സാഹിത്യത്തിന്റെ പല മേഖലകളില്‍ പ്രവര്‍ത്തിച്ച് മറക്കാനാവാത്ത സംഭാവനകള്‍ സമ്മാനിച്ച അതുല്യ പ്രതിഭയാണ് പ്രൊഫ. എന്‍. കൃഷ്ണപിള്ള. അദ്ദേഹത്തിന്റെ ജീവിതത്തില്‍ മൂന്ന് പ്രധാനപ്പെട്ട ഭാഗങ്ങളുണ്ട്. അദ്ധ്യാപകന്, മനുഷ്യന്, സാഹിത്യകാരന് എന്നീ നിലകളില്‍. അദ്ധ്യാപകന് എന്ന നിലയില്‍ അദ്ദേഹം ആരാധനാപാത്രമായിരുന്നു. മൂല്യാധിഷ്ഠിതമായി ഒരാളെ കാണുന്നവര്‍ക്ക് അദ്ദേഹത്തെ അങ്ങേയറ്റം ബഹുമാനിക്കാതിരിക്കാനാവില്ല. പ്രൗഢമായ അദ്ധ്യാപനത്തിന്റെ കലാകാരന് എന്ന രീതിയില്‍ ഏകാന്തമായ ഔന്നത്യം കാട്ടിയ വ്യക്തിയായിരുന്നു ഞങ്ങള്‍ കൃഷ്ണപിള്ള സാര്‍ എന്ന് വിളിക്കുന്ന അദ്ദേഹം.
മറ്റൊന്ന് മനുഷ്യന് എന്ന രീതിയിലുള്ളതാണ്. വളരെ ഹൃദ്യമായ പെരുമാറ്റമായിരുന്നു. ഉറച്ച ശബ്ദത്തിലായിരുന്നു സംസാരം. ഞങ്ങള്‍ ചിലപ്പോള്‍ പറയാറുണ്ട് സാര്‍ കുശല സംഭാഷണത്തില്‍ പറയുന്നതുപോലും അങ്ങകലെ കേള്‍ക്കുമെന്ന്. സ്വഭാവത്തില്‍ നൈര്‍മല്യമുണ്ടായിരുന്ന മനുഷ്യന്. എന്തുകാര്യവും വെട്ടിത്തുറന്ന് പറയും. അതും ചിരിച്ചുകൊണ്ടാവും. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ പ്രസിഡന്റായിരുന്നു. ആ നിലയില്‍ സംശുദ്ധമായ ഭരണത്തിന് വേണ്ടി ശ്രദ്ധിച്ചയാളാണ്. അദ്ദേഹത്തിന് ശേഷം അതിന്റെ ഭരണം ഏറ്റെടുത്തവരാണ് സംഘത്തിന്റെ നാശത്തിന് വഴിതെളിച്ചത്. മനുഷ്യന് എന്ന രീതിയില്‍ അദ്ദേഹവുമായി അടുത്തവര്‍ക്ക് ആദരണീയനായ വ്യക്തിയാണ്.
മൂന്നാമത് സാഹിത്യകാരന് എന്ന നിലയിലുള്ള പ്രാധാന്യമാണ്. ഭാവിതലമുറയാല്‍ അദ്ദേഹം ഓര്‍മിക്കപ്പെടുക സാഹിത്യകാരന് എന്ന നിലയിലാകും. നാടകം ആണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. അത് ‘ഭഗ്നഭവനം’ എന്ന നാടകമായിരുന്നു. 1942 ല്‍ ആണെന്നാണ് ഓര്മ. അദ്ദേഹം ജനിക്കുന്നത് ഇബ്സന് മരിച്ച് 10 കൊല്ലം കഴിഞ്ഞാണ്. 1916 സപ്തംബറില്‍.
ആദ്യത്തെ നാടകമായി ‘ഭഗ്നഭവനം’ അവതരിപ്പിച്ചപ്പോള്‍ അത് വായിക്കാന്‍ ആളുണ്ടായില്ല. അഭിനയിക്കാനും സങ്കോചമായിരുന്നു. സ്കൂളില്‍ പഠിക്കുന്ന കാലത്താണ് ഞാന്‍ ഈ നാടകം വായിക്കുന്നത്. ലൈബ്രറിയില്‍ നില്ക്കുമ്പോള് ഒരാള്‍ ഈ പുസ്തകം കൊണ്ടുപോയി വായിക്കാതെ തിരിച്ചുകൊണ്ടുവന്നു. പരമബോറാണെന്നായിരുന്നു അയാളുടെ അഭിപ്രായം.
ഞാന്‍ അത് കൊണ്ടുപോയി വായിച്ചു. എന്നെ അത് വളരെയധികം ആകര്‍ഷിച്ചു. ബംഗാളി നാടകങ്ങളുടെ പരിഭാഷകള്‍ വായിച്ചിട്ടുള്ളതിനാലാകാം കൃഷ്ണപിള്ള സാറിന്റെ നാടകം വായിച്ചപ്പോള്‍ ഗാംഭീര്യം ഉള്ളതായി തോന്നി. ജനങ്ങളുടെ കഥയാണ് അത് പറയുന്നത്. വ്യക്തിയുടെ ദുരന്തം എന്നതിലുപരി കുടുംബത്തിന്റെ ദുരന്തമാണ്. പേരുപോലെ തന്നെ ഭഗ്ന ഭവനം. മൂന്ന് പെണ്മക്കളുടേയും അവരുടെ പിതാവിന്റേയും കഥയാണ്. മൂത്തമകള്‍ രാധയാണ് മുഖ്യകഥാപാത്രം. അവള് തന്റെ കാമുകന്റെ ഭാവിക്ക് താന്‍ പ്രതിബന്ധമാകരുതെന്ന് കരുതി മറ്റൊരാളെ കല്യാണം കഴിക്കാന്‍ തയ്യാറാവുന്നു. രണ്ട് കഥാപാത്രങ്ങളുടെ പ്രക്ഷുബ്ധമായ ആന്തരിക ഭാവത്തെയാണ് ഈ നാടകം വെളിപ്പെടുത്തുന്നത്.
അദ്ദേഹത്തിന്റെ നാടകങ്ങളിലെ വലിയ മാറ്റങ്ങളിലൊന്ന് ബാഹ്യസംഭവങ്ങളേക്കാള് ആന്തരിക സംഭവങ്ങള്‍ക്ക് പ്രാധാന്യം നല്കിയിരിക്കുന്നു എന്നതാണ്. ആന്തരികജീവിതത്തിന്റെ ചുഴികള്‍ സങ്കീര്‍ണമായ ഭാവങ്ങളാണ്. അത് തുടര്‍ന്നുപോവുകയാണ്. മൂന്ന് പെണ്മക്കളുടേയും ദുരന്തകഥ കേട്ടുകഴിയുമ്പോള്‍ പിതാവ്, എന്താ ദൈവമേ നീ എന്റെ മണ്‍കുടില്‍ തകര്‍ത്തുകളഞ്ഞല്ലോ എന്ന് പരിതപിക്കുന്നു. പിരിമുറുക്കമുള്ള, ഏകാഗ്രതയുള്ള നാടകം. അവസാനം വിധിയുടെ നേര്‍ക്കുളള പ്രതിഷേധമായി കാണാന്‍ സാധിക്കും. ഈ നാടകത്തിന് അവതാരിക എഴുതിയത് അക്കാലത്തെ എതിരില്ലാത്ത നടനായിരുന്ന വിക്രമന് നായരായിരുന്നു. അദ്ദേഹവും സഹോദരങ്ങളും നാടകത്തിന് വേണ്ടി ജീവിച്ചവരാണ്. എഞ്ചിനീയറായിരുന്നെങ്കിലും നാടകത്തില്‍ ആസാധാരണമായ പാണ്ഡിത്യം നേടിയിരുന്നു. അതുകൊണ്ടുതന്നെ പണ്ഡിതലോകം അന്ന് കൃഷ്ണപിള്ള സാറിനെ നാടകകൃത്ത് എന്ന നിലയില്‍ തിരിച്ചറിഞ്ഞു.
അദ്ദേഹം തുടര്‍ന്നെഴുതിയ നാടകങ്ങള്‍ എല്ലാം തന്നെ സമൂഹത്തില്‍ നടക്കുന്ന പ്രശ്നങ്ങളില്‍ അധിഷ്ഠിതമാണ്. മനസ്സിന്റെ തലങ്ങളെ കൂടുതല്‍ അപഗ്രഥിക്കുന്ന ‘ബലാബലം’ എന്ന നാടകവും ഇത്തരത്തിലുള്ളതാണ്. അമ്മയുടെ സ്വാധീനത്തിന് പൂര്‍ണമായും വിധേയനായ പുത്രന് അമ്മയ്ക്കും ഭാര്യയ്ക്കും ഇടയില്‍ അനുഭവിക്കേണ്ടിവരുന്ന മാനസിക സംഘര്‍ഷമാണ് ഇതിവൃത്തം. ഭാര്യയ്ക്ക് ഭര്‍ത്താവില്‍ നിന്ന് കിട്ടേണ്ടുന്ന അവകാശങ്ങളുണ്ട്. ഇതിനിടയില്‍ മരുമകളും അമ്മായിയമ്മയും തമ്മിലുള്ള സംഘട്ടനത്തിലേക്കെത്തുന്നു. അമ്മയുടെ താല്പര്യങ്ങള്ക്ക് വഴങ്ങുന്ന മകന്, ഇച്ഛാശക്തിയുള്ള രണ്ട് സ്ത്രീകളുടെ ഇടയില്‍ പെട്ടുപോകുന്ന സാഹചര്യങ്ങളാണ് ‘ബലാബലം’ എന്ന നാടകത്തിലുള്ളത്. മംഗളോദയത്തില്‍ ജോസഫ് മുണ്ടശേരി എഴുതിയ വിമര്‍ശനത്തില്‍ അദ്ദേഹം പറയുന്നത് മനശാസ്ത്രപരമായ, ആന്തരികമായ വടംവലി നാടകത്തെ മറ്റേതു നാടകത്തേക്കാളും ശ്രേഷ്ഠമാക്കുന്നു എന്നാണ്.
‘അനുരഞ്ജനം’ എന്ന നാടകത്തില്‍ ജീവിതാവശ്യങ്ങളുടെ വൈരുദ്ധ്യമാണ് പ്രകടമാകുന്നത്. മറ്റൊരു നാടകമായ ‘കന്യക’, സ്ത്രീയുടെ സഹജമായ അഭിനിവേശം ഭാര്യയാകുക, അമ്മയാകുക എന്ന വിശ്വാസത്തില്‍ അധിഷ്ഠിതമാണ്. ഇത് പൂര്‍ണമായും ശരിയാവണമെന്നില്ല. പുരുഷന് സ്ത്രീയെ പ്രലോഭിപ്പിക്കുന്നു എന്ന് പറയുന്നതിനേക്കാള്‍, സ്ത്രീ പുരുഷനെ പ്രലോഭിപ്പിക്കുന്നുവെന്ന് പറയുന്നതാണ് ശരി.
ഐഎഎസ് നേടി കളക്ടറാകുന്ന മകളെ അവളുടെ ഇഷ്ടത്തിന് വിലകൊടുക്കാതെ അവളുടെ പദവിയെ ഉപയോഗപ്പെടുത്തുകയാണ് മാതാപിതാക്കള്‍. അവളെ കല്യാണം കഴിപ്പിക്കുന്നതിനെപ്പറ്റി അവര്‍ ചിന്തിക്കുന്നില്ല. ഇതവള് മനസ്സിലാക്കുകയും ചെയ്യുന്നു. അനിയത്തി കല്യാണം കഴിച്ച് മക്കളുമായി വരുമ്പോള്‍, അവരെ താലോലിക്കുമ്പോഴും താനും ഇതേപോലെ ജീവിക്കേണ്ടവളാണല്ലോ എന്ന് അസൂയയോടെ ചിന്തിക്കുന്നു. അവസാനം അവള് ശിപായിയെ വിവാഹം കഴിക്കുന്നു. ഇതേക്കുറിച്ച് സി.ജെ.തോമസ് എന്നോട് പറഞ്ഞത് വിവാഹമെന്നത് സമൂഹത്തിന്റെ അംഗീകാരം വാങ്ങുന്ന ഒന്നായി അവസാനിപ്പിക്കേണ്ടതില്ലായിരുന്നു എന്നാണ്. ഇത് ഞങ്ങള്‍ തമ്മില്‍ പറഞ്ഞ സ്വകാര്യമാണ്. പ്രക്ഷുബ്ധമായ ഒരന്ത്യം നാടകത്തിന് വേണമായിരുന്നു.
‘ദര്‍ശനം’ എന്ന നാടകം ദുര്‍ബലമായ, ജീവനില്ലാത്ത, വായനക്ക് തന്നെ രസകരമായി തോന്നാത്ത നാടകമാണ്. ഒരു തത്വം അവതരിപ്പിക്കുന്നതിന് വേണ്ടി മാത്രം എഴുതിയിട്ടുള്ളത്. കലാസൃഷ്ടി വിജയം കൈവരിച്ചാല്‍ പിന്നെ അനുകരണത്തിന്റെ ആവശ്യം വരുന്നില്ല. ഇത്തരത്തില്‍ നോക്കിയാല്‍ ‘അനുരഞ്ജനം’ സമതുലിതാവസ്ഥ പാലിക്കുന്ന നാടകമാണ്. എല്ലാ നാടകങ്ങളുടേയും കാതലായ പ്രമേയം മനുഷ്യന് മത്സരിക്കുന്നതും കലഹിക്കുന്നതുമാണ്, നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനായി. മത്സരിച്ച് പാടുപെട്ട് നേടുന്ന നേട്ടങ്ങളെല്ലാം അവസാനിക്കുന്നത് വട്ടപ്പൂജ്യത്തിലാണെന്ന നിഗമനത്തിലാണ് നാടകം അവസാനിക്കുന്നത്.
സാഹിത്യത്തില്‍ അദ്ദേഹത്തിന്റെ വ്യക്തിത്വം രണ്ട് രംഗങ്ങളില്‍ കാണാം. ഒന്ന് സാഹിത്യചരിത്രമാണ്. കൈരളിയുടെ കഥ. മലയാളത്തില്‍ അതുപോലൊരു സാഹിത്യ ചരിത്രമില്ല. മലയാള ഭാഷയുടെ ഉത്പത്തി, വികാസം, പരിണാമം, സാഹിത്യത്തിന്റെ ആവിര്‍ഭാവം, വികാസം, അതിന്റെ കൈവഴികള്‍ എല്ലാം വ്യക്തമായി ഒരു തിരശീലയില്‍ കാണുന്നതുപോലെ രസകരമായി അവതരിപ്പിക്കുന്ന സാഹിത്യചരിത്രം ഒന്നേയുള്ളു, അതാണ് കൈരളിയുടെ കഥ. കൃഷ്ണപിള്ള സാറിന് മാത്രമേ അതുപോലൊന്ന് എഴുതാന്‍ സാധിക്കൂ.
അദ്ദേഹത്തിന്റെ പ്രസിദ്ധമായ വിമര്‍ശനഗ്രന്ഥമാണ് തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍. അത് കിട്ടാനില്ല. തനത് വിമര്‍ശനമാണ്. നിരൂപണവിധേയമായതിന്റെ സംക്ഷിതരൂപമാണ് വായനക്കാരന് മുന്നില്‍ അവതരിപ്പിക്കുന്നത്. തകഴിയുടെ ‘ചെമ്മീനി’നെക്കുറിച്ച് അദ്ദേഹം എഴുതിയിരിക്കുന്നു. ജീവിതകഥയാണിത്. തകഴിയുടെ ഏറ്റവും മികച്ച നോവല്‍ ‘ചെമ്മീനാ’ണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പ്രേമകഥയായതുകൊണ്ട്, പ്രേമത്തിന്റെ സ്ഥിരഭാവം മനോഹരമായി ആവിഷ്കരിക്കുന്ന നോവല്‍ എന്ന നിലയിലാണ്.സ്വതന്ത്ര്യമായി ആഖ്യാനം ചെയ്ത നോവലാണ് ‘ചെമ്മീന്‍’.
കുമാരനാശാന്റെ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങളെക്കുറിച്ചുള്ള രചനയാണ് മറ്റൊന്ന്. അതൊരു ഒറ്റ ഉപന്യാസമാണ്. അദ്ദേഹത്തിന്റെ കവിതകളിലെല്ലാം പ്രകടമാകുന്നത് അന്വേഷണമാണ്. ലീലയും വാസവദത്തയും നളിനിയും മാതംഗിയും സാവിത്രിയും നടത്തുന്നത് അന്വേഷണമാണ്. ഈ അന്വേഷണത്തെക്കുറിച്ച് മര്‍മസ്പര്‍ശിയായ വിമര്‍ശനമാണ് എഴുതിയത്.
സി.വി. രാമന്‍പിള്ളയെക്കുറിച്ച് അദ്ദേഹം എഴുതിയ പ്രതിപാത്രം ഭാഷണഭേദം എന്ന വിമര്‍ശനം വളരെ പ്രധാനപ്പെട്ടതാണ്. അതത്ര പ്രചാരം നേടിയില്ല. പക്ഷെ ഈ പുസ്തകം വായിക്കേണ്ടതാണ്.
സി.വി. രാമന്‍പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ, രാമരാജാബഹദൂര്‍, ധര്‍മരാജ എന്നീ നോവലുകള്‍ എടുത്താല്‍ അതിലെ ഓരോ കഥാപാത്രത്തിന്റേയും സംഭാഷണം, അതിന്റെ താളം, ഭാഷ, സന്ദര്‍ഭം ഇതെല്ലാം വിശദമാക്കുന്ന പ്രൗഢ ഗ്രന്ഥമാണിത്. സി.വി. രാമന്‍പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ ഒഴികെയുള്ള നോവലുകളുടെ ഇതിവൃത്തം ദുര്‍ഘടമാണ്. ഒരു നോവലിസ്റ്റ് ഒരിക്കലും അനുവര്‍ത്തിക്കാത്ത മാര്‍ഗമാണ് സിവി അവലംബിച്ചിരിക്കുന്നത്. പരിണാമ ഗുപ്തിയെന്നത് നോവലിസ്റ്റുകളാരും അനുകരിക്കില്ല. അത് ഡിക്ടറ്റീവ് നോവലിന് ആവാം. നോവലിസ്റ്റ് നല്ല മനുഷ്യനെപ്പോലെയാവണം. അദ്ദേഹത്തിന് വായനക്കാരനില്‍ നിന്ന് ഒന്നും മറച്ചുവയ്ക്കാനുണ്ടാവില്ല. ലളിതമായി എഴുതാനല്ല, ലളിതമായി ചിന്തിക്കാനാണ് സി.വി. രാമന്‍പിള്ളയ്ക്ക് കഴിയാതിരുന്നത്.
പാശ്ചാത്യസാഹിത്യത്തിനും കേരളചരിത്രത്തിനും കൃഷ്ണപിള്ള സാര്‍ വിമര്‍ശനം എഴുതിയിട്ടില്ല. കേരളചരിത്രത്തില്‍ മൂന്ന് വര്‍ഷം ഗവേഷണം ചെയ്തിരുന്നു. അതും പ്രസിദ്ധീകരിച്ചില്ല. അതില്‍ ഒരുപാട് കീറാമുട്ടികളുണ്ട്. പലതും സംശയാസ്പദമാണ്. തെളിവുകളില്ല. ഇതാണ് പ്രസിദ്ധീകരിക്കാത്തതിന് കാരണമായി പറഞ്ഞത്. എംഎ ക്ലാസിലാണ് അദ്ദേഹം എന്നെ പഠിപ്പിച്ചത്. അദ്ദേഹം നന്നായി പാട്ടുപാടും. കാര്യഗൗരവത്തോടുകൂടി, പഠിപ്പിക്കുന്ന വിഷയത്തിലുള്ള സ്വാധീനശക്തിയും സാഹിത്യപരിജ്ഞാനവും മാത്രം പ്രകടമാക്കിക്കൊണ്ട് ക്ലാസിനെ അനുസരിപ്പിക്കുന്ന അദ്ധ്യാപകനായിരുന്നു. വിമര്ശകന്, നാടകകൃത്ത്, ഞാന്‍ വളരെ അടുത്തറിയുന്ന അദ്ധ്യാപകന് എന്ന രീതിയിലും അദ്ദേഹം മലയാളത്തില്‍ മറ്റൊന്നിനോടും ഉപമിക്കാന്‍ കഴിയാത്ത വ്യക്തിത്വം പുലര്‍ത്തിയിരുന്നു.
സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം നല്ല രീതിയില്‍ നടത്തിയ അവസാനത്തെ വ്യക്തിയും കൃഷ്ണപിള്ള സാറാണ്. അദ്ദേഹത്തിന്റെ കാലശേഷമാണ് സാഹിത്യകാരന്മാരെന്ന് വിളിക്കാന്‍ പോലും സാധിക്കാത്തവരുടെ പ്രവര്‍ത്തനത്താലാണ് ആ പ്രസ്ഥാനം താറുമാറായത്. എം.പി. പോളിന്റെ ശ്രേഷ്ഠ ദര്‍ശനത്തോടുകൂടിയാണ് ഇത് തുടങ്ങിയത്. ഇപ്പോള്‍ കുറച്ച് പുനരുദ്ധാരണം ഉണ്ടായിട്ടുണ്ട്.
പ്രശസ്തിക്ക് പിന്നാലെ കൃഷ്ണപിള്ള സാര്‍ പോയില്ല. തന്റെ തൊഴില്‍ കൃത്യമായി മനസ്സിലാക്കി, നിശബ്ദമായി, ഏകാഗ്രമായി, കഠിനമായി പ്രയത്നിച്ചു. അദ്ദേഹത്തെ അനുസ്മരിക്കുന്നത്, അനുസ്മരണത്തെ അര്ത്ഥഗര്ഭമാക്കി തീര്‍ക്കും. മലയാള സാഹിത്യത്തിനും കേരളസംസ്കാരത്തിനും അവിസ്മരണീയമായ സംഭാവനകള്‍ നല്‍കുന്നതിന് വേണ്ടി ജീവിതം അര്‍പ്പിച്ച വ്യക്തിയാണ് പ്രൊഫ. എന്‍.കൃഷ്ണപിള്ള.
(ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ 2016 സപ്തംബര്‍ 22 ന് നടത്തിയ
പ്രഭാഷണം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: