പത്തനംതിട്ട: മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ അതിരൂക്ഷമായ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതില്‍ പഞ്ചായത്ത് ഭരണനേതൃത്വത്തിന്റെ ഉദാസീനത വെടിയണമെന്നാവശ്യപ്പെട്ട് താഴം പ്രദേശത്തുള്ള ജനങ്ങള്‍ പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍ ജി.മനോജിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.
മലയാലപ്പുഴയിലെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കുന്ന കടവുപുഴ പദ്ധതിയിലെ അപാകതകള്‍ പരിഹരിക്കുന്നതിന് നിലവിലുള്ള ഫില്‍റ്ററിങ് യൂണിറ്റിലേക്ക് വെള്ളം കടത്തിവിടാതെ നേരിട്ട് ക്ലോറിനേഷന് നടത്തിയ വെള്ളം പമ്പ് ചെയ്യുവാന്‍ ഓണത്തിന് മുമ്പേ കൂടിയ പഞ്ചായത്ത് കമ്മിറ്റിയില്‍ വാട്ടര്‍ അതോറിറ്റി അസി.എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ സാന്നിദ്ധ്യത്തില്‍ തീരുമാനമെടുത്തിരുന്നു.
കഴിഞ്ഞ 20 വര്‍ഷമായി മലയാലപ്പുഴയില്‍ വെള്ളം പമ്പ് ചെയ്യുന്നില്ല. അറ്റകുറ്റപണികള്‍ക്ക് ആളുകളെ നിര്ത്തുവാന്പോലും വാട്ടര്‍ അതോറിറ്റി തയ്യാറാവുന്നില്ല. സ്വന്തമായി കിണര്‍ ഇല്ലാത്ത നിരവധി ആളുകള്‍ ആഴ്ചയില്‍ രണ്ടുപ്രാവശ്യം 450 രൂപാ വീതം നല്കി വണ്ടിയില്‍ കൊണ്ടുവരുന്ന 1500 ലിറ്റര്‍ വെള്ളം വാങ്ങിക്കൊണ്ടിരിക്കുകയാണ്.
സാധാരണക്കാരെ സംബന്ധിച്ചിടത്തോളം താങ്ങാനാവാത്ത ഒരു ചെലവാണിത്. വാഹനത്തിന് വെള്ളമെത്തിക്കുന്ന ലോബികള്‍ക്കുവേണ്ടി വാട്ടര്‍ അതോറിറ്റി നടത്തുന്ന ശ്രമങ്ങള്‍ക്ക് പഞ്ചായത്ത് ഭരണ നേതൃത്വം കൂട്ടുനില്‍ക്കുന്നു എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പഞ്ചായത്ത് സെക്രട്ടറിയുമായി ഉപരോധ സമരക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ പ്രശ്നം വളരെ വേഗം പരിഹരിക്കാമെന്ന ഉറപ്പിന്മേല് സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു.
പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍ ജി.മനോജ് ഉപരോധം ഉദ്ഘാടനം ചെയ്തു. എട്ടാം വാര്‍ഡ് മെമ്പര്‍ വി.വി.സന്തോഷ്കുമാര്‍, വിഷ്ണുപ്രസാദ്, രാമരാജന്‍, ഹരി തടത്തില്‍, ശ്രീകുമാര്‍, സന്തോഷ്, ശ്യാമള ഗോപിനാഥ്, ശ്രീപ്രിയ വിനോദ്, ജയചന്ദ്രന്, ഗോപിദാസ്, ശ്രീജിത്ത് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: