കല്‍പ്പറ്റ : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ ബെയര്‍ഫൂട്ട് ടെക്നീഷ്യന്മാര്ക്ക് വയനാട് ജില്ലയില്‍ ആറ് മാസമായിട്ടും നിയമനം നല്‍കിയില്ല.
വനവാസികളായ മുപ്പത്തി രണ്ട് പേരെയാണ് വയനാട് ജില്ലയില്‍ നിന്നും ഇന്റര്‍വ്യു നടത്തി പരിശീലനത്തിനയച്ചത്. 2014ല്‍ തിരഞ്ഞെടുപ്പ് നടത്തി. 2015 ഡിസംബറില്‍ കൊട്ടാരക്കര എസ്ഐആര്ഡിയില് പരിശീലനവും പൂര്‍ത്തിയാക്കി. 2016 ഏപ്രില്‍ ഒന്നുമുതല്‍ അതാത് പഞ്ചായത്തുകളില്‍ നിയമിക്കുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ നാളിതുവരെയായിട്ടും ഇവര്‍ക്ക് തൊഴിലില്ല, പലരും ഉണ്ടായിരുന്ന താല്‍ക്കാലിക ജോലി ഉപേക്ഷിച്ചായിരുന്നു പരിശീലനത്തിന് പോയത്. വയനാട് ജില്ലാ ഭരണാധികാരികള്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍ കല്‍പ്പറ്റയില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലാ കളക്ടറെ വിവരം ധരിപ്പിച്ചെങ്കിലും നിങ്ങള്‍ വേറെ തൊഴിലന്വേഷിക്കുന്നതാണ് നല്ലതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി എന്നും ഇവര്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ നാളെ മുതല്‍ വയനാട് കളക്ട്രേറ്റില്‍ ഉദ്യോഗാര്‍ത്ഥികള്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കും.
പി.എം.രാഗേഷ്, കെ.സുജീഷ്, സി.സോണിയ, കെ. ബി. സബിത, എം.വി.ഷീബ, എം. എസ്.ബിന്ദു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: