കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഒക്ടോബര്‍ രണ്ടു മുതല്‍ പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ നിരോധിച്ചുകൊണ്ടുള്ള ജില്ലാ കലക്ടറുടെ ഉത്തരവ് ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. ഒക്ടോബര്‍ അഞ്ചുവരെ തല്‍സ്ഥിതി തുടരാനാണ് കോടതി നിര്‍ദേശം. കേസില്‍ സര്‍ക്കാരിന്റെ നിലപാട് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിന്റെ നിലപാടു കൂടി അറിഞ്ഞശേഷം അഞ്ചിന് കോടതി ഉത്തരവ് പുറപ്പെടുവിക്കും. ബദല്‍ മാര്‍ഗം കണ്ടെത്താതെ തിടുക്കത്തില്‍ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തുന്നത് കടുത്ത ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നും സാവകാശം വേണമെന്നും ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി വയനാട് ജില്ലാ കമ്മിറ്റി അഡ്വ. അജയകുമാര്‍ മുഖേനെ നല്കിയ ഹര്‍ജിയിലാണ് കോടതി നടപടി. പ്ലാസ്റ്റിക് നിരോധനത്തിന് വ്യാപാരി സമൂഹം എതിരല്ലെന്ന് ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.കെ. വാസുദേവന്‍ പറഞ്ഞു. ബദല്‍ മാര്‍ഗം കണ്ടെത്താതെ പെട്ടന്ന് പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തുന്നത് ഉദ്യോഗസ്ഥര്‍ക്ക് കച്ചവടക്കാരെ പിഴിയുന്നതിന് വഴിയൊരുക്കും. ഈ സാഹചര്യത്തിലാണ് സാവകാശം തേടി കോടതിയെ സമീപിച്ചതെന്നു വാസുദേവന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: