പത്തനംതിട്ട: നഗരസഭാ ഉള്‍പ്രദേശങ്ങളിലെ മാലിന്യ ശേഖരണം വൈകുന്നു. മാലിന്യ സംസ്കരണത്തോടൊപ്പം നഗരസഭയുടെ മാലിന്യശേഖരണവും കാര്യക്ഷമമല്ല.
നഗരസഭാ പരിധിയില്‍ വരുന്ന വീടുകളിലും ഫ്ളാറ്റുകളിലും മാലിന്യം സംസ്ക്കരിക്കാന്‍ സ്വന്തമായി മാര്‍ഗങ്ങളുമില്ല. കുടുംബശ്രീ യൂണിറ്റുകളാണ് നിശ്ചിത നിരക്കില്‍ വീടുകളിലെയും ഫ്ളാറ്റുകളിലെയും മാലിന്യങ്ങള്‍ ശേഖരിക്കുന്നത്. എന്നാല്‍ പലപ്പോഴും യഥാസമയം കുടുംബശ്രീ യൂണിറ്റുകള്‍ മാലിന്യങ്ങള്‍ ശേഖരിക്കാനെത്തുന്നില്ലെന്നാണ് പരാതി.
അതിനാല്‍ വീടുകളിലെയും ഫ്ളാറ്റുകളിലെയും മാലിന്യങ്ങള്‍ കവറുകളിലാക്കി റോഡരികില്‍് ആളുകള്‍ തള്ളുകയാണ്. ഇതുമൂലം റോഡിന്റെ ഇരുവശങ്ങളിലും മാലിന്യങ്ങള്‍ കുന്നുകൂടുന്നു. മാംസം ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ റോഡരികില്‍ നിക്ഷേപിക്കുന്നതിനാല്‍ മേഖലകളില്‍ തെരുവുനായകളുടെ ശല്യം വര്‍ധിക്കുന്നു.മാലിന്യം നായകള്‍ കടിച്ചുവലിച്ച് റോഡുകളില്‍ നിരത്തുന്നതിനാല്‍ പലപ്പോഴും കാല്‍നടയാത്രപോലും ദു:സഹമാകുന്നു.
കഴിഞ്ഞ വര്‍ഷം നഗരസഭയുടെ മാലിന്യമുക്ത വാര്‍ഡായി പ്രഖ്യാപിച്ച പത്താം വര്‍ഡിന്റെയും സ്ഥിതി മറിച്ചല്ല. നഗരത്തിന്റെ ഉള്‍പ്രദേശങ്ങള്‍ ആയതിനാല്‍ നഗരസഭാ വാഹനങ്ങള്‍ ഈ മേഖലകളിലെത്തി മാലിന്യം നീക്കം ചെയ്യാറില്ല.
ചീഞ്ഞഴുകിയ മാലിന്യങ്ങളുടെ ദുര്‍ഗന്ധം ജനവാസമേഖലകളില്‍ ജീവിതം ദുരിതമാക്കുന്നു. ഈ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്താന്‍ ബന്ധപ്പെട്ടവരും ശ്രമിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: