കൂറ്റന്‍ പാറമല തുരന്നു കണ്ടെത്തിയ പൗരാണിക സംസ്കാര ചിഹ്നങ്ങള്‍. അതാണ് എല്ലോറാ ഗുഹകള്‍. ചരിത്രം, പുരാണങ്ങള്‍ ഇതിഹാസങ്ങളവയുടെ കരവിരുതിന്റെ കലാരൂപങ്ങളായ പുരാവസ്തു നിലവറ. ബുദ്ധ, ജൈന, ഹൈന്ദവ പുരാതന പൈതൃക സംസ്കാരം.
ഇത് ലോകത്തെത്തന്നെ വിസ്മയിപ്പിച്ചു. അതിലേറെ അമ്പരപ്പിക്കുന്നതാണ് പാറ തുരന്നു നിര്‍മിച്ച കൈലാസ ക്ഷേത്രം. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് ഇത് സ്ഥിതിചെയ്യുന്നത്. അവിടുന്ന് ഡെല്ട്ടാബാദ് ഫോര്‍ട്ടിലേക്ക് പോകുന്ന പാതിയില്‍ 28 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എല്ലോറയില്‍ എത്താം.
ക്രിസ്തുവിന് മുന്‍പ് ബി.സി അഞ്ചാം നൂറ്റാണ്ടിലും ബി.സി 11-ാം നൂറ്റാണ്ടിലുമാണ് എല്ലോറാ ഗുഹകള്‍ കണ്ടെത്തിയത്. 76.20 മീറ്റര്‍ ഉയരമുള്ള ഒരു വന്‍ പാറക്കെട്ട്. പാറ തുരന്ന് ശില്‍പ്പികള്‍ ഒരു സംസ്കാരത്തിന്റെ ഏടും എടുപ്പുമുള്ള ശില്പ്പങ്ങള് നിര്‍മിച്ച് വര്‍ണാഭമാക്കിയിരിക്കുന്നു. ഈ ഗുഹാക്ഷേത്രത്തിന് മൂന്ന് നില വലിപ്പമുണ്ട്. കുന്നിന്റെ ചരിവിനനുസൃതമായി രണ്ട് കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ശില്‍പ്പകലാ രൂപങ്ങള്‍ കൊത്തിയിരിക്കുന്നത്. ഒന്നു മുതല്‍ 12 വരെയുള്ള ഗുഹകള്‍ ശ്രീബുദ്ധ സംസ്കാരമാണ് വിളിച്ചോതുന്നത്. ഗുഹകളില്‍ കുറ്റാക്കുരിരുട്ടായതിനാല് കൈയില്‍ വെളിച്ചം കരുതണം.
ഇതില്‍ പതിനാറാമത്തെ ഗുഹയാണ് കൈലാസ ക്ഷേത്രം. വാസ്തു ശില്‍പ്പികളുടെയും നിരവധി കലാകാരന്മാരുടേയും കഠിനാധ്വാനത്തിന്റെയും ഫലം ശില്പ്പങ്ങളില് നിന്നു തന്നെ നമുക്ക് കണ്ടെടുക്കാം. വര്‍ത്തമാനകാല സന്തതികള്‍ക്ക് പിതാമഹന്മാരുടെ കലാവിരുതും ചരിത്രവും പുരാണവും ഭാരത സംസ്കാരത്തിന്റെ ഗൃഹാതുരത്വം കോള്മയിര് കൊള്ളിക്കും.
നൂറു കൊല്ലംകൊണ്ടാണ് മുപ്പത് ലക്ഷം ഘന അടി പാറ ഖനനം ചെയ്ത് ക്ഷേത്ര നിര്‍മാണം സാധ്യമാക്കിയത്. ക്രിസ്തുവിന് മുന്‍പ് എഡി 760 ല്‍ രാഷ്ട്രകൂട രാജവംശത്തിലെ കൃഷ്ണരാജാവ് ഒന്നാമനാണ് ഈ ക്ഷേത്രം നിര്‍മിച്ചത്. 31.61 മീറ്റര്‍ നീളം. 46.92 മീറ്റര്‍ വീതിയില്‍ പിരമിഡ് മാതൃകയില്‍ മൂന്ന് നിലകളായിട്ടാണ് നിര്‍മാണം.
എല്ലോറാ ഗുഹാ കവാടത്തില്‍ എത്തിയാല്‍ താഴെയുള്ളത് കരിങ്കല്‍ പടവുകളാണ്. പടവുകള്‍ ഇറങ്ങിച്ചെന്നാല്‍ നേരെ കാണുന്നത് ക്ഷേത്രകവാടം. മുന്നില്‍ തുമ്പിക്കൈ ഇല്ലാത്ത, കരിങ്കല്‍ കരിവീരന്. തൊട്ടടുത്ത് വിജയപതാകയുമായി ധ്വജസ്തംഭം. അടുത്തത് ക്ഷേത്രകവാടം. ഇടുങ്ങിയതും ഇരുട്ടുപിടിച്ചതുമായ കരിങ്കല്‍ പടവുകള്‍ കയറണം. അല്‍പ്പമൊരു ഭയം തോന്നും. കൈയില്‍ വെളിച്ചമുണ്ടെങ്കില്‍ നമുക്ക് ജിജ്ഞാസ കൂടും. പടി കയറി ചെന്നാല്‍ വരാഹ രൂപിയായ വിഷ്ണു ഭഗവാനെ കാണാം. അവിടെത്തന്നെ ശിവ-പാര്‍വതി നൃത്ത ശില്പ്പങ്ങള്, നടരാജ നൃത്തം എന്നിവ കല്ലില്‍ കൊത്തിവെച്ചിരിക്കുന്നു. ഇത് കഴിഞ്ഞാല്‍ പത്ത് തലയുള്ള രാവണനും നരസിംഹാവതാരവും ആലേഖനം ചെയ്തിരിക്കുന്നു. പതിനേഴാമത് ഗുഹയാണ് ഗര്‍ഭഗൃഹം. അവിടെ ശിവലിംഗമുണ്ട്. ചുറ്റുമതിലില്‍ ബ്രഹ്മാവ്, വിഷ്ണു, ഗണേശന്, മഹിഷാസുരമര്‍ദ്ദിനി, അശ്വരഥത്തില് വരുന്ന ദേവേന്ദ്രന് ഇവ കണ്‍കുളിര്‍ക്കെ കാണാം. ഈ ഗുഹാക്ഷേത്രത്തെ അഭിമുഖീകരിച്ച് ഒരു പവലിയനുമുണ്ട്. കരിങ്കല്‍ പവലിയനാണ്. ഇതിന് മധ്യത്തില്‍ 20 അടി ചതുരത്തിനുള്ളില്‍ നന്ദിയെ പ്രതിഷ്ഠിച്ചിരിക്കുന്നു. ചുറ്റും പുരാണകഥാ സന്ദര്‍ഭങ്ങള്‍ ചിത്രരൂപത്തില്‍ കൊത്തിവെച്ചിരിക്കുന്നു.
മൂന്നാമത്തെ നിലയില്‍ ഇരുപത്തി ഒന്നാം ഗുഹയില്‍ ശിവ പാര്‍വതീപരിണയം കൊത്തിയിരിക്കുന്നു. ഗംഗ, യമുന നദീ സംഗമ തീരമാണ് പാര്‍വതി പരിണയത്തിന് ശില്‍പ്പികള്‍ ഭാവനയില്‍ പശ്ചാത്തലമാക്കിയിരിക്കുന്നത്. നീലകണ്ഠാനദിയെന്ന ഉത്തരഭാരത വിശ്വാസികള്‍ വിളിക്കുന്ന ഗംഗാസരസ്തടം. ക്ഷേത്ര കാഴ്ചകള്‍ക്ക് ശേഷം മുപ്പത്തിരണ്ട് ഗുഹാകാഴ്ചകള്‍ കൂടി ഉണ്ട്.
ഇത് നമ്മേയും ലോകത്തേയും കാലത്തേയും അതിജീവിപ്പിക്കുന്ന അതിശയിപ്പിക്കുന്ന ഗുഹാക്ഷേത്രമായി നിലനില്ക്കുന്നു. ഹിന്ദു, ബുദ്ധ- ജൈന മത വിശ്വാസത്തിന്റെ പ്രതീകമായ ഈ ഗുഹാ ക്ഷേത്രത്തേക്കാള്‍ മഹത്തായതൊന്നും അത്രയധികം ഭാരതത്തിലില്ലെന്നാണ് ചരിത്ര ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: