വിവിധ ഭാഷകളിലായി അനേകം സംഗീത സംവിധായകരെക്കൊണ്ട് സമ്പന്നമാണ് സിനിമാ സംഗീത ലോകം. സംഗീത സംവിധാന രംഗത്ത് അതികായരും അല്ലാത്തവരുമായി എത്രയെത്ര പേര്. ഇവര്‍ക്കിടയില്‍ എവിടെയെങ്കിലും ആനന്ദ്ഘന്‍ എന്ന പേര് കേട്ടിട്ടുണ്ടോ?. അതുപോട്ടെ അദ്ദേഹത്തിന്റെ ചിത്രം കണ്ടിട്ടുണ്ടോ? കണ്ടിട്ടില്ലെങ്കില്‍ ഗൂഗിളില്‍ പരതി നോക്കു. അപ്പോള്‍ ഒരു ചിത്രം കാണാം. ഈ വ്യക്തിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചാലോ അപ്പോഴും നമുക്ക് സുപരിചിതമായ ഒരു വ്യക്തിയുടെ വിവരങ്ങളിലേക്കാവും ഗൂഗിള്‍ നമ്മെ കൂട്ടിക്കൊണ്ടുപോവുക. ലതാ മങ്കേഷ്കറിലേക്ക്. അതെ ലതാ മങ്കേഷ്കറിന്റെ തൂലികാനാമമാണ് ആനന്ദ്ഘന്‍. 1960കളില്‍ നാല് മറാത്തി ചിത്രങ്ങള്‍ക്കാണ് ആനന്ദ്ഘന്‍ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത്.
ലതാ മങ്കേഷ്കര്‍ എന്നും ഒരത്ഭുതമാണ്. സംഗീതം കൊണ്ടാണ് അവര്‍ നമ്മെ കീഴ്പ്പെടുത്തിയിരിക്കുന്നത്. ആ പേര് കേള്‍ക്കുമ്പോള്‍ ഉള്ളിലൊരു രൂപവും തെളിയും. നെറ്റിയില്‍ ചുവന്ന നിറത്തിലുള്ള വട്ടത്തിലുള്ള പൊട്ട്. അധികം ചമയങ്ങളില്ലാത്ത പ്രസന്നമായ മുഖം. സാരിയുടെ മുന്താണി കഴുത്തിലൂടെ പുതച്ചിട്ടുണ്ടാവും. ഇതാണ് ലതാജിയുടെ സ്റ്റൈല്‍. ഭാരതീയ സംഗീതത്തിന് ഈ അനുഗൃഹീത ഗായിക നല്കിയ സംഭാവനകള്‍ക്ക് വിലമതിക്കാനാവില്ല. പാടുക മാത്രമല്ല, പാട്ടുകള്‍ ചിട്ടപ്പെടുത്തിയിട്ടുമുണ്ട്. 1929 സപ്തംബര്‍ 28 നായിരുന്നു ജനനം. ദീനനാഥ് മങ്കേഷ്കറും ശേവന്തിയുമായിരുന്നു മാതാപിതാക്കള്‍. പാടാന്‍ തുടങ്ങിയത് അഞ്ചാം വയസ്സില്‍. ഹേമ എന്നായിരുന്നു ആദ്യം മാതാപിതാക്കള്‍ നല്കിയ പേര്. അച്ഛന് നാടകനടനായിരുന്നു. അദ്ദേഹത്തിന്റെ ഭാവ് ബന്ധന് എന്ന നാടകത്തിലെ ശ്രദ്ധേയ കഥാപാത്രത്തിന്റെ പേര് ലതിക എന്നായിരുന്നു. ആ പേര് ചുരുക്കി ലത എന്നാക്കി ഹേമ എന്ന പേരിന് പകരം നല്കി.
പിന്നണി ഗായികയാകാനുള്ള മോഹത്തിന് ആദ്യം തിരിച്ചടികള്‍ നേരിട്ടു. ലതയുടെ നേര്‍ത്ത ശബ്ദമായിരുന്നു അവരെ തിരസ്കരിക്കാന്‍ കാരണം. 1942 മുതല്‍ 48 വരെ എട്ടിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. ഒന്നും വിജയിച്ചില്ല. 1942 ല്‍ പിതാവിന്റെ മരണത്തെത്തുടര്‍ന്ന് കുടുംബം പുലര്‍ത്തുന്നതിന് വേണ്ടി അഭിനയരംഗത്തെത്തി. ആദ്യമായി പാടിയത് മറാത്തി ചിത്രമായ കിതി ഹസാലി(1942)ക്ക് വേണ്ടിയായിരുന്നു. പക്ഷെ ഗാനം പുറത്തുവന്നില്ല. ചിത്രം എഡിറ്റ് ചെയ്തപ്പോള്‍ പാട്ട് വെളിച്ചം കാണാതെ പോയി. ഗുലാം ഹൈദര്‍ എന്ന സംഗീത സംവിധായകന് ലതയുടെ ശബ്ദത്തിലും കഴിവിലും പൂര്‍ണ വിശ്വാസമുണ്ടായിരുന്നു. അദ്ദേഹം സംഗീത സംവിധാനം നിര്‍ഹവിച്ച മജബൂര്‍ എന്ന ചിത്രത്തില്‍ ലതക്ക് പാടാന്‍ അവസരം നല്കി. ദില്‍ മേര തോട മുഛെ എന്ന ഗാനത്തിലൂടെ ലത മങ്കേഷ്കര്‍ എന്ന ഗായിക ഉദിച്ചു. ‘ഒരുനാള്‍ ഭാരതത്തിലെ നിര്‍മാതാക്കളും സംവിധായകരും ലതയുടെ കാല്ക്കല് വീഴും, അവരുടെ സിനിമകളില്‍ പാടണമെന്ന് അപേക്ഷിക്കും”ഹൈദര്‍ അന്ന് പറഞ്ഞ ഈ വാക്കുകള്‍ പിന്നീട് സത്യമായി. പിന്നെ അവര്‍ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
പാട്ടിനിടയില്‍ മറാത്തി ചിത്രങ്ങള്‍ക്കുവേണ്ടി പാട്ടുകള്‍ ചിട്ടപ്പെടുത്താനും സമയം കണ്ടെത്തി. സംഗീത സംവിധാനത്തില്‍ പുരുഷമേധാവിത്തം നിലനിന്ന സമയത്താണ് ലതാ മങ്കേഷ്കര്‍ സംഗീത സംവിധാന രംഗത്തേക്ക് കടക്കുന്നത്. ഭാരതത്തിലെ ആദ്യ സിനിമാ സംഗീത സംവിധായിക സരസ്വതി ദേവിയാണ്. അതിന് ശേഷമാണ് ഉഷാ ഖന്നക്ക് സ്ഥാനം. മോഹിത്യാഞ്ചി മഞ്ജുള(1963), മറാത്ത തിടുക മേല്‍വവ(1964), സാധി മാനസ(1965), തംമ്പാടി മാടി(1969) എന്നീ ചിത്രങ്ങള്‍ക്കുവേണ്ടിയായിരുന്നു സംഗീത സംവിധാനം.
ആനന്ദ്ഘന്‍ എന്ന പേരില്‍ സംഗീതം ചിട്ടപ്പെടുത്തുന്നതിന് മുമ്പെ 1950 ല്‍ പുറത്തിറങ്ങിയ റാം റാം പഹൂനെ എന്ന ചിത്രത്തിന് വേണ്ടി സ്വന്തം പേരില്‍ത്തന്നെ ലത മങ്കേഷ്കര്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരുന്നു. ദിന്‍കര്‍ ഡി. പാട്ടീലായിരുന്നു സംവിധായകന്. ചിത്രം മാത്രമല്ല അതിലെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു. അക്കാലത്തെ പ്രശസ്ത ചലച്ചിത്ര സംവിധായകനായ ഭാല്‍ജി പെന്ധാര്കര് സംവിധാനം ചെയ്ത നാല് മറാത്തി ചിത്രങ്ങള്‍ക്കുവേണ്ടിയാണ് ലത, തൂലികാനാമത്തില്‍ സംഗീതം ചിട്ടപ്പെടുത്തിയത്.
കേള്‍ക്കുവാന്‍ ഇമ്പമുണ്ട് എന്നതിനപ്പുറം മറാത്തി നാടോടി സംഗീതത്തിലുള്ള പരിജ്ഞാനവും മനോഹരമാം വിധത്തില്‍ ആ സംഗീതത്തേയും ഉപയോഗിച്ചു എന്നതും ആ ഗാനങ്ങളില്‍ പ്രകടമാകുന്ന പ്രത്യേകതയാണ്.
സംഗീത സംവിധാനത്തില്‍ മറക്കാനാവാത്ത അനുഭവങ്ങളും ലതാ മങ്കേഷ്കറിനുണ്ട്. സാധി മാനസയിലെ ഗാനങ്ങള്‍ എടുത്തുപറയേണ്ടതാണ്. അത്രത്തോളം പ്രശസ്തമായിരുന്നു അതിലെ ഗാനങ്ങള്‍. പാരമ്പര്യ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന കുടുംബത്തിന്റെ കഥ പറഞ്ഞ ആ ചിത്രം മികച്ച മറാത്തി ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയിരുന്നു. കൂടാതെ മികച്ച ചിത്രത്തിനുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ അവാര്‍ഡും സ്വന്തമാക്കി. സംഗീത സംവിധാനത്തിന് ആനന്ദ്ഘനും പിന്നണിഗാനത്തിന് ലതാ മങ്കേഷ്കറുമായിരുന്നു പുരസ്കാരം സ്വന്തമാക്കിയത്.
ഫലത്തില്‍ സംഗീത സംവിധാനത്തിനും പിന്നണി ഗാനത്തിനും അവാര്‍ഡ് ലതാ മങ്കേഷ്കറിന്! തംമ്പാടി മാടിയും ദേശീയ പുരസ്കാരം നേടിയ ചിത്രമായിരുന്നു. അവര്‍ സംഗീത സംവിധാനം നിര്‍വഹിച്ച അവസാന ചിത്രവും ഇതായിരുന്നു. ഗാനരചയിതാക്കളും സംഗീതജ്ഞരും ഗായകരും ചലച്ചിത്ര സംവിധായകനും തമ്മിലുള്ള നിരന്തര ചര്‍ച്ചകളും റെക്കോഡിങ്ങിന് മുമ്പുള്ള റിഹേഴ്സലുകളും സംഗീതം സംവിധാനത്തില്‍ ആവശ്യമായിരുന്നു. പിന്നണി ഗാനരംഗത്തെ തിരക്കുകള്‍ കാരണം എല്ലാം ഒരേപോലെ കൊണ്ടുപോവുക വിഷമകരമായതിനാല്‍ ലതാ മങ്കേഷ്കറിന്, ആനന്ദ്ഘനിനെ ഉപേക്ഷിക്കേണ്ടി വന്നു.
മറാത്തി ചലച്ചിത്ര ലോകത്തിനും ആസ്വാദകര്‍ക്കും അതൊരു തീരാനഷ്ടമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ആദ്യം തിരസ്കരിക്കപ്പെട്ടപ്പോഴുണ്ടായ വേദനയെ മറികടന്ന് സംഗീതത്തിലൂടെ എല്ലാവരേയും ആനന്ദിപ്പിക്കുകയാണ് ആനന്ദ്ഘന്‍ എന്ന അപരനാമത്തിന്റെ ഉടമ ലതാ മങ്കേഷ്കര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: