ഭാരത രാജനീതിക്കു നൂതനമായ തത്വചിന്ത കാട്ടിത്തരികയും, മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ വാതായനങ്ങള്‍ തുറക്കുകയും, രാജനീതി മേഖലയില്‍ അയിത്തത്തിനും, അസഹിഷ്ണുതയ്ക്കും സ്ഥാനമില്ലെന്ന് സ്വയം മുന്‍കൈയെടുത്ത് മാതൃകയാകുകയും ചെയ്ത മഹാമനീഷിയും ഋഷിതുല്യനുമായിരുന്നു പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ. അദ്ദേഹത്തിന്റെ നൂറ്റാണ്ടു പിറന്നാളാഘോഷവും, അദ്ദേഹം അദ്ധ്യക്ഷത വഹിച്ച ഭാരതീയ ജനസംഘത്തിന്റെ 14-ാം അഖിലഭാരതീയ സമ്പൂര്‍ണ സമ്മേളനത്തിന്റെ അമ്പതാമാണ്ട് പിറവി കഴിഞ്ഞ ആഴ്ചയില്‍ കോഴിക്കോട്ട് നടന്ന വേളയില്‍ അതിന് സാക്ഷ്യം വഹിക്കാന്‍ സാധിച്ചത് ആറുപതിറ്റാണ്ട് കാലത്തെ പൊതുജീവിതത്തില്‍ ഏറ്റവും ധന്യത അനുഭവിച്ച മുഹൂര്‍ത്തമായി അനുഭവപ്പെട്ടു. അഖിലഭാരതീയ സമ്മേളനത്തിന്റെ വേദിയായിരുന്ന കോഴിക്കോട്ടെ സാമൂതിരി വിദ്യാലയത്തിന്റെ അങ്കണത്തില്‍ അന്‍പതാണ്ടുകള്‍ക്കപ്പുറം നടന്ന ആ മഹാസംഭവത്തിന്റെ ഒരുക്കങ്ങളില്‍ പങ്കുവഹിച്ചവരുടെ സംഗമത്തോടൊപ്പം; 1975 ലെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെതിരെ ജനാധിപത്യ പുനസ്ഥാപനത്തിനായി നടത്തപ്പെട്ട സംഘര്‍ഷത്തിലെ സേനാനികളും പങ്കെടുത്ത സംഗമമാണിവിടെ ഉദ്ദേശിച്ചത്. ജനസംഘത്തിന്റെ ഇന്നത്തെ രൂപമായ ഭാരതീയ ജനതാ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും, പ്രധാനമന്ത്രി നരേന്ദ്രമോദിയും, കേരളത്തിലെ സംഘപ്രസ്ഥാനങ്ങളുടെ ആചാര്യവര്യനായ പരമേശ്വര്‍ജിയും പരിപാടിയില്‍ അനുഗ്രഹം ചൊരിയാനെത്തിയതും അന്തരീക്ഷം വികാരഭരിതമാക്കി. രാജനീതിയുടെ അന്തരീക്ഷത്തിന് പകരം, ദീനദയാല്‍ജിയുടെ ദീപ്തമായ സ്മരണകളായിരുന്നു അതില്‍ പങ്കെടുത്തവരില്‍ ഉണര്‍ന്നത്.
പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങായിരുന്നതിനാല്‍ സുരക്ഷാ നിയമങ്ങളുടെ കാര്‍ക്കശ്യത്തെ തികഞ്ഞ അച്ചടക്കത്തോടെ അനുസരിച്ച് നാലുമണിക്കൂറോളം അവിടെ കൂടിയ എഴുന്നൂറോളം പേര് കാത്തിരുന്നു. ഞാനടക്കം പലരും കുടുംബസഹിതമാണെത്തിയത്. കടപ്പുറത്തെ പൊതുയോഗം കഴിഞ്ഞുള്ള അഭൂതപൂര്‍വമായ ജനത്തിരക്കുമൂലം പ്രധാനമന്ത്രിക്കും അമിത്ഷാക്കും നിശ്ചയിച്ചിരുന്നതിനെക്കാള്‍ ഒന്നരമണിക്കൂര്‍ വൈകിയേ സ്ഥലത്തെത്താന്‍ കഴിഞ്ഞുള്ളൂ.
എന്നെ സംബന്ധിച്ചിടത്തോളം 1967ലെ അനുഭവങ്ങള്‍ ചലച്ചിത്രത്തിലെന്നപോലെ മനസ്സില്‍ തെളിഞ്ഞുവന്നു. അന്ന് സമ്മേളനത്തിന്റെ ഒന്നാം ദിവസം ദീനദയാല്‍ജിയും പ്രവര്‍ത്തകസമിതിയംഗങ്ങളും അവരുടെ വസതിയില്‍നിന്ന് ശ്രീനാരായണ നഗറിലേക്ക് നടന്നാണ് വന്നത്. അവര്‍ക്കും പ്രതിനിധികള്‍ക്കുമൊക്കെ പ്രവേശികകള്‍ നേരത്തെ നല്‍കിയിരുന്നു. കവാടത്തില്‍ പ്രവേശിക പരിശോധിക്കാന്‍ നിന്ന പ്രബന്ധകര് മിക്കവരും കുട്ടികളായിരുന്നു. ദീനദയാല്‍ജി കവാടത്തിലെത്തിയപ്പോള്‍ പ്രവേശിക ധരിച്ചിരുന്നില്ല. അതിനെക്കുറിച്ച് പ്രബന്ധകന്‍ ആരാഞ്ഞപ്പോള്‍ അദ്ദേഹം അവിടെ കാത്തുനിന്ന്, അതെത്തിയപ്പോള്‍ മാത്രം അകത്തുകടക്കുകയും ആ ബാലനെ അഭിനന്ദിക്കുകയും ചെയ്തു. ഈ സംഭവം അന്ന് പത്രവാര്‍ത്തയായി. അദ്ദേഹം കോഴിക്കോട്ടുണ്ടായിരുന്ന അഞ്ചുദിവസങ്ങളിലും എന്തെങ്കിലും ആവശ്യത്തിനായി ബന്ധപ്പെട്ട് വന്നപ്പോഴൊക്കെ ആ മുഖത്തെ തുറന്ന ചിരിയും കണ്ണുകളിലെ തിളക്കവും മനസ്സില്‍നിന്ന് ഇന്നും മാഞ്ഞിട്ടില്ല. സമ്മേളനത്തിനിടെ അദ്ദേഹത്തെ കണ്ണൂരിനടുത്ത പെരളശ്ശേരിയില്‍ കൊണ്ടുപോയെന്ന അവകാശവുമായി ഒരു ടാക്സിക്കാരന്റെ വാര്‍ത്ത പത്രത്തില്‍ വായിച്ചു. അങ്ങനെ എന്തെല്ലാം വിചിത്ര വാര്‍ത്തകള്‍ കേട്ടിട്ടുണ്ട്! ഇനിയും കേള്‍ക്കേണ്ടിയും വന്നേക്കാം.
പഴയകാലത്തെ എത്രയോ സഹപ്രവര്‍ത്തകരെ കാണാനും ആഹ്ലാദം പങ്കുവെക്കാനും കഴിഞ്ഞതാണ് ഈ യാത്രയിലെ വികാരനിര്‍ഭരമായ കാര്യം. അഞ്ചും ആറും പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ആരംഭിച്ച് നിലനിന്ന ഹൃദയംഗമമായ ബന്ധം, മുപ്പതും മുപ്പത്തഞ്ചും വര്‍ഷങ്ങള്‍ക്കുശേഷവും അതേ ഊഷ്മളതയോടെ അവരില്‍ ഇന്നും കാണുന്നത് സംഘം സൃഷ്ടിച്ച മഹിമാ പ്രഭാവംകൊണ്ടു തന്നെയാണ്. അന്‍പതുവര്‍ഷത്തിനുശേഷം കാണുമ്പോള്‍ എന്നെ പ്പറ്റി ”ങ്ങക്ക് ഒരു മാറ്റവും ബന്നിക്കില്ലാലോ” എന്നു പറയുമ്പോള്‍ ആ മനസ്സ് എത്ര സന്തുഷ്ടമാണെന്ന് പറയേണ്ടതില്ലല്ലൊ.
അന്ന് കാണുമെന്ന് പ്രതീക്ഷിച്ചവരില്‍ പലരേയും കാണാന്‍ കഴിയാത്തത് ഇച്ഛാഭംഗം ഉണ്ടാക്കി. വിശേഷിച്ചും കാണുമെന്ന് പ്രതീക്ഷിച്ച് പലവട്ടം ഫോണ്‍ ചെയ്തവര്‍, അവരില്‍ ചെറുവക്കാടു നാരായണന് നമ്പൂതിരി ഒരാഴ്ചയോളമായി എന്നും അന്വേഷിക്കുമായിരുന്നു. 1967 ലെ സമ്മേളനത്തിന്റെ ആരംഭദിവസം പ്രഭാതത്തില്‍ അദ്ധ്യക്ഷവേദിയില്‍ നടത്തപ്പെട്ട ഗണപതി ഹോമത്തിന്റെ പരികര്‍മിയായി നില്ക്കുന്ന ചിത്രം അന്ന് പ്രസിദ്ധീകരിച്ച ചിത്ര പുസ്തകത്തിലുണ്ട്. മാത്രമല്ല 1957 ല്‍ ഞാന്‍ പ്രചാരകനായി ഗുരുവായൂര്‍ എത്തിയപ്പോള്‍ താമസിക്കാറുണ്ടായിരുന്നത് അദ്ദേഹത്തോടൊപ്പമായിരുന്നു. നാരായണന് നമ്പൂതിരിക്ക് സ്ഥലത്തെത്താനായോ എന്നറിയില്ല. 1967 ലെ ചരിത്രം സൃഷ്ടിച്ച ശോഭായാത്രയുടെ സംഘാടക ചുമതല വഹിച്ച ടി.സുകുമാരന്‍ സദസ്സിലുണ്ടായിരുന്നെന്ന്, അദ്ദേഹത്തിന്റെ മകന് പറഞ്ഞു. കോഴിക്കോട്ട് നഗരത്തെ ചമയിച്ചൊരു ടീമിന്റെ നായകന് പി.എന്‍.ഗംഗാധരനും എത്തിയിരുന്നത്രെ. താനൂരിലെ ജയചന്ദ്രനും സ്ഥലത്തുണ്ടായിരുന്നിട്ടും നേരില്‍ കാണാന്‍ കഴിഞ്ഞില്ല. അടിയന്തരാവസ്ഥക്കാലത്ത് അമ്പലപ്പുഴയില്‍ പ്രചാരകനായിരിക്കെ അക്ഷരാര്‍ത്ഥത്തില്‍ മരണത്തെ വെല്ലുവിളിച്ച് ഇപ്പോള്‍ അത്തോളിയില്‍ താമസിക്കുന്ന ശിവദാസനെയും കണ്ടില്ല. അക്കാലത്ത് ആലപ്പുഴയില്‍ പ്രവര്‍ത്തിച്ച വൈക്കം ഗോപകുമാര്‍ എത്തുക മാത്രമല്ല വേദിയിലെത്തി സംസാരിക്കുകയും ചെയ്തു. 1967 ലെ സമ്മേളനക്കാലത്ത് ജനസംഘ പ്രചാരകരായിരുന്ന പലരേയും സന്ധിക്കാനുള്ള അവസരം കിട്ടി. എന്നാല്‍ അക്കൂട്ടത്തില്‍പെട്ട, സി.എന്‍.ദാമോദരനെ കണ്ടില്ല. അദ്ദേഹത്തിന് വിവരം വേണ്ടവിധം കിട്ടിയില്ലെന്നാണ് തോന്നുന്നത്.
ആ ചടങ്ങില്‍ സംസാരിക്കാനുള്ള അവസരവും കിട്ടി. ഹിന്ദിയിലോ ഇംഗ്ലീഷിലോ സംസാരിച്ചാല്‍ കൊള്ളാമെന്ന കുമ്മനത്തിന്റെ അഭിപ്രായപ്രകാരം ഹിന്ദി തിരഞ്ഞെടുത്തു.
പരിപാടി കഴിഞ്ഞു താഴെയിറങ്ങിയ നരേന്ദ്രമോദി അടുത്തുവരികയും ‘കിതനേ സാല് കേ ബാദ് മിലേ ഹെ’ എത്ര വര്‍ഷങ്ങള്‍ക്കുശേഷമാണ് കാണുന്നത് എന്ന് പേര് വിളിച്ചു പറഞ്ഞത് വിസ്മയമായി. മുന്‍പ് ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നത് 1991 ഡിസംബറില്‍ ഡോ. മുരളീമനോഹര്‍ ജോഷിയുടെ കന്യാകുമാരി-കശ്മീര്‍ ഏകതായാത്രയുടെ ആരംഭദിവസങ്ങളിലായിരുന്നു. അദ്ദേഹമായിരുന്നല്ലൊ ആ പരിപാടിയുടെ ചുമതലക്കാരന്. ജോഷിക്ക് ഓരോ ദിവസവും പത്രങ്ങളിലെ പ്രമുഖ വാര്‍ത്തകള്‍ അടയാളപ്പെടുത്തിയും, മലയാള വാര്‍ത്തകള്‍ വിവരിച്ചും കൊടുക്കുന്ന ചുമതലയാണ് എനിക്ക് നല്കപ്പെട്ടത്. പുറമേ പൊതുയോഗങ്ങളില്‍ ജോഷിയുടെ പ്രസംഗവിവര്ത്തനവും തിരുവനന്തപുരത്തും തൊടുപുഴയിലും ഞങ്ങള്‍ അടുത്തടുത്ത മുറികളില്‍ താമസിച്ചതും, പത്രവാര്‍ത്തകള്‍ തെരഞ്ഞെടുത്തതും ഓര്‍മയുണ്ട്. ഇതദ്ദേഹം ഓര്‍മയില്‍ വച്ചിരിക്കാന്‍ സാധ്യതയുണ്ടാവണം.
അതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഹമ്മദാബാദില്‍ ജനസംഘത്തിന്റെ കേന്ദ്രീയകാര്യ സമിതിയോഗത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ (1971 ലോ 72 ലോ) അവിടെ പുതിയതായി നിര്‍മിച്ച സംഘത്തിന്റെ പ്രാന്തകാര്യാലയത്തില്‍ പോയിരുന്നു. എന്നെപ്പോലെ പ്രചാരകനായിരുന്ന നാഥാഭായി ഛാഗഡാ ഗുജറാത്ത് സംഘടനാകാര്യദര്‍ശി ആണന്ന്. 1951-52 കാലത്ത് തിരുവനന്തപുരം പ്രചാരകനായിരുന്ന ഭാസ്കര്‍ ഭാംലേജി അവിടെയുണ്ടെന്ന് നാഥാഭായിയില് നിന്നറിഞ്ഞാണ് അവിടെ പോയത്. പക്ഷേ അദ്ദേഹം ഞങ്ങളെത്തുന്നതിനല്പ്പം മുന്‍പ് ജാം നഗറിലേക്ക് പുറപ്പെട്ടിരുന്നതിനാല്‍ നിരാശയായി. അന്ന് കാര്യാലയത്തില്‍ താമസിച്ചിരുന്ന പുതിയ പ്രചാരകരുടെ കൂട്ടത്തില്‍ നരേന്ദ്രമോദി ഉണ്ടായിരുന്നു. ഒരുമിച്ച് ചായകഴിച്ച് കാര്യാലയം കണ്ടുമടങ്ങി. അന്നാണ് കാര്യാലയത്തില്‍ ഘടിപ്പിച്ചിരുന്ന സോളാര്‍ വൈദ്യുതി ഉപയോഗിച്ചുള്ള സംവിധാനം ആദ്യമായി കണ്ടത്.
സാമൂതിരി ഹൈസ്കൂളില്‍ കണ്ടുമുട്ടിയ സഹപ്രവര്‍ത്തകരെല്ലാം ചോദിച്ച ഒരു ചോദ്യമായിരുന്നു എത്ര കൊല്ലത്തിനുശേഷമാണ് കാണുന്നത്. നരേന്ദ്രമോദിയുടെ അന്വേഷണവും അതുതന്നെ ആയത് യാദൃച്ഛിക സംയോഗമായിരുന്നോ? ദീനദയാല്‍ അനുസ്മരണവും അടിയന്തരാവസ്ഥാ പോരാളികളുടെ സംഗമവും അവിടെ നടന്നത് എല്ലാവരിലും പ്രതീക്ഷ ഉണര്‍ത്തുന്നതായിരുന്നു. ദീനദയാലിന്റെ മൗലിക ചിന്തകളും അവയുടെ പ്രായോഗിക തലത്തിലെ പ്രയോഗങ്ങളും വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കുന്നതില്‍ തീര്‍ച്ചയായും വീഴ്ച വന്നു. ആ തത്വചിന്തയെ കാലാനുസൃതമായ വിശകലനത്തിന് വിധേയമാക്കി പുനരാഖ്യാനം ചെയ്ത്, പുതിയൊരു നയലക്ഷ്യ പരിപാടി വരേണ്ടതുണ്ട്. കോഴിക്കോട്ട് വച്ച് ദീനദയാല്‍ വിഭാവനം ചെയ്ത പുതുയുഗത്തിന്റെ പ്രഭാതമായിക്കഴിഞ്ഞു. കോണ്‍ഗ്രസ് യുഗത്തിനും പുതുയുഗപ്പിറവിക്കുമിടക്കുള്ള അന്തരാളഘട്ടത്തിന്റെ കാര്യപരിപാടികളാണദ്ദേഹം അന്ന് പ്രഖ്യാപിച്ചത്. പുതുയുഗത്തിന്റെ പരിപാടികളാവണം ഇനി ആവിഷ്കരിക്കുന്നതും നടപ്പില്‍ വരുത്തേണ്ടതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: