”എനിക്ക് തരാനുള്ള പ്രസാദം ഇതേയുള്ളൂ കുട്ടി, സ്നേഹിക്കൂ ഈശ്വരനേയും മനുഷ്യനേയും സ്നേഹിക്കൂ”- ”ഇവിടെ സുഖത്തിലല്ല- ധര്‍മ്മത്തിലാണ് ഗൃഹാസ്ഥാശ്രമം- ഭോഗത്തിലല്ല ത്യാഗത്തിലാണ്- ദാമ്പത്യം. ജീവിതം ഒരു യജ്ഞമാണ് കുട്ടി- അഗ്നിഹോത്രമാണ്.”അങ്ങനെ ലളിതാംബിക അന്തര്‍ജ്ജനം അന്തഃപുര ദുഃഖങ്ങളെ സൂര്യാഭിമുഖമാക്കി നിര്‍ത്തി. അവ വളര്‍ന്ന് മനുഷ്യദുഃഖങ്ങളായി. കൊടുങ്കാറ്റില്‍പ്പെട്ട ഇലപോലെ നിരാധാരമായ ജീവിതമൂല്യങ്ങളെച്ചൊല്ലിയുള്ള ദുഃഖങ്ങളായി. ‘അഗ്നിസാക്ഷി’ മാത്രമല്ല അവരുടെ മിക്ക കൃതികളും സമര്പ്പിതമായത് സ്വന്തം രാജ്യത്തിന്റെ വിമോചനചരിത്രത്തിനാണ്.
സ്വാതന്ത്ര്യസമരകാലത്തെ നിര്‍ഭരപ്രതീക്ഷകള്‍.
വിഭജനത്തിന്റെ പേരിലുണ്ടായ മനുഷ്യക്കുരുതിയെ നിനച്ചുള്ള അഗാധ സങ്കടവും. വിഭജനം എന്ന വിധിയുടെ ദൃഢമായ നിശ്ചയങ്ങള്ക്കുനേരെ മല്ലടിക്കാന്‍ ഹതഭാഗ്യയായ മാതൃഭൂമിക്ക് കഴിയാതെ പോയതും. സ്വാതന്ത്ര്യാനന്തരഘട്ടത്തിലെ സ്വാര്‍ത്ഥ രാഷ്ട്രീയത്തിന്റെ നിശിത പ്രതിഷേധവും ജനതയുടെ തേങ്ങിക്കരച്ചിലുമൊക്കെ അന്തര്‍ജ്ജനത്തിന്റെ കൃതികളില്‍ കാണാവുന്നതാണ്.
ലളിതാംബിക അന്തര്‍ജ്ജനം ഗാന്ധിഭക്തയായിരുന്നു. ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ക്കനുസരിച്ച് ജീവിക്കുകയും ചിന്തിക്കുകയും ചെയ്യുന്നത് നിഷ്ഠയായി സ്വീകരിച്ചു. തന്റെ സാഹിത്യസൃഷ്ടികളെ രൂപപ്പെടുത്തിയിരുന്ന ചിന്താപദ്ധതിയും അതുതന്നെയായിരുന്നു. അനേകം അവാര്‍ഡുകള്‍ വാരിക്കൂട്ടിയ അവരുടെ ഒരേയൊരു നോവലായ ‘അഗ്നിസാക്ഷി’യിലും ഗാന്ധിയന്‍ ചിന്താധാരയുടെ ഓളംവെട്ടല്‍ കാണാം.
‘അഗ്നിസാക്ഷി’യില്‍ 1942-ലെ ഒരു സംഭവത്തെഅന്തര്ജ്ജനം ഓര്‍ക്കുന്നതിങ്ങനെയാണ്: ”യുദ്ധത്തിന്റെ തീജ്വാലകള്‍ രാജ്യത്തിന്റെ അകത്തും പുറത്തും ആളിപ്പടര്‍ന്നിരുന്നു. ‘ക്വിറ്റ് ഇന്ത്യാ’ സമരം പ്രഖ്യാപിച്ച കാലം. നേതാക്കള്‍ മിക്കവരും തടങ്കലിലാണ്. നിരോധനാജ്ഞകള്‍ ലംഘിക്കപ്പെട്ടു. സിറ്റിയില്‍ പട്ടാളനിയമം പ്രഖ്യാപിച്ച സമയമായിരുന്നു അത്. പട്ടാളവണ്ടിയുടെ അലര്‍ച്ചയല്ലാതെ മറ്റൊരു ശബ്ദവും കേള്‍ക്കാനില്ല. പ്രധാനവീഥിയില്‍നിന്ന് ക്ലോക്ക്ടവറിലേക്ക് തിരിയുന്ന വഴിയില്‍ നൂറുനൂറ് കണ്ഠങ്ങളില്‍ നിന്ന് ഒരുമിച്ചുയര്‍ന്ന ജയഘോഷങ്ങള്‍-
ഭാരത്മാതാ കീ ജയ്…!
മഹാത്മാഗാന്ധി കീ ജയ്….!
ക്വിറ്റ് ഇന്ത്യ….!
ചുവന്ന കുപ്പായം ധരിച്ച് ചുവന്ന നിക്കറിട്ട് ചുവന്ന തൊപ്പിയുമണിഞ്ഞ് ത്രിവര്‍ണ്ണപതാകയും വീശി വീശി കുഞ്ഞാറ്റക്കിളികളുടെ സംഘം കടന്നുവരുന്നു. അവരുടെ പുറകെ സ്വാതന്ത്ര്യമല്ലെങ്കില്‍ മരണമെന്ന മുദ്രാവാക്യവുമായി രാജ്യത്തിനുവേണ്ടി സമര്‍പ്പണം ചെയ്ത ‘രക്തസാക്ഷി’ സംഘത്തിലെ വീരയുവാക്കള്‍. മുദ്രാവാക്യങ്ങളുടെ മുഴക്കവും പട്ടാളവണ്ടിയുടെ ഇരമ്പലും സ്വാതന്ത്ര്യഗാനങ്ങളുടെ പല്ലവിയുംകൊണ്ട് അന്തരീക്ഷം മുഖരിതമായി. ‘പോവട്ടെ ഞാന്‍, വിടൂ…..” ”വിടില്ല…” കടന്നുകൂടാ എന്ന മട്ടില്‍ പോലീസും വാളണ്ടിയര്‍മാരും കടുവയും പുലിയും കളിക്കുകയാണ്.
ആരോ ക്ലോക്ക്ടവറിന്റെ മേലേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട് പേടിപ്പെടുത്തുന്ന സ്വരത്തില്‍ വിളിച്ചു അയ്യോ….! അതാ നോക്കൂ…! അവന്…അവന്… ആ കുട്ടി… പത്തോ പന്ത്രണ്ടോ വയസ്സായ ഒരോമനക്കുട്ടന്‍ ആകാശചുംബിയായ ആ മണിമേടയുടെ മുകളിലേക്ക് വലിഞ്ഞുകേറുകയാണ്. അവന് ആകാശം നടുങ്ങുമാറ് വിളിക്കുന്നു.
”ഭാരത് മാതാ കീ ജയ്…!”
പട്ടാളക്കാര്‍ തോക്ക് ചൂണ്ടിക്കൊണ്ട് ആജ്ഞാപിച്ചു. താഴെത്തിറങ്ങു മഠയാ! ഇല്ലെങ്കില്‍ ഞങ്ങള്‍ താഴെയിറക്കും! അവന് പുച്ഛത്തോടെ ചിരിച്ചുകൊണ്ട് കീഴോട്ട് നോക്കി പട്ടാളക്കാരെയും ജനക്കൂട്ടത്തെയും മാറിമാറി കടാക്ഷിച്ചു. എന്നിട്ട് അപകടം പിടിച്ച ആ ചെരുവിലൂടെ അള്ളിപ്പിടിച്ച് കയറുവാന്‍ തുടങ്ങി. പ്രഭാതസൂര്യന്റെ ചെങ്കതിരുകള്‍ തട്ടി ക്ലോക്ക്ടവറിന്റെ മുകള്ഭാഗം ചോരയില്‍ കുളിച്ചതുപോലെ തോന്നി. അരുത് മകനെ അരുത് താഴെയിറങ്ങ്! എന്നു വിൡച്ചുപറയാന്‍ തോന്നി തനിക്ക്. ആളുകള്‍ വീര്‍പ്പടക്കി കാത്തുനിന്നു. ഇവനെ പ്രസവിച്ച അമ്മ ധന്യയാണ്. അവനെപ്പെറ്റ രാജ്യം അഭിമാന്യവും. അനേകായിരം ആളുകളുടെ ആശംസകളും വഹിച്ചുകൊണ്ട് ആ ബാലന് മേലോട്ട് മേലോട്ട് കയറിപ്പോയി. മണിമാളികയുടെ മുകളിലെത്തി, ജനക്കൂട്ടത്തെ നോക്കി കൈവീശി ചിരിച്ചു. സ്വാതന്ത്ര്യപതാകയെടുത്ത് നിവര്‍ത്തി ഉയരത്തില്‍ കുത്തി. ദിഗന്തം മുഴങ്ങുമാറുള്ള മുദ്രാവാക്യങ്ങള്‍ പിന്നെയും മുഴങ്ങുന്നു.
ഭാരത്മാതാ കീ ജയ്…!
വീരകുമാര്‍ കീ ജയ്…!
ഭാരതത്തിന്റെ അഭിമാനംപോലെ ചിറകടിച്ചാടുന്ന ത്രിവര്ണ്ണപതാകക്കെതിരെ, വിജയിയായ അഭിമന്യുവിനെപ്പോലെ ആ ബാലന് നില്‍ക്കുകയായിരുന്നു. പെട്ടെന്ന് പട്ടാളത്തോക്കുകള്‍ ഗര്‍ജ്ജിച്ചു. വെടിയുണ്ടകള്‍ ചീറി. ആയിരം മിന്നല്‍പ്പിണരുകള്‍ ഒരുമിച്ച് ആകാശത്തേക്കുയരുംപോലെ….ക്ലോക്ക്ടവറിന്റെ മുകളില്‍ ചിരിച്ചുകൊണ്ടിരുന്ന മാലാഖ രക്തകണങ്ങളുതിര്ത്തുകൊണ്ട് ഒരു വെള്ളില്പക്ഷി കണക്കേ കറങ്ങിക്കറങ്ങി താഴെ വീണു. അത്യുഗ്രമായ ആരവം തുടര്‍ന്നു. പട്ടാളവും ജനക്കൂട്ടവുമായി സംഘട്ടനം! ലാത്തിച്ചാര്‍ജ്! വെടിവയ്പ്…! ആളുകള്‍ അത്യുച്ചത്തില്‍ വിളിച്ചു.
”അവന് ഞങ്ങളുടെയാണ്….!”
”അവനെ ഞങ്ങള്‍ക്കുവേണം….!”
”അവനെ…”
ഇന്ത്യയുടെ വീരകുമാരനെ. ക്ലോക്ക്ടവറിന്റെ ചുവട്ടിലുള്ള ഭാഗം മുഴുവന്‍ പോലീസ് ബന്തവസ്സിലായിരുന്നു. പക്ഷേ ആള്‍ക്കുട്ടത്തെ ചിതറി മാറ്റിക്കൊണ്ട് നാരീസേന സമിതിയിലെ ഒരു യുവതി മുന്നോട്ട് നുഴഞ്ഞുകയറി. പട്ടാളക്കാരെ തട്ടിയിട്ടുകൊണ്ട് അവര്‍ ആ ബാലന്റെ ശരീരം വാരിയെടുത്തു. വാടിയ താമരത്തണ്ടുപോലെയുള്ള ആ ശരീരത്തില്‍നിന്ന് അപ്പോഴും ജീവനറ്റിരുന്നില്ല. അവര്‍ അവനെ മാറോടണച്ചു ചുംബിച്ചു. അവന്റെ ഹൃദയത്തില്നിന്നൊലിച്ച രക്തംകൊണ്ട് അവരുടെ തൂവെള്ളസാരി മുഴുവന്‍ ചുവപ്പായിമാറി. ഒരേ സമയത്ത് കരയുകയും ചിരിക്കുകയും ചെയ്യുന്ന ഭാരതമാതാവിനെപ്പോലെ ഉജ്വലവും ഗംഭീരവദനയുമായിരുന്നു യുവതി. പട്ടാളക്കാര്‍ അവരില്‍നിന്ന് ആ കുട്ടിയെ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചു. ലാത്തിത്തല്ലേറ്റ് തലപൊട്ടി ചോരയൊലിച്ചിരുന്നു. രക്താംബരം കീറിമുറിഞ്ഞ് കഷണങ്ങളായി ചിതറിപ്പോയി. പോലീസുകാര്‍ വലിച്ചിഴച്ച് നിലത്തുവീഴ്ത്തിയിട്ടും കുട്ടിയുടെ ശരീരത്തെ അവര്‍ ഹൃദയത്തോട് അമര്‍ത്തിപ്പിടിച്ചിരുന്നു. നിറഞ്ഞ കണ്പീലികളില്നിന്നും ഒരിറ്റു കണ്ണീര്‍പോലും ഇല്ലാതെ നെറ്റിയില്‍നിന്നും ചോരയൊലിപ്പിച്ച് തലയുയര്‍ത്തിനിന്ന യുവതിയുടെ കണ്ണുകളില്‍ നിന്ന് അഗ്നി ജ്വലിച്ചു. ചുണ്ടുകള്‍ വിറച്ചു.
ആ ഛായ- ആ നോട്ടം, ആരുടേതാണിത്. എത്ര ദുര്‍ബ്ബലയാണു താന്‍! എത്ര ഹീനയാണ്! അന്ന് ആ ജനക്കൂട്ടത്തിലേക്കോടിയിറങ്ങി, എന്തുകൊണ്ട് പറഞ്ഞില്ല ഞാനും ഭാരതീയയാണ് ഞാനും നിങ്ങളുടെ കൂടെയാണ്. ആ സ്ത്രീ മരിച്ചുവോ? ഏതു സ്ത്രീ, ഇന്നു രാവിലെ ലാത്തിയടിയേറ്റു വീണ ആ സ്ത്രീ, ആ കുട്ടിയുടെ ശരീരവുംകൊണ്ട് ജനക്കൂട്ടത്തിലേക്കു വന്ന സ്ത്രീ?…ഓ…അതോ… അങ്ങനെ- എത്രയെത്ര സ്ത്രീകള്‍ ലാത്തിയടിയേറ്റു വീണു മരിക്കുന്നു…..അവരുടെയൊക്കെ ഭാവി എന്താണെന്നു നമുക്കറിയുമോ….അറിയേണ്ട ആവശ്യമില്ലല്ലോ.” ചന്ദനത്തിരിയിലെ തീപ്പൊരിപോലെ മനസ്സില്‍ എരിഞ്ഞുകയറുന്ന വാക്കുകള്‍. ആ വാക്കുകള്‍തന്നെയായിരുന്നു ലളിതാംബിക അന്തര്‍ജനം. ഒരു കൊച്ചുകുട്ടി ചുവരില്‍ ചിത്രം വരക്കുന്നതുപോലെ ആത്മാര്‍ത്ഥമായി അവര്‍ കഥകളെഴുതി. ആ എഴുത്തില്‍ ഒരേകാകിയെ എന്നും എപ്പോഴും കാണാം. ഒരു സന്യാസിനിയെയും. അതേ അവസരത്തില്‍ ഒരു ജീവിതപ്രേമിയെയും കാണാം. മഹാദുഃഖത്തിന്റെ അടിത്തട്ടില്‍ ശ്വാസംമുട്ടി നീങ്ങുമ്പോഴും ആര്‍ജ്ജിത സംസ്കാരത്തിന്റെ ഉള്‍ക്കരുത്തോടെ, തനി നിസ്സഹായയെപ്പോലെ എന്നാലും പുഞ്ചിരിക്കുന്ന ഒരു അപരാജിതയേയും കാണാം. സര്‍വ്വോപരി ഏത് ക്രൂരതതുടെ കൂരിരുട്ടിലും നന്മ…നന്മ…എന്ന്- ദീപം…ദീപം എന്നപോലെ ഉരുവിടുന്ന വെളിച്ചത്തിന്റെ ആരാധികയേയും കാണാം.
സാമൂഹ്യവും രാഷ്ട്രീയവുമായ പരിവര്‍ത്തനത്തിന്റെ വേദന നിറഞ്ഞ അനുഭവങ്ങളും പരിവേദനങ്ങളും പ്രതിഷേധങ്ങളും അടങ്ങുന്ന ഓര്മ്മക്കുറിപ്പുകള്കൂടിയാണ് ‘അഗ്നിസാക്ഷി.’ ഒരു സമുദായത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയതാണെങ്കിലും അന്നത്തെ സാമൂഹ്യജീവിതത്തില്‍ പൊതുവെയുണ്ടായിരുന്ന പല പ്രശ്നങ്ങളെപ്പറ്റിയും ഇതില്‍ സൂചന കാണാം. ”ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് സ്വാതന്ത്ര്യപ്രസ്ഥാനത്തില്‍ പങ്കുചേരാന്‍വേണ്ടി നാടും വീടും വിട്ടിറങ്ങിയ സ്ത്രീകള്‍, സന്യാസത്തിലേക്കുള്ള പടവുകള്‍ കയറിയ സ്ത്രീകള്‍- അങ്ങനെ ഇറങ്ങിത്തിരിച്ചതാണ് ‘അഗ്നിസാക്ഷി’യിലെ വൃദ്ധയായ ഹിന്ദി ടീച്ചര്‍ കല്യാണീദേവിയും….’കല്യാണിദേവിക്കു നാട്ടില്‍ ബന്ധുക്കളാരുമില്ലേ? അവര്‍ ചിരിച്ചു: ഭാരതം മുഴുവന്‍ എന്റെ നാടാണല്ലോ…. അവര്‍ കുറേനേരം ധ്യാനനിമഗ്നയായിരുന്നിട്ട് പറഞ്ഞു: സ്വന്തം എന്നത് വെറും തോന്നലാണ്. ആരും ആര്‍ക്കും സ്വന്തമല്ല.
സന്യാസിമാര്‍ ആത്മത്യാഗം ചെയ്യുന്നത് എങ്ങനെയാണെന്ന് താങ്കള്‍ക്കറിയാമോ? അവര്‍ തന്നെത്താന്‍ സ്വന്തം പാദങ്ങളില്‍ തനിക്കുള്ള പിണ്ഡം അര്‍പ്പിക്കുകയാണ്. അവരെ സംബന്ധിച്ചിടത്തോളം പിന്നെയവര്‍ സ്വയം മരിച്ചവരാണ്. മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുന്നു. വിശാലമായ ഇന്ത്യാരാജ്യം മുഴുവന്‍ എന്റെയാണ്. ഇവിടെയുള്ള ജനങ്ങള്‍ മുഴുവന്‍ സ്വന്തം. ഒരുനേരം ഉണ്ണാനുള്ള വക നിങ്ങള്‍ തരുന്നു. ഞാനതില്‍ സംതൃപ്തയാണ്. പക്ഷേ എനിക്ക് മതിയായി. എന്റെ ഭാരതം, എന്റെ സ്വരാജ്യം, ജീവന് കൊടുത്തു നേടിയ രാമരാജ്യം അതിന്റെ വിധി എന്തായി എന്നോര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു. ഞങ്ങള്‍ നിഷേധിച്ചിരിക്കുന്നതിന്റെ എല്ലാം പ്രതീകമാണ് ഇന്നത്തെ ഭാരതം. കളവും കരിഞ്ചന്തയും അന്തഛിദ്രവും അധികാരമത്സരവും ഇവിടെ നടമാടുന്നു. സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന് ത്യജിച്ച പ്രശസ്തനായ ദേശാഭിമാനിയുടെ മകള്‍ കുടിച്ചുകൂത്താടി ഒരു വിദേശിയുടെ തോളില്‍ത്തൂങ്ങി പഞ്ചനക്ഷത്ര ഹോട്ടലില്‍നിന്ന് വെളിയിലേക്ക് വരുന്നു. അവള് മുക്കാലും നഗ്നയാണ്, എന്നെ കണ്ടപ്പോള്‍ ചിരിച്ചു: എന്റെ അച്ഛന് വിശന്നു വിശന്നു മരിച്ചു. അവര്‍ അദ്ദേഹത്തെ തൂക്കിലിട്ടു. ഞാന്‍ സുഖിച്ചു സുഖിച്ചു മരിക്കും. സ്വതന്ത്രഭാരതത്തിലെ മരണം- വരൂ എന്നോടൊത്തുവരൂ. ആ വിദേശിയുടെ തോളില്‍ തൂങ്ങിക്കൊണ്ട് ആടിയാടി അവള് നടന്നുനീങ്ങുന്നത് നോക്കി ഞാന്‍ കരഞ്ഞുപോയി…..”
രാജ്യാഭിമാനത്തെക്കുറിച്ചും സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ചും സമൂഹത്തിലെ താഴ്ത്തപ്പെട്ടവരെക്കുറിച്ചും അവര്‍ പ്രസംഗിച്ചുകൊണ്ടിരുന്നു. ”ഒരു ജാതിയുടേയോ ഒരു മതത്തിന്റെയോ സമുദായത്തിന്റെയോ ആളല്ല ഞാന്‍. നൂറ്റാണ്ടുകളായി മര്‍ദ്ദനമനുഭവിക്കുന്ന സ്ത്രീവര്‍ഗ്ഗത്തിന്റെ മുഴുവന്‍ പ്രതിനിധിയാണ്, മൂടുപടം നീക്കി മുമ്പില്‍ നില്ക്കുന്ന ഈ സത്യത്തെ നോക്കി നിങ്ങള്‍ക്ക് ശപിക്കുകയോ അനുഗ്രഹിക്കുകയോ ചെയ്യാം. പക്ഷെ ഞങ്ങളുടേതായ ഈ ദുഃഖഭാരം നിങ്ങളുടെ സൃഷ്ടിയാണെന്ന് ഓര്‍മ്മ വേണം.” നാടുവാഴിത്ത സംസ്കാരവും പത്തൊമ്പതാം നൂറ്റാണ്ടിലെ നായര്‍ സമുദായത്തിന്റേയും നമ്പൂതിരി സമുദായത്തിന്റേയും സാമൂഹികാചാരങ്ങളും യഥാസ്ഥിതിക ദുരാചാരങ്ങളുടെ ശബ്ദങ്ങളും നായര്‍ സമുദായത്തിലെ ഭാര്യമാരും സന്താനങ്ങളും മറ്റും അനുഭവിച്ച വേദനകളും യാഥാര്‍ത്ഥ്യബോധത്തോടെയാണ് അന്തര്‍ജ്ജനം ഇവിടെ ചിത്രീകരിക്കുന്നത്.
വാചാലമായ മഹാമൗനത്തെ രുദ്രഗീതമാക്കിമാറ്റുന്ന പാദങ്ങളിലൂടെ മന്ത്രശക്തിയുണര്‍ത്തിയാണ് അവര്‍ ‘അഗ്നിസാക്ഷി’ എഴുതിയത്. ഓര്‍മ്മകളില്‍നിന്ന് സത്യത്തിലേക്കും അവിടെനിന്ന് ഹൃദയത്തിലേക്കുമുള്ള ഒരു തീര്‍ത്ഥയാത്രയാണ് മലയാളസാഹിത്യത്തിലെ ഈ കൃതി. സ്നേഹത്തിന്റേയും ത്യാഗത്തിന്റേയും തീര്‍ത്ഥത്തില്‍ മനസ്സ് മുങ്ങി, കുളിരുപോലെ വിശുദ്ധിയും നിലാവും വെളിച്ചവും പകര്‍ന്നുതരുന്ന കഥാപാത്രങ്ങളാണിതിലുള്ളത്.
അഗ്നിസാക്ഷിയായി വേളികഴിച്ച് ഇല്ലത്തിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ തളച്ചിട്ട ആത്തേന്മാരുടെ ഗദ്ഗദങ്ങളുടെ തുടിപ്പുകളാണിത്. സ്വന്തം ധര്‍മ്മപത്നിയുടെ കിടപ്പറയില്‍ കിടക്കാന്‍ നല്ലനേരം നോക്കുന്ന ഉണ്ണിയേട്ടന്റെ പത്നിയായി മാനമ്പള്ളി സ്വരൂപത്തില്‍ വന്ന തേതിക്കുട്ടിക്കാവിനു പഴയ ആചാരങ്ങളില്‍ കുമിഞ്ഞുകിടന്ന സാഹചര്യങ്ങളോട് പൊരുത്തപ്പെടാനായില്ല.
ഒരക്ഷരം വായിക്കാനില്ലാതെ, ഒരാളോടും മിണ്ടാനില്ലാതെ മരിച്ചപോലുള്ള ജീവിതത്തില്‍ അവളുടെ ഉള്ളുരുകി. സമുദായത്തെ ശുദ്ധീകരിക്കണമെന്ന് മോഹിച്ചു. നാടിനെ ഉദ്ധരിക്കണമെന്നു മോഹിച്ചു. ആദര്‍ശസുരഭിലമായ ഒരു നവലോകം കെട്ടിപ്പടുക്കണമെന്നു മോഹിച്ചു. ആ ശരീരത്തിലും മനസ്സിലും ഒരഗ്നിപര്‍വ്വതം പുകഞ്ഞുനീറി. പരിവര്‍ത്തനത്തിനുവേണ്ടി കൊതിക്കുന്ന ഒരേകാന്തദുഃഖത്തിന്റെ തേങ്ങലനുഭവപ്പെട്ടു. ഒക്കെ എറിഞ്ഞു തകര്‍ത്തുകളയാനുള്ള ക്രോധം, വിഷാദം, നിസ്സഹായത. എറിയാന്‍ ഒന്നേ കൈയിലുണ്ടായിരുന്നുള്ളൂ. ഞെരിഞ്ഞു തകര്‍ന്ന സ്വന്തം ജീവിതം! അതും കൈയിലെടുത്തുകൊണ്ട് അലഞ്ഞലഞ്ഞ് അവര്‍ സാമൂഹ്യപ്രവര്‍ത്തനത്തില്‍ വളരെ പേരെടുത്ത സ്ത്രീയായി. ജീര്‍ണ്ണിച്ച ആചാരങ്ങളെയും വിശ്വാസങ്ങളെയും നശിപ്പിക്കണമെന്ന് തോന്നി. സ്വന്തം ജീവിതം പടക്കമാക്കിയെടുത്ത് ചുറ്റുപാടുമുള്ള ചവറുകള്‍ക്ക് തീകൊടുക്കുന്നതില് സന്തോഷിച്ചു. പുരോഗതിയുടെ മുന്നിലുള്ള സകല പ്രതിബന്ധങ്ങളെയും അടിച്ചുപറത്തിക്കൊണ്ട് തേതിക്കുട്ടി ദേവകി മാനമ്പള്ളിയായി. അവര്‍ ഉണ്ണിയേട്ടന്റെ ആരുമല്ലാതായി. സമുദായത്തിന്റേയും രാജ്യത്തിന്റേതുമായി. വ്യക്തിയില്‍നിന്നും പ്രസ്ഥാനമായി.
ഗാന്ധിജിയുടെ പ്രിയപ്പെട്ട, അന്തേവാസിനിയായി. ദേവീബഹനായി. അതോടുകൂടി ഉണ്ണിയേട്ടന്റെ ജീവിതം ശ്രീകോവിലിലെ പ്രതിഷ്ഠയായി മാറി. ഇഷ്ടദേവതയുടെ വിഗ്രഹത്തെ ചുമലിലേറ്റി സുരക്ഷിതസ്ഥാനത്തെത്തിക്കുവാന് അദ്ദേഹം ശ്രമിച്ചു. അദ്ദേഹം നിശ്ചലജ്ഞാനിയും ധ്രുവനക്ഷത്രത്തെപ്പോയെ തിളക്കമുള്ളവനും ഇളക്കമില്ലാത്തവനുമായിരുന്നു. ബ്രാഹ്മണകുലത്തില്‍ ജനിച്ചവര്‍ക്ക് ജീവിതം ഒരു യജ്ഞമാണെന്നും സ്വന്തം സുഖത്തെക്കാള്‍ മറ്റുള്ളവരുടെ ഹിതമാണ് സ്വീകരിക്കേണ്ടിവരിക എന്നും വിശ്വസിച്ചു. ഈശ്വരനിലൂടെ പ്രപഞ്ചത്തെ സ്നേഹിക്കുന്ന ഉണ്ണിയേട്ടനും സ്വാതന്ത്ര്യബോധത്തില്‍ ജനിച്ചുവളര്‍ന്ന തേതിക്കുട്ടിയും ധര്‍മ്മരോഷത്താല്‍ തിളച്ചുരുകി സ്വന്തം ജീവരക്തം ബലിയര്‍പ്പിച്ച കഥാപാത്രങ്ങളാണ്. സ്വാതന്ത്ര്യലബ്ധിക്കുശേഷം യാതനയുടെ വേതനവും പറഞ്ഞ് മുന്നോട്ടു വന്നവരുടെ കൂട്ടത്തില്‍ ദേവീബഹനെ കണ്ടില്ല. ഭാവിഭാരതത്തിന്റെ പ്രതീകത്തെ മാറോടണച്ചുകൊണ്ടു ചോരയില്‍ കുളിച്ചുനിന്ന നിസ്വാര്‍ത്ഥമായ ആ വീരനായിക അവസാനം പുണ്യനഗരത്തിലെത്തി സന്യസിക്കാന്‍ തീരുമാനിച്ചു. സേവാശ്രമത്തിലെ അമ്മയായി. പണ്ട് ഉണ്ണിയേട്ടനില്‍ ദോഷമായി കണ്ടതെല്ലാം ഇന്ന് ഗുണമായി. ജന്മപഥത്തിലെന്നപോലെ കര്‍മ്മപഥത്തിലും അവര്‍ ഒന്നായിത്തീരുന്നതാണ് ‘അഗ്നിസാക്ഷി’യിലെ പ്രമേയം.
സമുദായസംസ്കാരത്തിനെതിരെ ഉയരുന്ന അനാചാരങ്ങളില്‍ അമര്‍ഷംകൊണ്ട് തന്റെ വരായുധമായ വാക്കുകളെ വാളിന്റെ വായ്ത്തലപോലെ മിനുക്കി മൂര്‍ച്ചകൂട്ടി വരച്ചുവച്ച രണ്ട് കഠിനശില്പങ്ങളാണ് ഇവര്‍. സ്നേഹത്തിലും വിശ്വാസത്തിലും സദാചാരബോധത്തിലും ഉറപ്പിച്ച് നിര്‍ത്തിക്കൊണ്ടുതന്നെ ഈ ദമ്പതികളെ സമുദായത്തിന്റേയും രാജ്യത്തിന്റെയും ഒരു കാലഘട്ടത്തിന്റെ വിഷാദത്തുടിപ്പുകളോടുകൂടി സമൂഹജീവിതാഗ്നിക്ക് സാക്ഷിയാക്കി മാറ്റുകയായിരുന്നു ലളിതാംബിക അന്തര്‍ജ്ജനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: