നിര്‍മ്മാണ മേഖലയെ സംരക്ഷിക്കാന്‍ നടപടിവേണം : സിഡബ്ല്യുഎസ്എ
കല്‍പ്പറ്റ : നിര്‍മ്മാണ മേഖലയെ സംരക്ഷിക്കാന്‍ നടപടിവേണമെന്ന് സിഡബ്ല്യുഎസ്എ (കണ്സ്ട്രന്റന് വര്‍ക്കേഴ്സ് സുപ്പര്‍വിഷന്‍ അസോസിയേഷന്) പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജില്ലയിലെ നിര്‍മ്മാണ മേഖലയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് അന്യസംസ്ഥാനക്കാരായ അശാസ്ത്രീയമായി ജോലിചെയ്യുന്നവരെ ഉപയോഗിച്ചുള്ള ജോലികളാണ്. അന്യസംസ്ഥാന തൊഴിലാളികളില്‍ വേണ്ടത്ര തൊഴില്‍ പരിചയം ഇല്ലാത്തവും ജോലിചെയ്യുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് ആവശ്യമായ തൊഴില്‍ രേഖകളോ മറ്റ് തിരിച്ചറിയല്‍ രേഖകളോ ഇല്ല. അതിനാല്‍ത്തന്നെ ഇവരെ മറ്റുള്ള തൊഴില്‍ ധാതാക്കള്‍ ചൂഷണം ചെയ്യുന്ന സ്ഥിതിയാണുള്ളത്. ഇവര്‍ക്ക് ലഭിക്കുന്ന വേതനത്തില്‍ വന്‍ കുറവ് വരുത്തുകയും ഇവരെ കൂടുതല്‍ സമയം ജോലി ചെയ്യിക്കുകയും ചെയ്യുന്നു.
അന്യസംസ്ഥാനക്കാരായ തൊഴിലാളികളെ എത്തിച്ചുകൊടുക്കുന്നതിന് പിന്നില്‍ വന്‍ ലോബി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുകാരണം നിര്‍മ്മാണത്തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജില്ലയിലെ മറ്റ് തൊഴിലാളികള്‍ക്ക് ആവശ്യമായ തൊഴില്‍ ലഭിക്കുന്നില്ല. ഇതിന് പരിഹാരമായി അന്യസംസ്ഥാനക്കാരായ തൊഴിലാളികള്‍ക്ക് തൊഴില്‍ കാര്‍ഡ് നിര്‍ബന്ധമാക്കണം.
തൊഴിലാളികളെ ഒന്നിപ്പിക്കുന്നതിനും സര്‍ക്കാരിന്റെ അന്യസംസ്ഥാന തൊഴിലാളി ക്ഷേമനിധിയില്‍ ചേര്‍ക്കുന്നതും പരാജയപ്പെട്ടു. 10 ശതമാനം തൊഴിലാളികള്‍ മാത്രമാണ് ക്ഷേമനിധിയില്‍ അംഗത്വമെടുത്തത്. എത്രയും വേഗം നിര്‍മ്മാണ മേഖലയില്‍ തൊഴില്‍ ഏകീകരണവും വേതനം ഏകീകരണവും നടപ്പിലാക്കുകയും തൊഴില്‍ കാര്‍ഡ് വിതരണം നടപ്പാക്കുകയും വേണം.
പത്രസമ്മേളനത്തില്‍ സിഡബ്ല്യുഎസ്എ സംസ്ഥാന വൈസ്പ്രസിഡന്റ് പി.കെ. കൃഷ്ണന്‍കുട്ടി, ജില്ലാ പ്രസിഡന്റ് സുകുമാരന്‍ പുല്‍പ്പള്ളി, സെക്രട്ടറി അഹമ്മദ്കുട്ടി, സംസ്ഥാന കമ്മിറ്റി കുടുംബക്ഷേമ ട്രസ്റ്റ് ബോര്‍ഡ് അംഗം ജി.ആര്.സുബ്രമണ്യന്‍, വാസുദേവന്‍ പുതിയോട്ടില്‍, പി.എ. സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: