മാനന്തവാടി: എന്‍.സി.സി. അക്കാദമി ആരംഭിക്കുവാനുദ്ദേശിച്ച സ്ഥലം റിസോര്‍ട്ട് മാഫിയയുടെ പിന്തുണയോടെ മുനീശ്വരന്‍കുന്നില്‍ നിന്നും മാറ്റി നല്കാന് റവന്യു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന് ശ്രമം നടത്തുന്നതായി ആരോപണം. സ്ഥലത്തെ കുറിച്ച് മുനീശ്വരന്‍കുന്ന് സംരക്ഷണ സമിതി എന്ന പേരില്‍ ചിലര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നിലവില്‍ അനുയോജ്യമെന്ന് കണ്ടെത്തിയ സ്ഥലം ഒഴിവാക്കി പ്രിയദര്‍ശിനിയുടെ സ്ഥലം നല്‍കാനുള്ള റവന്യു ഉദ്യോഗസ്ഥന്റെ നിലപാടിനെതിരെയാണ് വ്യാപക പ്രതിഷേധം ഉയരുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ജില്ലക്ക് എന്‍.സി.സി. അക്കാദമി അനുവദിച്ചത്. ഇതിനായി തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ മക്കിമല, മുനീശ്വരന്‍കുന്നില്‍ സ്ഥലം കണ്ടെത്തുകയും തിരുവനന്തപുരം എന്‍.സി.സി. ഡയറക്ടറേറ്റില്‍ നിന്നുള്ള ഉന്നത സംഘം സ്ഥലം പരിശോധിച്ച് അനുയോജ്യമാണെന്ന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.
റവന്യു വകുപ്പിന് ഉടമസ്ഥതതയിലുള്ള സര്‍വ്വേ നമ്പര്‍ 68/1 ബി യില്‍പ്പെട്ട രണ്ട് ഏക്കര്‍ ഭൂമി 151/16 നമ്പര്‍ പ്രകാരം ഭൂമി എന്‍.സി.സിക്ക് കൈമാറി കൊണ്ട് ഈ വര്‍ഷം ഫെബ്രുവരിയില്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കുകയും ചെയ്തിരുന്നു. പ്രാരംഭ പ്രവര്‍ത്തനമെന്ന നിലയ്ക്ക് ഈ സ്ഥലത്തിന് ചുറ്റും ഫെന്‍സിംഗ് നടത്തുന്നതിനായി 21 ലക്ഷം രൂപയുടെ എസ്റ്റിമേറ്റും, പ്ലാനും അക്കാദമി അധികൃതര്‍ പൊതുമരാമത്ത് വകുപ്പിന് സമര്‍പ്പിക്കുകയും ചെയ്തു. ഇതിനിടയിലാണ് റിസോര്‍ട്ട് ലോബികള്‍ക്ക് വേണ്ടി സംരക്ഷണ സമിതിയുടെ പേരില്‍ സബ്ബ് കലക്ടര്‍ക്ക് പരാതി ലഭിച്ചത്. വലിയ കാറ്റുണ്ടാകുന്ന സ്ഥലമായതിനാല്‍ അക്കാദമി സ്ഥാപിക്കരുതെന്നായിരുന്നു പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ റോപ്പ് ക്ലൈമ്പിംങ്ങ്, ഷൂട്ടിംങ്ങ്, തുടങ്ങിയവക്കും, എല്ലാവിധ സാഹസിക പ്രവര്‍ത്തനങ്ങള്‍ക്കും ഏറ്റവും അനുയോജ്യമായ സ്ഥലമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ പരാതിയുണ്ടെന്ന കാരണത്താല്‍ ഈ സ്ഥലം ഒഴിവാക്കി മക്കിമലയിലെ പ്രിയദര്‍ശിനിയുടെ ഭൂമി നല്‍കാനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നത്.
ഇതിന്റെ ഭാഗമായി ഈ ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ നിര്‍ദ്ദേശം നല്കുകയുണ്ടായി. പ്രിയദര്‍ശിനിയുടെ ഭൂമി ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിനായി മാത്രമെ വിനിയോഗിക്കാവു എന്ന് വ്യക്തമായ നിര്‍ദ്ദേശമുള്ളപ്പോഴാണ് ഇത്തരത്തില്‍ ഒരു നീക്കം സബ്ബ്കലക്ടറുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്. സംസ്ഥാനത്തെ രണ്ടാമത്തെ അക്കാദമിയാണ് മക്കിമലയില്‍ യാഥാര്‍ത്ഥ്യമാവുക. ഇത് അട്ടിമറിക്കാനാണ് റിസോര്‍ട്ട് ലോബികള്‍ ശ്രമിക്കുന്നത്. അക്കാദമിക്കെതിരെയുള്ള ഗൂഡ നീക്കം തിരിച്ചറിയണമെന്ന് തോമസ് നിരപ്പേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സി.പി.ഐ. തവിഞ്ഞാല്‍ ലോക്കല്‍ കമ്മറ്റിയും, ഏറ്റവും അനുയോജ്യമെന്ന് കണ്ടെത്തിയ സ്ഥലത്ത് തന്നെ അക്കാദമി ആരംഭിക്കണമെന്നും, റിസോര്‍ട്ട് മാഫിയകളുടെ നീക്കത്തെ ചെറുക്കണമെന്ന് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മിയും പ്രസ്ഥാവനയിലൂടെ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: