ഓമല്ലൂര്‍: കാടുമൂടിയ വീട്ടിലെ മാലിന്യക്കൂമ്പാരത്തില്‍ അന്നമ്മ സ്വരൂപിച്ചുവെച്ചത് രണ്ടരലക്ഷത്തോളം രൂപ. ഓമല്ലൂര്‍ പൈവള്ളി ഇളവുംകണ്ടത്തില്‍ അന്നമ്മ മാമന്(70) ന്റെ വീട്ടില്‍ നിന്നാണ് പണം കണ്ടെത്തിയത്. വീടുമുഴുവന്‍ കാടുമൂടി മുറികളില്‍ നിറയെ വിറകും പ്ലാസ്റ്റിക്ക് കവറുകളും പോസ്റ്ററുകളും നിരത്തി ഇതിന് മുകളിലായിരുന്നു അന്നമ്മയുടെ ഏകാന്ത ജീവിതം. ഇന്നലെ ബിജെപി പ്രവര്‍ത്തകയായ വാര്‍ഡു മെമ്പര്‍ ലക്ഷ്മി മനോജിന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകരും കുടുംബശ്രീ അംഗങ്ങളും ചേര്‍ന്ന് കാടും മാലിന്യങ്ങളും നീക്കിയപ്പോഴാണ് അന്നമ്മയുടെ സ്വത്ത് സമ്പാദ്യങ്ങള്‍ കണ്ടത്. കണ്ടെത്തിയ തുക രണ്ടുലക്ഷത്തി നാല്‍പ്പത്തിനാലായിരത്തി മൂന്നൂറ് രൂപാ ഓമല്ലൂര്‍ എസ്ബിടിയില്‍ അന്നമ്മയുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിക്കുകയും ചെയ്തു. ആയിരത്തിന്റേയും, അഞ്ഞൂറിന്റേയും നോട്ടുകളില്‍ തുടങ്ങി പത്തുരൂപയുടേയും ഇരുപത് രൂപയുടേയും വരെ നോട്ടുകള്‍ പ്ലാസ്റ്റിക്ക് കവറുകള്ക്കിടയിലും തുണിക്കെട്ടുകള്ക്കിടയിലും മറ്റുമായാണ് സൂക്ഷിച്ചിരുന്നത്. ആയിരത്തിലേറെ രൂപയുടെ നോട്ടുകള്‍ ചിതലരിച്ചുപോകുകയും ചെയ്തു.
മൂന്നുമുറിയും ഒരു അടുക്കളയുമുള്ള വീട് വര്‍ഷങ്ങളായി കാടു പിടിച്ചു കിടക്കുകയാണ്. അന്നമ്മയുടെ വീട്ടില്‍ കാടു പിടിച്ചു കിടക്കുന്നതിനാല്‍ തന്റെ കാര്‍ഷികവിളകള്‍ക്ക് തടസമാകുന്നത് അയല്‍വാസി രാജന് പഞ്ചായത്തില്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വാര്‍ഡ് അംഗം കൂടിയായ ലക്ഷ്മി മനോജിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് അധികൃതരും ആരോഗ്യ വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി പരിശോധന നടത്തിയത്. റോഡരുകിലായിട്ടും വീട് കാണാത്തവിധം കാടുമൂടിയ നിലയിലായിരുന്നു. വാര്‍ഡു മെമ്പറുടെ നിര്‍ദ്ദേശപ്രകാരം സേവന മനസ്ഥിതിയോടെ 22 കുടുംബശ്രീ പ്രവര്‍ത്തകരും അവര്‍ക്ക് സഹായികളായി ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് വ്യാഴാഴ്ചയും ഇന്നലെയുമായി വീട് വൃത്തിയാക്കാന്‍ തുടങ്ങിയത്. ചുറ്റും കാടുപിടിച്ച വീടിന്റെ അകത്ത് കുപ്പിമുറികള് മുതല്‍ മാലിന്യങ്ങള്‍ വരെ നിറഞ്ഞ നിലയിലായിരുന്നു.
ഇന്നലെ വഴിതെളിച്ച് വീടിനുള്ളില്‍ പ്രവേശിച്ച ഗ്രാമപഞ്ചായത്തംഗവും ആരോഗ്യ പ്രവര്‍ത്തകരുമടക്കം വീടിനുള്ളിലെ മാലിന്യക്കൂമ്പാരം കണ്ട് അമ്പരന്നു. വിറക് കൂനകളും ചപ്പുചവറുകളുമെല്ലാം വാരിമാറ്റുന്നതിനിടെ പാമ്പുകളേയും പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടിവന്നു. വീടിനകം വൃത്തിയാക്കി തിരച്ചില്‍ ഇന്നലേയും പൂര്‍ത്തിയാക്കിയില്ല. ഒരു മുറികൂടി ഇനിയും വൃത്തിയാക്കാനുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. വിവിധ ബാങ്കുകളില്‍ അക്കൗണ്ടും സ്ഥിരം ഡിപ്പോസിറ്റും ഉള്ളതിന്റെ രേഖകളും മാലിന്യങ്ങള്‍ വാരിമാറ്റുന്നതിനിടയില് കണ്ടെത്തിയിട്ടുണ്ട്. എസ്ബിടി ബാങ്കില്‍ തൂപ്പുകാരിയായി ജോലി ചെയ്യുകയായിരുന്നു അന്നമ്മ. ഭര്‍ത്താവ് പാപ്പച്ചന് കാതോലിക്കറ്റ് കോളജിലെ ജീവനക്കാരനായിരുന്നു. ഭര്‍ത്താവിന്റെ മരണത്തേ തുടര്‍ന്ന് പെന്ഷന് ഏറ്റുവാങ്ങുന്നത് അന്നമ്മയാണ്. ഈ പെന്ഷന് തുകയായിരിക്കാം വീട്ടില്‍ നിന്നു കണ്ടെത്തിയതെന്ന് കണക്കുകൂട്ടലിലാണ് പ്രദേശവാസികള്‍. പരസ്പര വിരുദ്ധമായി സംസാരിക്കുന്ന അന്നമ്മ തന്നെ ഈ പണം സൂക്ഷിക്കാന്‍ ചിലര്‍ ഏല്‍പ്പിച്ചതാണെന്നും പറയുന്നു. അയല്വാസികളാരുമായും അന്നമ്മയ്ക്ക് വര്‍ഷങ്ങളായി സഹകരണമില്ല. ഒരു മകള്‍ ഡല്‍ഹിയില്‍ ഉണ്ടെന്നും അന്നമ്മ പറയുന്നു.
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാവിജയന്‍,ഗ്രാമപഞ്ചായത്ത് അംഗങ്ങളും ബിജെപി പ്രവര്‍ത്തകരുമായ അഭിലാഷ്, സാജു കൊച്ചുതുണ്ടില്‍, ശാരദാകുമാരി , ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കലാ, സാജിത, ആരോഗ്യ പ്രവര്‍ത്തകരായ ദീപ, സുജ എന്നിവരും അന്നമ്മയുടെ വീട്ടിലെത്തിയിരുന്നു. ബിജെപി ഓമല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രവിന്ദ്രവര്‍മ്മ അംബാനിലയം, സുരേഷ് ഓലിത്തുണ്ടില്‍, പ്രസാദ് കല്ലുംപുറത്ത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകരും ശുചീകരണത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: