ഉഴവൂര്‍: പിണറായി സര്‍ക്കാരിന്റെ നാലുമാസത്തെ ഭരണം കേരളത്തെ ഭീകരവാദ കേന്ദ്രമാക്കിയതായി രാഷ്‌ട്രീയ സ്വയം സേവക സംഘം പ്രാന്തിയ സമ്പര്‍ക്ക പ്രമുഖ് കെ. ബി. ശ്രീകുമാര്‍ പറഞ്ഞു. ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ഹൈന്ദവ ധര്‍മ്മങ്ങള്‍ക്കുനേരെ നടക്കുന്ന കമ്മ്യൂണിസ്റ്റ് ആക്രമങ്ങളില്‍ പ്രതിരോധിച്ചുനടന്ന സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ പട്ടിണി മരണം സംഭവിച്ചിട്ടും അതിനുവേണ്ടി അന്വേഷണം പോലും നടത്തി കാര്യങ്ങള്‍ പരിഹരിക്കുവാന്‍ താല്പര്യം കാണിക്കാത്ത മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. പാര്‍ട്ടി ഗ്രാമങ്ങള്‍ തീവ്രവാദി സംഘങ്ങളുടെ വിഹാരകേന്ദ്രങ്ങളായി മാറിയിട്ടും അവരിപ്പോഴും മദനിയെപോലും മഹാത്മവായി കാണുന്നു.
ഒരിക്കല്‍ പോലും ഇന്ത്യന്‍ ദേശീയതയെ അംഗീകരിക്കാത്ത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ക്ഷേത്രങ്ങളെയും വിശ്വാസങ്ങളെയും തകര്‍ക്കുന്നതിനായി എന്നും നിലകൊള്ളുന്ന പ്രസ്ഥാനമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അവര്‍ ശബരിമലയുടെയും, ഗുരുവായൂര്‍ അടക്കമുള്ള ക്ഷേത്രങ്ങളുടെയും വരുമാനം സ്വന്തം കീശയിലാക്കുവാനും ക്ഷേത്രാചാരങ്ങള്‍ തച്ചുതകര്‍ത്ത് ദേവസ്വം ബോര്‍ഡ് പോലും പാര്‍ട്ടിക്കാര്‍ക്ക് തീറെഴുതാന്‍ ശ്രമിക്കുന്നു.
സ്വാശ്രയ പ്രശ്‌നത്തില്‍ കോടികളുടെ അഴിമതിക്ക് കൂട്ട് നില്‍ക്കുന്ന സര്‍ക്കാര്‍ ഇവിടുത്തെ മുതലാളിമാര്‍ക്ക് വേണ്ടി സ്വന്തം തൊഴിലാളികളെ ഒറ്റ്‌കൊടുക്കുന്നതായും കെ.ബി ശ്രീകുമാര്‍ പറഞ്ഞു. യോഗത്തില്‍ ബിജെപി സ്റ്റേറ്റ് കൗണ്‍സില്‍ മെമ്പര്‍ പി.പി നിര്‍മ്മലന്‍, ബി. എം.എസ്., മേഖല സെക്രട്ടറി സി കെ അശോക് കുമാര്‍, റ്റി.സി രാധാകൃഷ്ണന്‍, റ്റി പി ഗണേശ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തുളസി വിജയന്‍, ശ്യാമളാ മോഹനന്‍, ശ്രീകുട്ടന്‍ ഏഴാച്ചേരി, വാസന്‍ കൂടപ്പുലം, തുടങ്ങിയവര്‍ സംസാരിച്ചു.
















