര്‍മ്മിക്കുന്നതിന് നേരത്തെ ശ്രമം ആരംഭിച്ചിരുന്നെങ്കിലും ഇതുവരേയും പൂര്‍ത്തിയാക്കിയില്ല. ഇന്നലെ കൃഷിമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലും കരിമാരം തോട് അടിയന്തിരമായി പുനര്‍നിര്‍മ്മിക്കണമെന്ന് ജില്ല കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: