കല്‍പ്പറ്റ : മൂന്ന് പതിറ്റാണ്ട് പിന്നിട്ട ജില്ലയുടെ സമഗ്രവികസനത്തിന് സുസ്ഥിര പദ്ധതികള്‍ അനിവാര്യമാണെന്ന് വെറ്ററനറി സര്‍വകലാശാല സംരംഭകത്വ വിഭാഗം ഡയറക്ടര്‍ ടി.പി. സേതുമാധവന് പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് നടത്തിയ വയനാട് നേട്ടവും പ്രത്യാശകളും സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കാര്‍ഷികാനുബന്ധമേഖലകളും ടൂറിസവും ആദിവാസിക്ഷേമവുമെല്ലാം മാറിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറണം. രാജ്യത്തെ 250 പിന്നാക്ക ജില്ലയില്‍ വയനാടും ഉള്‍പ്പെടുന്നു. സുസ്ഥിര പദ്ധതികളാണ് പതിവു പദ്ധതികളില്‍ നിന്നും വിഭിന്നമായി ജില്ലയ്ക്കായി തയ്യാറാക്കേണ്ടത്. വയനാടിന്റെ വികസനപദ്ധതികളെ വിലയിരുത്തുമ്പോള്‍ വരാനിരിക്കുന്ന പത്ത് വര്‍ഷത്തെ മുന്നില്‍ കണ്ടാവണം തയ്യാറാക്കേണ്ടത്. വര്‍ദ്ധിച്ചു വരുന്ന ജനസംഖ്യ, പൊതുവായിട്ടുള്ള ആവശ്യകത, സാങ്കേതിക വളര്‍ച്ച, ഗ്രാമങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡുകളുടെ സൗകര്യം ,തൊഴില്‍ ലഭ്യത, ഉന്നത വിദ്യാഭ്യാസം,സംരഭകത്വ സാധ്യതകള്‍ എന്നിവയ്ക്കെല്ലാമാണ് മുന്‍ഗണന നല്‍കേണ്ടത്. സ്വയം പര്യാപ്തമായ ഭക്ഷ്യശീലം ഈ നാടിന്റെ ഇന്നലെകളിലുണ്ടായിരുന്നു. പിന്നീട് ഇവയെല്ലാം ഈ നാട്ടില്‍ നിന്നും അകന്നു. ഇതിനു പരിഹാരമായി കാര്‍ഷികമേഖലയുടെ പുനരുജ്ജീവനവും നൂതന സാധ്യതകളും അനിവാര്യമാണ്. കാര്‍ഷിക രംഗത്തെ വിപണനരംഗത്ത് സാങ്കേതിക വിദ്യ കൂടതുല്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. പാല് മുട്ട ,ഇറച്ചി എന്നിവയുടെ ഉത്പാദനവും ലഭ്യതയും തമ്മില്‍ കര്‍ഷകനാടായ വയനാട്ടില്‍ വന്‍ അന്തരം നിലനില്ക്കുന്നു. ആകെ ജനസംഖ്യയുടെ 17 ശതമാനത്തോളം ആദിവാസികളാണ് വയനാട്ടിലുള്ളത്. ഇവരുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും ജീവിത നിലവാരം ഉയര്‍ത്തുന്നതിനും ദീര്‍ഘവീക്ഷണമുള്ള പദ്ധതികള്‍ ആവശ്യമാണ്. ട്രൈബല്‍ സര്‍വകലാശാല വയനാടിനും വേണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ കാര്‍ഷിക മേഖലയെ പരിപോഷിപ്പിക്കാന്‍ നൂതന പദ്ധതികള്‍ വേണമെന്ന് അമ്പലവയല്‍ കാര്‍ഷികഗവേഷണ കേന്ദ്രത്തിലെ അസി.പ്രൊഫസര്‍ ഡോ.സ്മിത പറഞ്ഞു. കാര്‍ഷിക വയനാടിന്റെ സാധ്യതകളെക്കുറിച്ച് സെമിനാറില്‍ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അവര്‍. ജൈവവൈവിധ്യത്തെ നിലനിര്‍ത്തുന്ന തികച്ചും കാര്‍ഷിക ജീവിതത്തോട് അടുത്തു നില്ക്കുന്ന ജനവിഭാഗമാണ് ഇവിടെയുള്ളത്. കൃഷി ആദായകരമാക്കുന്നതിന് കര്‍ഷകര്‍ നൂതന മാര്‍ഗ്ഗങ്ങള്‍ അവലംഭിക്കണം. വെണ്ണപ്പഴം മാങ്കോസ്റ്റിന്‍ ,ലിച്ചി എന്നിവയെല്ലാം ഇവിടുത്തെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായതാണ്. കര്‍ഷകര്‍ക്ക് വന്‍ വരുമാനം കണ്ടെത്താന്‍ കഴിയുന്ന ഈ വിളകള്‍ കൂടി വരുകാലത്തില്‍ വയനാടിന് ഏറ്റെടുക്കാം.
മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ക്ക് പ്രീയമുള്ള കാലഘട്ടമാണിത്. പഞ്ചായത്ത് തലത്തിലുള്ള ചെറുകിട സംരഭങ്ങള്‍ക്കുപോലും അനന്തസാധ്യതയാണ് വയനാട്ടിലുള്ളതെന്ന് അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഡോ. എന്‍.ഇ.സഫിയ പറഞ്ഞു. മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ സാധ്യതകള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. റെഡി ടു ഈറ്റ് റെഡി ടു കുക്ക് എന്ന തരത്തില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പായ്കറ്റുകളിലായി ഒട്ടേറെ ഉത്പന്നങ്ങള്‍ വില്ക്കപ്പെടുന്നുണ്ട്. വയനാട്ടിലെ ചക്ക തുടങ്ങിയ ഫലവര്‍ഗ്ഗങ്ങളും കാര്‍ഷിക ഉത്പന്നങ്ങളുമെല്ലാം ഇത്തരത്തില്‍ വിപണനം നടത്താം. പച്ചക്കറികളും ഗുണമേന്മയോടെ നേരിട്ട് ചെറിയ കുടംബങ്ങള്‍ക്ക് ദിവസേന ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ വിപണനം ചെയ്യാം. പഞ്ചായത്ത് അടിസ്ഥാനത്തില്‍ പോലും ചെറുകിട യൂണിറ്റ് കുറഞ്ഞ ചെലവില്‍ സാധ്യമാക്കാന്‍ കഴിയും. ഉത്പന്നങ്ങളും ഉപ ഉത്പന്നങ്ങളും വിപണിയിലെത്തിക്കുന്നതിലൂടെ വരുമാനം ഇരട്ടിയാക്കാം. കര്‍ഷക സംഘങ്ങള്‍ക്ക് തന്നെ വിപണനവും സംസ്കരണവും ഏറ്റെടുക്കാന്‍ കഴിയണം. ആവശ്യക്കാരുടെ വീട്ടുപടിക്കല്‍ ഉത്പന്നങ്ങള്‍ എത്തിക്കാനുള്ള സംവിധാനം. ഓണ്‍ലൈന്‍ വിപണി എന്നിവയെല്ലാം വയനാടിന്റെ കാര്‍ഷിക മുന്നേറ്റത്തിന് അനിവാര്യമാണെന്നും എന്‍.ഇ .സഫിയ പറഞ്ഞു.
കാര്‍ഷിക വയനാടിന്റെ സാമ്പത്തിക തകര്‍ച്ചയുണ്ടായപ്പോഴും ബദലായി പിടച്ചു നില്ക്കാന് ടൂറിസം മേഖല സഹായകരമായിട്ടുണ്ടെന്ന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ സി.എന്‍.അനിതകുമാരി പറഞ്ഞു. വയനാടിന്റെ വിനോദ സഞ്ചാര മേഖലയിലെ നേട്ടങ്ങളെയും വെല്ലുവിളികളെയും കുറിച്ച് സംസാരിക്കുകയായിരുന്നു അവര്‍. വയനാട് വിനോദ സഞ്ചാര രംഗത്ത് വന്‍ കുതിപ്പിലാണ്. ഒട്ടേറെ സംരംഭകര്‍ വയനാട്ടിലേക്ക് പുതിയ സംരംഭങ്ങളുമായി ചുരം കയറുന്നുണ്ട്. പരിസ്ഥിതിക്ക് ദോഷം വരാത്തവിധമുള്ള ഏവര്‍ക്കും സ്വീകാര്യമായ വിനോദ സഞ്ചാര പദ്ധതികളാണ് ടൂറിസം വകുപ്പ് പ്രോത്സാഹിപ്പിക്കുന്നത്. ഗ്രാമീണ ജനങ്ങള്‍ക്കും സംരംഭകര്‍ക്കും പ്രയോജനപ്പെടുന്ന വിധത്തില്‍ ഇവ നടപ്പാക്കി വരുന്നു. എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സഞ്ചാരികളുടെ തിരക്കുണ്ട്. ഇതിനനുസരിച്ചുളള്ള വരുമാനവും വര്‍ദ്ധിച്ചിട്ടുണ്ട്. സഞ്ചാരികളുടെ ബാഹുല്യം അനുസരിച്ചുള്ള താമസസൗകര്യങ്ങളും മറ്റും ജില്ലയ്ക്ക് ഇപ്പോഴും അപ്രാപ്യമാണ്. ഇതനായി പുതിയ പദ്ധതികള്‍ വേണം.വില്ലേജ് ടൂറിസം ഉത്തരാവദിത്ത ടൂറിസം എന്നിങ്ങനെയുള്ള പദ്ധതികള്‍ക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മാലിന്യ സംസ്കരണം, ടൂറിസം നടത്തിപ്പിന് വിവിധ വകുപ്പുകളുടെ ഏകോപിത പ്രവര്‍ത്തനം എന്നിവയെല്ലാം വയനാടിന്റെ ലക്ഷ്യമാണ്. വയനാടിന്റെ തനതു ഉത്പന്നങ്ങളുടെ വിപണി, വംശീയ ഭക്ഷണശാല, പൈതൃക ടൂറിസം, എന്‍ ഊരു പോലുള്ള ഗോത്ര ഗ്രാമ പുനസ്ഥാപനം എന്നിവയ്ക്കല്ലാം വരുകാലത്ത് സാധ്യതകള്‍ കൂടുമെന്നും സി.എന്‍.അനിതകുമാരി പറഞ്ഞു.
ജില്ലയിലെ ആദിവാസി മേഖല നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും വിവിധ പദ്ധതികളുടെ പുരോഗതിയെക്കുറിച്ചും ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസര്‍ പി.വാണിദാസ് വിശദീരിച്ചു. ആദിവാസി ക്ഷേമം ജില്ലയുടെ ഏറ്റവും വെല്ലുവിളി നിറഞ്ഞ പ്രശ്നമായി ഇന്നും നിലനില്ക്കുന്നു. പ്രാക്തന ഗോത്ര വിഭാഗങ്ങളുടെ ജീവിത നിലവാരം ഇപ്പോഴും വളരെ പിന്നിലാണ്. പണിയ , അടിയ, കാട്ടു നായ്ക്ക വിഭാഗത്തിലാണ് ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നത്. ഭൂമിയില്ലാത്ത പ്രശ്നം, പാര്‍പ്പിടമില്ലാത്ത പ്രശ്നം, രോഗങ്ങള്‍ വന്നാല്‍ ചികിത്സിക്കാന്‍ ആസ്പത്രി ഇല്ലാത്ത പ്രതിസന്ധി തുടങ്ങി നിരവധി വെല്ലവിളികളാണ് ഇവിടെ നിലനില്‍ക്കുന്നത്. ആദിവാസിക്കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനുള്ള സമഗ്ര പദ്ധതി എന്നിവയെല്ലാം അനിവാര്യമാണ്. ആദിവാസിക്കുട്ടികളുടെ ഉന്നതപഠനത്തിനുള്ള സൗകര്യങ്ങള്‍ ജില്ലയില്‍ പരിമിതമാണ്. തൊഴില്‍ പരിശീലന കേന്ദ്രങ്ങളും സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രങ്ങളും മറ്റും ജില്ലയുടെ ലക്ഷ്യമാണെന്നും വാണിദാസ് ചൂണ്ടിക്കാണ്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: