തിരുവല്ല: എംസി റോഡില്‍ മുന്നൊരുക്കമില്ലാത്ത റോഡ് നവീകരണം മൂലം ഇടിഞ്ഞില്ലം റോഡില്‍ ഗതാഗതം തടസപ്പെടുന്നു.മണിക്കൂറുകള്‍ വാഹനങ്ങള്‍ ഗതാഗത കുരുക്കില്‍ വാഹനങ്ങള്‍ പെടുന്നതോടെ നാട്ടുകാര്‍ക്കും,വാഹനയാത്രികര്‍ക്കും ഒരുപോലെ ദുരിതമാകുന്നു.കാവുംഭാഗം-ഇഴിഞ്ഞില്ലം പാത വീതികൂട്ടി എംസി റോഡ് നിലവാരത്തില്‍ നവീകരിക്കുമെന്ന വാഗ്ദാനം ഭരണ പ്രതിപക്ഷങ്ങള്‍ ഒരുപോലെ നല്‍കിയിരുന്നു.
.ചങ്ങനാശ്ശേരി-തിരുവല്ല മേഖലയിലെ എംസി റോഡിന്റെ സമാന്തരപാതയായി രൂപപ്പെട്ട വഴിയില്‍ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ആവശ്യമായ സൗകര്യങ്ങള്‍ മുന്‍കൂട്ടി ബന്ധപ്പെട്ടവര്‍ ഏര്പ്പെടുത്താഞ്ഞതാണ് ദിവസവും വാഹന ഗതാഗതത്തിനും, അപകടങ്ങള്‍ക്കും വഴി തുറന്നിട്ടുളളത്. ഉയരം കൂടിയ കണ്ടെയ്നര്‍ ലോറികളും, മറ്റ് ട്രൈയലറുകളും വടക്ക് ഇഴിഞ്ഞില്ലത്ത് നിന്നും തിരിച്ച് അഴിയടത്ത്ചിറ,കാവുംഭാഗം വഴി തിരുവല്ല മേഖലകളിലേക്കും മാന്നാര്‍,മാവേലിക്കര,കായംകുളം മേഖലകളിലേക്കും കടത്തി വിടുന്നതോടെ മേഖലയിലെ വൈദ്യുതി ലൈനുകളും,കേബിള്‍ ലൈനുകളും പലേ സ്ഥലങ്ങളിലും നിത്യം പൊട്ടി വീഴുകയാണ്.
വൈദ്യുതി ലൈന്‍ കഴിഞ്ഞ ദിവസം പൊട്ടി വീണതിനെ തുടര്‍ന്ന് മണിപ്പുഴ വൈദ്യുതി സെക്ഷന്‍ പരിധിയില്‍ മണിക്കുറുകള്‍ വൈദ്യുതി വിതരണം നിലച്ചിരുന്നു. പലപ്പോഴും ഇത്തരം സംഭവങ്ങള്‍ ഭാഗ്യത്തിന് ദുരന്തമാകാത്തതാണ് വാര്‍ത്തകളായി ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പ്പെടാത്തതിന് ഒരു കരണം.
വൈദ്യുതി ലൈനുകള്‍ മിക്കയിടത്തും അപകടകരമായ തരത്തില്‍ താഴ്ന്നാണ് കടന്നു പോകുന്നത്. ഇതേ പോലെതന്നെയാണ് സ്വകാര്യ കേബിള്‍ കമ്പനികളുടെ ലൈനുകളും ഇത് വഴി കടത്തി വിടുന്ന വലിയ വാഹനങ്ങള്‍ തകര്‍ക്കുന്നതോടെ മിക്ക സ്ഥാപനങ്ങളുടെയും ഇന്റര്‍നെറ്റ് സംവിധാനങ്ങളും ,വൈദ്യുതിയൂം ദിവസങ്ങള്‍ മുടങ്ങുന്നൂ.വാഹനങ്ങള്‍ കടത്തി വിടുമ്പോള്‍ കണ്ടെയ്നര്‍ മോഡല്‍ വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ കഴിയുമോ എന്നൊന്നും മൂന് കൂട്ടി പരിശോധിക്കാതെ വാഹനങ്ങള്‍ നിരുത്തരവാദമായി അധികൃതര്‍ കടത്തി വിടുന്നതാണ് നാട്ടുകാര്‍ക്കും ഇത് വഴിയുളള വാഹനയാത്രികര്‍ക്കും ദുരിതമായി മാറിയത്.നഗരത്തിലെ പ്രാന്ത പ്രദേശങ്ങളിലേക്ക് പോകാനുളള വഴിയായതിനാല്‍ സംസ്ഥാന പാതയുടെ ഗണത്തില്‍ ഈ പാതയെ അധികൃതര്‍ കണ്ടിരുന്നില്ല. പക്ഷേ ഇപ്പോള്‍ എംസിറോഡിന്റെ വളരെ പ്രാധാന്യമുളള സമാന്തര പാതയായി ഇഴിഞ്ഞില്ലം-അഴിയടത്ത്ചിറ , കാവുംഭാഗം റോഡ് ഇന്നിപ്പോള്‍ മാറി കഴിഞ്ഞു.
എംസി റോഡിന് നല്കുന്ന അതേ നിലവാരത്തില്‍ ഈ റോഡ് നവീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. തിരുവല്ല ബൈപാസിന്റെ നിര്‍മ്മാണം പൂര്ത്തിയകുന്നതിനൊപ്പം കാവുംഭാഗം-ഇഴിഞ്ഞില്ലം പാതയിലെ കൊടും വളവുകള്‍ നിവര്‍ത്തിയും ആവശ്യമായ സ്ഥലങ്ങളില്‍ വീതികൂട്ടാന്‍ നടപടികളെടുക്കുകയും ചെയ്താല്‍ തിരുവല്ല പട്ടണത്തില്‍ വലിയ ചെലവില്ലാതെ ഒരു ”റിംഗ്” റോഡ് രൂപപ്പെടുത്താനാവും. നഗരത്തില്‍ കിഴക്കും പടിഞ്ഞാറും സമാന്തര പാത വന്നാല്‍ നഗരത്തില്‍ പ്രവേശിക്കാതെ തന്നെ മറ്റ് ജില്ലകളിലേക്ക് പോകേണ്ട വലിയ വാഹനങ്ങള്‍ക്ക് സുഗമമായി കടന്നു പോകാനും ഗതാഗത കുരുക്കിനും പരിഹാരമാവുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. നിലവില്‍ ഈ റോഡിലെ വൈദ്യുതി ലൈനുകള്‍ ഉയരം കൂട്ടി പുനര്‍ക്രമീകരിക്കാന്‍ അടിയന്തിര നിര്‍ദ്ദേശം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്‍കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. വിഷയം ചൂണ്ടിക്കാട്ടി നിരവധി തവണം എംപിക്കും.മന്ത്രി മാത്യു ടി.തോമസിനും അപേക്ഷ നല്‍കിയെങ്കിലും കാര്യമുണ്ടായില്ലന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: