പ്രവാസ ജീവിതത്തിന്റെ നേരും നെറികേടും മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ, തിരുവിതാംകൂറിന്റെ വലിയ കപ്പിത്താന്-ക്യാപ്റ്റന്‍ ഡിലനോയി. സമാനതകളില്ലാത്ത സാഹസികമായൊരു സമര്‍പ്പിത ജീവിതമാണ് കാഴ്ചവച്ചത്.
ഡച്ചുകാര്‍ 1741 ആഗസ്റ്റ് 12-ാം തീയതി തിരുവിതാംകൂറിനുമുന്നില് ഔദ്യോഗികമായി കീഴടങ്ങിയെങ്കിലും അക്കൂട്ടത്തില്‍ യൂസ്റ്റേഷ്യസ് ബനഡിക്ട് ഡിലനോയി എന്ന ചെറുപ്പക്കാരനില്ലായിരുന്നു. ഡിലനോയിയെ യുദ്ധമുഖത്തുവച്ച് കീഴടക്കിയെന്നും അതല്ല, കീഴടങ്ങിയെന്നുമെല്ലാം ചേര്‍ത്തുവച്ച് വായിക്കാനായിരുന്നു, നമുക്ക് ഇഷ്ടവും താല്പര്യവും. മാര്‍ത്താണ്ഡവര്‍മ മഹാരാജാവിന്റെ മുന്നില്‍ പട്ടാളവേഷത്തില്‍ ഡിലനോയി മുട്ടുകുത്തി നില്ക്കുന്ന ഛായാചിത്രം, മലയാളികളുടെ മനസ്സില്‍ ഏറെ സ്വാധീനം ചെലുത്തുകയും പില്ക്കാലത്ത് ആ രംഗ ചിത്രീകരണത്തിന്റെ മികവില്‍ നമ്മള് ഏറെ അഭിമാനിക്കുകയും ചെയ്തു.
ഐതിഹാസികമായ കുളച്ചല്‍ യുദ്ധത്തില്‍ ഡച്ചുകാരുടെ മേലുള്ള തിരുവിതാംകൂറിന്റെ വിജയം, വിദേശ ആധിപത്യത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പില്‍ ഭാരതം കൈവരിച്ച യുദ്ധവിജയമായിരുന്നു. ഇതിന്റെ സ്മരണയ്ക്ക് മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് കുളച്ചലില്‍ വിജയസ്തംഭം സ്ഥാപിച്ചു. ഉരുക്കില്‍ നിര്‍മിച്ച, പതിനേഴ് അടി ഉയരമുള്ള ഇതിന്റെ മുകളറ്റത്ത് തിരുവിതാംകൂറിന്റെ മുദ്രയായ ശംഖ് വിജയഭേരി മുഴക്കി നില്ക്കുന്നു.
ഡച്ചുകാരുടെ അടിയറവിനും മുമ്പേ ഡിലനോയി തിരുവിതാംകൂര്‍ പട്ടാളത്തില്‍ ചേര്‍ന്നു എന്ന യാഥാര്‍ത്ഥ്യം, സന്ദര്‍ഭോചിതമായി പലരും മറക്കാന്‍ ശ്രമിച്ചു. കുളച്ചല്‍ ആക്രമിക്കാന്‍ ഡച്ചു പട്ടാളം തയ്യാറെടുക്കുമ്പോള്‍ ഡിലനോയിയും സുഹൃത്തുക്കളും ഡച്ചുസൈന്യ സേവനം മതിയാക്കി തിരുവിതാംകൂര്‍ സൈന്യത്തില്‍ ചേരാന്‍ മാനസികമായി തയ്യാറെടുത്ത് അവസരത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. 1741 ആഗസ്റ്റ് രണ്ടാംതീയതി ഡിലനോയിയും സുഹൃത്ത് ജാന്‍ ജേക്കബും മറ്റ് സുഹൃദ് പട്ടാളക്കാരുമായി, മുന്‍കൂര്‍ നിശ്ചയിച്ച പ്രകാരം കല്ക്കുളത്തെത്തി. തിരുവിതാംകൂറിലെ വിദേശപട്ടാളത്തിന്റെ അന്നത്തെ തലവനായ ദുയ്വാന്‍ ഷോട്ട് ഇവരെ സ്വീകരിച്ച് കല്‍ക്കുളത്തെ ജയിലിലും ഇരണിയയിലെ ജയിലിലും പാര്‍പ്പിച്ചു. ജര്‍മന്‍കാരനായ ദുയ്വാന്‍ ഷോട്ടിന് മുന്‍പ് ഡച്ചു കമ്പനിയിലായിരുന്നു ജോലി.
1739 ല്‍ ഡച്ചുകാരുമായുണ്ടായ യുദ്ധത്തില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട മാര്‍ത്താണ്ഡവര്‍മ്മ, യുദ്ധ-തന്ത്ര മികവുള്ള യൂറോപ്യന്‍ പട്ടാളക്കാരെ ഉള്‍പ്പെടുത്തി സൈന്യത്തെ ആധുനീകരിക്കുന്നതിന് തീരുമാനിച്ചു. വളരെക്കുറച്ച് വിദേശ പട്ടാളക്കാരേ തിരുവിതാംകൂര്‍ സൈന്യത്തിലുള്ളൂ. പട്ടാളത്തിന്റെ ചുമതല ഏറ്റെടുത്ത് നവീകരണം തുടങ്ങിവച്ചത് ദുയ്വാന്‍ ഷോട്ടാണ്.
തിരുവിതാംകൂര്‍ സൈന്യത്തില്‍ ഡിലനോയിയുടെ സേവനത്തിന്റെ ആവശ്യകത ദുയ്വാന്‍ഷോട്ട്, മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിനെ ബോധ്യപ്പെടുത്തി. ഡിലനോയിയുടെ ശരീരഭാഷയുടെ സവിശേഷതകള്‍ തിരിച്ചറിഞ്ഞ മഹാരാജാവ്, ഡിലനോയിയെയും കൂടെയുള്ളവരെയും സൈന്യത്തില്‍ ചേര്‍ത്തു. ആധുനിക യുദ്ധമുറകള്‍ പരിശീലിപ്പിച്ച് തിരുവിതാംകൂര്‍ സൈന്യത്തെ സജ്ജമാക്കാന്‍ ഡിലനോയിയെ ചുമതലപ്പെടുത്തി, മഹാരാജാവ് മൂന്ന് മാസത്തെ സമയം അനുവദിച്ചു. 1741 ഒക്ടോബര്‍ മാസമായപ്പോഴേക്കും ചിട്ടയായി പരിശീലനം ലഭിച്ച മുപ്പതിനായിരത്തോളം പട്ടാളക്കാര്‍ ഏത് വെല്ലുവിളികളെയും നേരിടാന്‍ തയ്യാറായി. നവംബര്‍ മാസത്തില്‍ ദുയ്വാന്‍ഷോട്ട് രോഗബാധിതനായി, ചികിത്സ തേടി അഞ്ചുതെങ്ങ് കോട്ടയിലെത്തി.
വിദേശ പട്ടാളക്കാര്‍ക്ക് തിരുവിതാംകൂറില്‍ നിന്ന് നല്ല പരിഗണനയും ശമ്പളവുമാണ് ലഭിച്ചിരുന്നതെങ്കിലും ദുയ്വാന്‍ ഷോട്ടിന്റെ അഭാവത്തില്‍ യൂറോപ്യന്‍ പട്ടാളക്കാര്‍ ആശങ്കാകുലരായി. അവരുടെ നിലനില്‍പ്പിനെപ്പോലും അത് ബാധിച്ചേക്കുമെന്ന് കരുതി പലരും വിട്ടുപോകുന്നതിനെക്കുറിച്ചാലോചിച്ചു. ഇത് മഹാരാജാവിനെ ഉത്കണ്ഠാകുലനാക്കി. വിവരമറിഞ്ഞ ദുയ്വാന്‍ ഷോട്ട് ക്രൂരമായ ശിക്ഷാവിധിയാണ് നിര്‍ദ്ദേശിച്ചത്. പിരിഞ്ഞുപോകാന്‍ ശ്രമിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് രാജാവിനെ അറിയിച്ചു. 1744 ല്‍ ദുയ്വാന്‍ ഷോട്ട് അന്തരിച്ചു. പട്ടാളത്തിന്റെ ചുമതല ഏറ്റെടുത്ത ഡിലനോയി, തിരുവിതാംകൂറിന്റെ പ്രതീക്ഷകള്ക്കുമപ്പുറത്തുയര്ന്ന് കഴിവുകള്‍ പ്രകടിപ്പിച്ച് സൈന്യാധിപനായിത്തീര്ന്നതും ”വലിയകപ്പിത്താന്‍” എന്ന ബഹുമാന സൂചകമായി തിരുവിതാംകൂര്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച് അദ്ദേഹത്തെ വിശേഷിപ്പിച്ചതും ചരിത്രം രേഖപ്പെടുത്തിയ സത്യങ്ങളാണ്. അന്നത്തെ സാമൂഹിക, സാംസ്കാരിക സാഹചര്യത്തില്‍ ഒരു പരദേശിക്ക് കിട്ടാവുന്ന ഏറ്റവും വലിയ നേട്ടവും അംഗീകാരവുമായി ചരിത്രകാരന്മാര് ഇതിനെ വിലയിരുത്തുന്നു.
ഡിലനോയിയുടെ ആസ്ഥാനമായിരുന്നു, ഉദയഗിരിക്കോട്ട. തിരുവിതാംകൂറിന്റെ പ്രധാന ജയിലും അവിടെയാണ്. പദ്മനാഭപുരം കൊട്ടാരത്തില്‍നിന്ന് പുലിയൂര് കുറിച്ചിവഴി ഏകദേശം മൂന്നുകിലോമീറ്റര്‍ പോയാല്‍ കോട്ടയിലെത്താം. ഡിലനോയിയുടെ ചുമതലയില്‍ അന്നത്തെ സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി, കോട്ട പുതുക്കിപ്പണിതു. തൊണ്ണൂറ് ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന കോട്ടയുടെ പിന്നില്‍ മലയാണ്. കോട്ടഭിത്തിക്ക് അഞ്ചുമീറ്റര്‍ ഉയരവും നാലരമീറ്റര്‍ ഘനവുമുണ്ട്.
ഡച്ച് കമ്പനിയിലായിരുന്നെങ്കിലും ഡിലനോയി, ഡച്ചുകാരനല്ല. ഫ്രാന്‍സില്‍ അരാസ് നഗരത്തില്‍ 1715 ഡിസംബര്‍ 29 ന് ജനിച്ചു. ഫ്രാന്‍സിന്റെ സാമ്പത്തികസ്ഥിതി അക്കാലത്ത് വളരെ പരിതാപകരമായിരുന്നു. തൊഴിലും വരുമാനമാര്‍ഗവുമില്ലാതെ നില്ക്കുന്ന യുവാക്കളുടെ പ്രധാന ആശ്രയം പട്ടാള സേവനമാണ്. ഈ സാഹചര്യത്തിലാണ് ഡിലനോയി ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിയില്‍ ചേരുന്നത്. കമ്പനിയില്‍ ജോലിയുള്ളവര്‍ക്ക് സാമാന്യം ഭേദപ്പെട്ട രീതിയിലുള്ള ജീവിതത്തിന് തുടക്കമിടാന്‍ കഴിഞ്ഞു. പിന്നീട്, പലര്‍ക്കുമിത് പ്രേരണയായി. യൂറോപ്പില്‍, ഡച്ചുകമ്പനി സജീവമായിരുന്നു. ഫ്രഞ്ചുകാര്‍, ജര്‍മന്‍കാര്‍ എന്നിവരെല്ലാം ഇതില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു.
യൗവ്വനം തുടിച്ചു നില്‍ക്കുമ്പോഴാണ് ഡിലനോയി, കമ്പനിയുടെ നിര്‍ദ്ദേശപ്രകാരം കപ്പല്‍ കയറുന്നത്. 1738 ല്‍ കൊളംബോയിലെത്തി. അദ്ദേഹം വശമാക്കിയ ആയോധനവിദ്യയും യൂറോപ്യന്‍ യുദ്ധതന്ത്രവും കോട്ടകെട്ടാനുള്ള പ്രാവീണ്യവും മാത്രമാണ് ഡിലനോയിയുടെ കൈമുതല്‍. വാന്‍ ഇംഹോഫ് ആയിരുന്നു അന്ന് കൊളംബോയിലെ ഡച്ച് ഗവര്‍ണര്‍. അദ്ദേഹത്തിന് ഡിലനോയിയുടെ കായികശേഷി, സ്വഭാവം, മാന്യതയുള്ള പെരുമാറ്റം മുതലായവ ഇഷ്ടപ്പെട്ടു. കൊച്ചിയിലേക്ക് 1739 ല്‍ വാന്‍ ഇംഹോഫ് പോകുമ്പോള്‍ ഡിലനോയിയേയും കൂടെക്കൂട്ടി. അത് ഡിലനോയി എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലെ വഴിത്തിരിവായി.
റോമന്‍ കത്തോലിക്കാ വിശ്വാസികള്‍ ഡച്ചുകമ്പനിയില് വളരെയധികം അവഗണനയും മാനസിക പീഡനവും അനുഭവിച്ചു. മാത്രമല്ല, പട്ടാളക്കാര്‍ക്ക് യഥാസമയം വേതനം കിട്ടിയില്ല. അസുഖം ബാധിച്ചവര്‍ക്കും പടയോട്ടങ്ങളില്‍ മുറിവും ചതവും പറ്റിയവര്‍ക്ക് നല്ല ചികിത്സയും ലഭിച്ചില്ല. ഈ സാഹചര്യത്തില്‍ തിരുവിതാംകൂര്‍ സൈന്യത്തിലെ വിദേശപട്ടാളത്തൊഴിലാളികള്ക്ക് കിട്ടുന്ന ഉയര്‍ന്ന ശമ്പളം, ആദരം മുതലായവ ഇവരേയും മോഹിപ്പിച്ചു. ഡച്ചുപട്ടാളക്കാരില് പലരും കപ്പല്‍ കയറിയതുതന്നെ ഏതെങ്കിലുമൊരു നാട്ടുരാജ്യത്തിലെ പട്ടാളത്തൊഴിലാളി ജീവിതം സ്വപ്നം കണ്ടാണ്. ഡിലനോയി തിരുവിതാംകൂര്‍ സൈന്യത്തില്‍ ചേരുന്നതിന് ഇടനിലക്കാരനായി വര്‍ത്തിച്ചത് ദുയ്വാന്‍ ഷോട്ടാണ്.
വയസ് ഇരുപത്തിയൊന്പതു കഴിഞ്ഞു. ഡിലനോയ് വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു. അഞ്ചുതെങ്ങിലെ സിറിയന്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട മാര്‍ഗരറ്റുമായുള്ള വിവാഹത്തിനുവേണ്ട ആലോചകള്‍ നടത്തി. മാര്‍ഗരറ്റിന് അന്ന് ആദ്യവിവാഹത്തില്‍ മകളുണ്ട്. അപ്രതീക്ഷിത പ്രതികരണമായിരുന്നു മാര്‍ഗരറ്റിന്റെ പിതാവില്‍നിന്നുണ്ടായത്. വിദേശത്തും സ്വദേശത്തുമായി വ്യാപിച്ചുകിടക്കുന്ന ഡച്ചുകമ്പനിയില്നിന്ന് കൂറുമാറിയ ഡിലനോയി, നയവഞ്ചകനും വിശ്വസിക്കാന്‍ കൊള്ളാത്തവനുമാണെന്ന വിശേഷണമാണ് മാര്‍ഗരറ്റിന്റെ പിതാവ്, ഡിലനോയിക്കു ചാര്‍ത്തിക്കൊടുത്തത്.
തികച്ചും അപരിഷ്കൃതമായ നാട്ടുരാജാവിന്റെ ആശ്രിതനായിട്ടാണ് ഡിലനോയി കഴിയുന്നതെന്നു പുച്ഛിക്കുകയും പരിഹസിക്കുകയും ചെയ്ത്, വിവാഹാലോചനയുമായി വന്നവരെ അദ്ദേഹം തിരിച്ചയച്ചു. വിവരമറിഞ്ഞ മഹാരാജാവ് സന്ദര്‍ഭോചിതമായി വിഷയത്തിലിടപെട്ടു. അഞ്ചുതെങ്ങിന്റെ ഭരണച്ചുമതലയുള്ള കമാന്‍ഡര്‍ക്ക് ദൂതന് വഴി മാര്‍ത്താണ്ഡവര്‍മ്മ സന്ദേശമയച്ചു. ഈ വിവാഹത്തിനു മാര്‍ഗരറ്റിന്റെ പിതാവ് അനുകൂലിക്കുന്നില്ലെങ്കില്‍ അഞ്ചുതെങ്ങുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുമെന്നായിരുന്നു, സന്ദേശത്തിന്റെ ഉള്ളടക്കം. ഇത് അവഗണിച്ചാലുണ്ടാകുന്ന പരിണിതഫലം തിരിച്ചറിഞ്ഞ കമാന്‍ഡര്‍, മാര്‍ഗരറ്റിന്റെ പിതാവിനെ കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. സമ്മര്‍ദ്ദത്തിനു വഴങ്ങിയ അദ്ദേഹം ഒടുവില്‍, ഡിലനോയിയും മാര്‍ഗരറ്റുമായുള്ള വിവാഹത്തിനു സമ്മതിച്ചു.
വേണാടിന്റെ ചരിത്രത്തില്‍ ജ്വലിച്ചുനില്ക്കുന്ന ഇതിഹാസപുരുഷനാണ് ഡിലനോയി. കേരളത്തിലങ്ങോളമിങ്ങോളം, വിശേഷിച്ചും തെക്കന്‍ കേരളത്തിലും മധ്യതിരുവിതാംകൂറിലും പടനയിച്ചും വെട്ടിപ്പിടിച്ചും മഹാരാജാവിന്റെയും ജനങ്ങളുടെയും ഇഷ്ടതാരമായി മാറിയെങ്കിലും ഡിലനോയിക്ക് കൊട്ടാരത്തിനുള്ളില്‍ പ്രവേശനമില്ലായിരുന്നു. ‘അയിത്തം’ ഡിലനോയിയെ അകറ്റിനിര്‍ത്തി.
രണ്ട് മഹാരാജാക്കന്മാരുടെ കൂടെ പടനയിക്കാനുള്ള അപൂര്‍വ്വ ഭാഗ്യമാണ് ഡിലനോയിക്ക് കിട്ടിയത്. മന്ത്രിയും മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനും അഭ്യുദയകാംക്ഷിയുമായ രാമയ്യന്റെ തന്ത്രങ്ങള്‍ക്കും കുതന്ത്രങ്ങള്‍ക്കും പടക്കളത്തില്‍ വീര്യം പകര്‍ന്ന് വിജയക്കൊടി പാറിക്കാന്‍ ഡിലനോയിക്ക് കഴിഞ്ഞിട്ടുണ്ട്. ഇവര്‍ തമ്മിലുള്ള സൗഹൃദബന്ധം പുതിയ സമവാക്യങ്ങള്‍ സൃഷ്ടിച്ചു. രാമയ്യന് രോഗബാധിതനായി 1756 ല്‍ മരിച്ചു. മഹാരാജാവ് 1758 ല്‍ നാടുനീങ്ങി. തുടര്‍ന്ന് അധികാരത്തിലെത്തിയ കാര്‍ത്തികതിരുനാള്‍ ബാലരാമവര്‍മ്മ കീഴ്വഴക്കങ്ങള് മറന്നില്ല. ദേവസഹായംപിള്ളയെന്ന് പില്ക്കാലത്ത് അറിയപ്പെട്ട നീലകണ്ഠപിള്ളയുടെ ക്രിസ്തുമതത്തിലേക്കുള്ള മതപരിവര്‍ത്തനത്തിന് പ്രചോദകനും വഴികാട്ടിയുമായത് ഡിലനോയിയാണ്.
ഡിലനോയി-മാര്‍ഗരറ്റ് ദമ്പതികള്‍ക്ക് 1745 ആഗസ്റ്റ് അഞ്ചിന് ആണ്‍കുട്ടി ജനിച്ചു. ജോവാനസ്. തിരുവിതാംകൂറിനുവേണ്ടി തന്റെ പിതാവ് ജയിച്ചുകയറുന്ന യുദ്ധങ്ങളുടെ ആഹ്ളാദാരവങ്ങള്ക്കിടയിലൂടെയാണ് ജോവാനസിന്റെ ബാല്യകൗമാരങ്ങള്‍ കടന്നുപോയത്. പിതാവിന്റെ പാത പിന്തുടര്ന്ന് ജോവാനസും പട്ടാളത്തില്‍ ചേര്‍ന്നു. ഡിലനോയിയോടും കുടുംബത്തോടുമുള്ള ആദരസൂചകമായി ജനം, േജാവാനസിനെ ‘ചെറിയ കപ്പിത്താന്’ എന്ന് വിശേഷിപ്പിച്ചു. 1765 ല്‍ കളയ്ക്കാട് വച്ച് നടന്ന യുദ്ധത്തില്‍ ജോവാനസ് കൊല്ലപ്പെട്ടു. മകന്റെ മരണം ഡിലനോയിയെ മാനസികമായി തളര്‍ത്തി.
ചരിത്രത്തിന്റെ താളുകളില്‍ ഇന്നും ചുരുളഴിയാതെ കിടക്കുന്നു യുദ്ധഭൂമിയിലെ ജോവാനസിന്റെ അന്ത്യം. ഒരുപക്ഷേ, ജോവാനസ് മരിക്കേണ്ടത് ചിലരുടെ ആവശ്യമായിരിക്കാം. അച്ഛനുശേഷം മകന് സൈന്യത്തിന്റെ ചുമതലയേറ്റേക്കാം എന്ന ധാരണ വരേണ്യവര്‍ഗ്ഗത്തില്‍ ചിലര്‍ക്ക് രുചികരമായിരുന്നില്ലെന്ന് ചില ചരിത്രകാരന്മാര് സംശയിക്കുന്നു. മകന്റെ സ്മരണക്കായി റോമന്‍ കത്തോലിക്കാ പള്ളി, ഡിലനോയി ഉദയഗിരി കോട്ടയില്‍ പണികഴിപ്പിച്ചു. മുപ്പത്തിയേഴുവര്‍ഷത്തെ സുദീര്‍ഘവും മഹത്തരവുമായ സൈനികജീവിതത്തിനൊടുവില് 1777 ജൂണ്‍ ഒന്നിന് ഡിലനോയി അന്തരിച്ചു. തിരുവിതാംകൂര്‍ വീരോചിതമായ അന്ത്യോപചാരങ്ങള്‍ നല്കി, മകന്റെ കല്ലറയ്ക്ക് സമീപം ഡിലനോയിക്കും അന്ത്യവിശ്രമമൊരുക്കി.
മാര്‍ഗരറ്റും മകളും ഉദയഗിരിക്കോട്ടയില്‍ ഏറെക്കാലം കഴിഞ്ഞു. മകള്‍ പിന്നീട് കോഴിക്കോട്ടുള്ള മത്തായിയുമായി വിവാഹിതയായി. 1782 ല്‍ മാര്‍ഗരറ്റ് മരിച്ചു. ഡിലനോയിയുടെ ശവകുടീരത്തിനരികില്തന്നെ മാര്‍ഗരറ്റും വിശ്രമിക്കുന്നു.കുണ്ടറ വിളംബരംവരെ ഉദയഗിരിക്കോട്ട, തിരുവിതാംകൂറിലെ യൂറോപ്യന്‍ പട്ടാളക്കാരുടെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: