കോഴഞ്ചേരി: ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ വഞ്ചിപ്പാട്ട് പ്രചരണത്തിനായി ഏര്‍പ്പെടുത്തിയ വഞ്ചിപ്പാട്ട് സോപാനം മത്സര ഫൈനലില്‍ ഇടയാറന്മുള കിഴക്ക് ജേതാക്കളായി. മൂന്നുമേഖലകളില്‍ നിന്നായി ആറു പള്ളിയോട കരക്കാരാണ് ഫൈനലില്‍ മത്സരിച്ചത്. സോപാന പന്തലില്‍ എത്തിയ ഭക്തര്‍ക്ക് ഭക്തിയും ആവേശവും പകര്‍ന്നുകൊണ്ടാണ് മത്സരം ആരംഭിച്ചത്.
മത്സരത്തിന്റെ തുടക്കം വഞ്ചിപ്പാട്ട് ആചാര്യനായ മധുസൂദനന്‍നായരുടെ നേതൃത്വത്തില്‍ ഭീഷ്മപര്‍വ്വത്തിലെ അര്‍ജ്ജുന സാരഥിയായി എന്നു തുടങ്ങുന്ന വരികള്‍ ബാബുരാജ് മാലേത്ത്, മുരുകന്, വേണുഗോപാല്‍, പുരുഷോത്തമന്‍നായര്‍, ശശികണ്ണങ്കേരില്, ഗീതാകൃഷ്ണന്‍, കിഷോര്‍കുമാര്‍, ഓമനക്കുട്ടന്, അനീഷ് കുമാര്‍, അനില്‍കുമാര്‍, ഹരീഷ് കുമാര്‍ എന്നിവര്‍ ഏറ്റുപാടിയപ്പോള്‍ 258 പൊയിന്റുകള്‍ നേടി ഇടയാറന്മുള കിഴക്ക് ഒന്നാം സ്ഥാനവും സുവര്ണട്രോഫിയും നേടി. 246 പൊയിന്റോടെ മുണ്ടന്കാവും, 242 പൊയിന്റോടെ നെല്ലിയ്ക്കലും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 2001 ല്‍ ഏര്‍പ്പെടുത്തിയ ആര്.ശങ്കര്‍ സുവര്‍ണ ട്രോഫിയും ആദ്യംവര്‍ഷം തന്നെ ഇടയാറന്മുള കിഴക്ക് നേടിയിരുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും വ്യവസായിയും സ്പോണ്‍സറുമായ മഠത്തില്‍ രഘുവും ചേര്‍ന്ന് ജേതാക്കള്‍ക്ക് ട്രോഫി സമ്മാനിച്ചു. വഞ്ചിപ്പാട്ട് സോപാനത്തിന്റെ ഉദ്ഘാടനത്തിന് സുരേഷ് ഗോപിയും സമാപനത്തിന് സുരേഷ്കൃഷ്ണയും പങ്കെടുത്തതും ശ്രദ്ധേയമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: