പത്തനംതിട്ട: ജില്ലയിലെ വിവിധ പഞ്ചായത്തുകള്‍ ഇഎംഎസ് ഭവന പദ്ധതിയ്ക്ക് പണം അനുവദിച്ചത് മാനദണ്ഡങ്ങള്പാലിക്കാതെ. ഇത്തരത്തില്‍ 14 പഞ്ചായത്തുകളിലായി ആറുകോടിയിലധികം രൂപ അനര്‍ഹരായവര്‍ക്ക് നല്‍കിയതായി വിവരാവകാശ രേഖകള്‍ വെളിവാക്കുന്നു. സ്വന്തമായി ഭൂമിയുള്ളവര്‍ക്ക് ഇതിന്റെ കൈവശ അവകാശ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍മാത്രമേ ഭവന പദ്ധതിക്ക് ധനസഹായം നല്‍കാവൂ എന്ന സര്‍ക്കാര്‍ ഉത്തരവാണ് പഞ്ചായത്തുഭരണസമിതികള്‍ ലംഘിച്ചത്.
കൈവശ അവകാശ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതും എന്നാല്‍ താല്‍ക്കാലിക കൈവശ രേഖയുള്ളതുമായ ഭൂമിയില്‍ വീട് വയ്ക്കുന്നതിന് ജില്ലയിലെ അനര്‍ഹരായ 771 പേര്‍ക്ക് 14 ഗ്രാമപഞ്ചായത്തുകളിലായി ധനസഹായം നല്‍കിയത്. ഇതിലൂടെ 6,03,15,476 രൂപയാണ് അര്‍ഹതയില്ലാത്തവരുടെ പേരില്‍ നല്‍കിയിരിക്കുന്നത്. ഇതിന് പിന്നില്‍ അഴിമതി നടന്നതായും ആരോപണമുണ്ട്.
എഴുമറ്റൂര്‍, വെച്ചൂച്ചിറ, സീതത്തോട്, ആനിക്കാട്, റാന്നി-പെരുനാട്, നാറാണംമൂഴി, ചിറ്റാര്‍, വടശ്ശേരിക്കര, തണ്ണിത്തോട്, റാന്നി-അങ്ങാടി, അയിരൂര്‍, പ്രമാടം, പള്ളിക്കല്‍, ചെന്നീര്‍ക്കര എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് 2010-11 കാലയളവ് മുതല്‍ ഇഎംഎസ് ഭവന പദ്ധതിയില്‍ അനര്‍ഹരേയും ഉള്‍പ്പെടുത്തിയത്.
പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 1 ലക്ഷം രൂപയും ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 75,000 രൂപയും വീതമാണ് വീട് വയ്ക്കുന്നതിന് പദ്ധതി പ്രകാരം ധനസഹായം നല്‍കുന്നത്. ഗ്രാമപഞ്ചായത്തുകള്‍ക്ക് ലഭിക്കുന്ന പദ്ധതി വിഹിതത്തിനു പുറമേ അതാതു ഗ്രാമ പഞ്ചായത്തുകളുടെ പരിധിയില്‍ വരുന്ന സഹകരണ ബാങ്കുകളില്‍ നിന്നുമെടുത്ത വായ്പയും ഉപയോഗിച്ചാണ് ധന സഹായം നല്‍കുന്നത്. ഇതിലെ വായ്പാ തുക ഗ്രാമപഞ്ചായത്തുകളും പലിശ സര്‍ക്കാരുമാണ് അടയ്ക്കേണ്ടത്. ഇതുവഴി കോടി കണക്കിന് രൂപയാണ് 14 ഗ്രാമപഞ്ചായത്തുകള്‍ക്ക് ബാദ്ധ്യത വരുന്നത്.
2009 മുതലുള്ള ഇഎംഎസ് ഭവന നിര്‍മ്മാണ പദ്ധതിയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ആരാഞ്ഞുകൊണ്ട് വിവരാവകാശ പ്രവര്‍ത്തകനായ റഷീദ് ആനപ്പാറ നല്കിയ അപേക്ഷയ്ക്ക് പഞ്ചായത്തുകളുടെ സെക്രട്ടറിമാരും ദാരിദ്ര്യ ലഘൂകരണ പത്തനംതിട്ട യൂണിറ്റിലെയും, തദ്ദേശ സ്വയംഭരണ വകുപ്പിലെയും വിവരാവകാശ ഉദ്യോഗസ്ഥരും നല്കിയ മറുപടിയിലാണ് ചട്ടലംഘനം വെളിച്ചത്തായത്.
14 പഞ്ചായത്തുകളില്‍ പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ മാത്രമാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്. അനര്‍ഹരായവര്‍ക്ക് നല്കിയ തുക അന്നത്തെ പത്തനംതിട്ട ദാരിദ്ര്യ ലഘൂകരണ യൂണിറ്റ് പ്രോജക്ട് ഡയറക്ടര്‍ പള്ളിക്കല്‍ വിഇഒ എന്നിവരില്‍ നിന്നും ഈടാക്കുവാന്‍ വിജിലന്‍സ് ഡയറക്ടര്‍ കത്തും നല്‍കിയിരുന്നു. കൈവശ രേഖ അടിസ്ഥാനമാക്കി അനര്‍ഹരായവര്‍ക്ക് ഇഎംഎസ് ഭവന നിര്‍മ്മാണ ധനസഹായം നല്‍കണമെന്ന് 2010 മാര്‍ച്ച് 11ന് 2674/08 നമ്പരായി ഉത്തരവിട്ടതിന്റെ പേരിലാണ് അന്നത്തെ ദാരിദ്ര്യ ലഘൂകരണ യൂണിറ്റ് പ്രോജക്ട് ഡയറക്ടറില്‍ നിന്നും തുക തിരികെ ഈടാക്കാന്‍ വിജിലന്‍സ് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ ബാക്കിയുള്ള 13 പഞ്ചായത്തുകളില്‍ നടന്ന കാര്യങ്ങള്‍ വിജിലന്‍സിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: