മൊഴിമാറ്റ ചിത്രങ്ങള്‍ക്ക് ഗാനങ്ങളെഴുതുക എന്നത് എളുപ്പമല്ല. അതുകൊണ്ടുതന്നെ ഒട്ടുമിക്ക ഗാനരചയിതാക്കളും ആ ഉദ്യമത്തില്‍ നിന്ന് പിന്മാറുകയാണ് പതിവ്. എന്നാല്‍ ആ അവസരങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് സിജു തുറവൂര്‍. കാവ്യഭംഗി തെല്ലും ചോര്‍ന്നുപോകാതെ കഥാസന്ദര്‍ഭത്തിനും ചുണ്ടനക്കത്തിനുമനുസരിച്ചുള്ള ഗാനസൃഷ്ടിക്ക് ജലത്തിലെ നിഴലില്‍ നോക്കി ആകാശത്തിലെ പറവയെ അമ്പെയ്തുവീഴ്ത്തുന്ന പാടവം വേണം.
വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ സ്കൂളില്‍ രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ അനശ്വര കവിയോട് തോന്നിയ ആരാധനയില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ് ഗാനരചനാ മോഹം. പക്ഷെ, സിജുവിന്റെ കാവ്യമയൂരം പീലി വിടര്‍ത്തിയത് ഡിഗ്രി പഠനകാലത്താണ്.
സംഗീത സംവിധായകനായ കെ.എല്‍. ലത്തീഫുമായുള്ള അടുപ്പം അദ്ദേഹത്തിന്റെ സുഹൃത്തും അഭിഭാഷകനുമായ ഷൈനിന്റെ സഹായത്തോടെ കൊച്ചി എഫ്എമ്മിന് വേണ്ടി രണ്ട് ലളിതഗാനങ്ങളെഴുതാന് സാധിച്ചു. ആ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി പിന്നീട് പ്രിയാനുരാഗം എന്ന ആല്‍ബം ഒരുക്കി.
ആനന്ദ് ഓഡിയോസില്‍ തുടക്കം കുറിച്ച് പിന്നീട് എം.സി. സജിതന്റെ എംസി ഓഡിയോസിനുവേണ്ടി നിലയ്ക്കാത്ത എഴുത്തായിരുന്നു. കേരളത്തിലുടനീളം ഇരുനൂറില്‍പ്പരം ക്ഷേത്രങ്ങള്‍ക്കായി രണ്ടായിരത്തോളം ഭക്തിഗാനങ്ങളെഴുതിയ സിജു തുറവൂരിന്റെ ‘മിഴിയഴക് നിറയും രാധ”(അമ്പിളിക്കണ്ണന്‍ ആല്‍ബം) കൊച്ചുകുട്ടികള്‍ക്ക് ഹരമായി മാറിയിരുന്നു.
ജോണി സാഗരിഗയുമായുള്ള സൗഹൃദമാണ് ചലച്ചിത്ര രംഗത്തെത്തിച്ചത്. മോഹന്‍ലാലിന്റെ ഭഗവാന്, ഫ്രണ്ട്ഷിപ്പ്, കോള്‍ഡ് സ്റ്റോറേജ് എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടില്ല. ജോണി പരിചയപ്പെടുത്തിയ ഖാദര്‍ ഹസ്സനുമായുള്ള അടുപ്പം ഹാപ്പി എന്ന മൊഴിമാറ്റ ചിത്രത്തിന് ഗാനരചന നിര്‍വഹിക്കുന്നതിന് വഴി തെളിച്ചു. അതില്‍ അഴകേ…നീ എന്നെ പിരിയല്ലേ എന്ന ഗാനം ഹിറ്റായി. പിന്നീട് വന്ന ഹാപ്പി ഡെയ്സിലെ മനസ്സിന് മറയില്ല…സ്നേഹത്തിനതിരില്ല എന്ന ഗാനം അക്കാലത്ത് ക്യാമ്പസുകളുടെ ഇഷ്ടഗാനമായിരുന്നു. തുടര്‍ന്ന് ബണ്ണി, വരന്, ഹീറോ, കൃഷ്ണ, ബദരീനാഥ് ഇങ്ങനെ മൊഴിമാറ്റ ചിത്രങ്ങളുടെ പ്രവാഹമായിരുന്നു.
ഇപ്പോള്‍ യോദ്ധാവ് വരെ എത്തി നില്ക്കുന്ന 46 ചിത്രങ്ങള്‍ക്ക് ഗാനരചന നിര്‍വഹിച്ചുകഴിഞ്ഞു. അല്ലു അര്‍ജ്ജുന്റെ ചിത്രങ്ങള്‍ക്കുവേണ്ടിയാണ് കൂടുതല്‍ ഗാനങ്ങള്‍ മൊഴിമാറ്റി എഴുതിയത്. തെലുങ്ക് ചിത്രങ്ങള്‍ കേരളത്തില്‍ കോടികള്‍ കളക്ഷന്‍ നേടുമ്പോള്‍ സിജു തുറവൂരിന്റെ പ്രയത്നവും അതിന് പിന്നിലുണ്ട് എന്നതില്‍ അഭിമാനിക്കാം.
സംഗീത സംവിധായകരായ എം.കെ. അര്ജ്ജുനന്, ജയ-വിജയ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. മോഹന്‍ സിത്താര, കെ.എം. ഉദയന്‍, ജാസി ഗിഫ്റ്റ് എന്നിവര്‍ക്കൊപ്പവും സഹകരിച്ചു.
സുജാത, എം.ജി. ശ്രീകുമാര്‍, പി.ജയചന്ദ്രന്, വിജയ് യേശുദാസ്, വിധു പ്രതാപ്, മധു ബാലകൃഷ്ണന്, സുദീപ് കുമാര്‍ എന്നീ ഗായകരുടെ സ്വരമാധുരിയിലൂടെ സിജുവിന്റെ പാട്ടിന്റെ പാലാഴി പതഞ്ഞൊഴുകി.
വയലാറിലായിരുന്നു ജനനം. പിന്നീട് അച്ഛന് രാജപ്പന്റെ സാമ്പത്തിക ബാധ്യതകള്‍ കാരണം തുറവൂര്‍ ഊരാറ്റില് വീട്ടിലേക്കുള്ള പറിച്ചു നടല്‍ കുരുന്നു പ്രായത്തില്‍ മനസ്സിനേറ്റ ആദ്യത്തെ മുറിവായിരുന്നു. മകനൊരു ഗാനരചയിതാവാകണം എന്ന് ആഗ്രഹിച്ചത് അച്ഛനായിരുന്നു. അച്ഛന്റെ വിയോഗമാണ് സിജുവിനെ തളര്‍ത്തിയ മറ്റൊന്ന്.
തിരുവാതിര കളി തലമുറകള്‍ക്ക് പകര്‍ന്നു നല്കിയ കലാദ്ധ്യാപികയായ അമ്മ ശ്യാമളയും കളമശ്ശേരി സെന്റ് പോള്‍സ് ഇന്റര്‍നാഷണല്‍ സ്കൂളിലെ സംഗീത അദ്ധ്യാപികയായ ഭാര്യ ശ്യാമയും മക്കളായ കാശിനാഥനും കാളിദാസനും സിജുവിന്റെ ഗാനസപര്യക്ക് കരുത്തേകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: