പെരിന്തല്‍മണ്ണയില്‍ നിന്ന് നിലമ്പൂര്‍ പോകുന്ന വഴിയില്‍ കീഴാറ്റൂര്‍ എന്ന സ്ഥലത്താണ് പൂന്താനം ഇല്ലം. അവിടെ എത്തുന്നതിനു വളരെ മുമ്പേ വഴിയരികില്‍ ‘പൂന്താനം ഇല്ലം’ എന്ന കറുത്ത ബോര്‍ഡുകള്‍ കാണാം. വീതി അല്‍പ്പം കുറവാണെങ്കിലും തിരക്ക് കുറഞ്ഞവഴി. റോഡിനോടു ചേര്‍ന്നുതന്നെയാണ് ഇല്ലം. പടിപ്പുരയില്‍ ബോര്‍ഡുള്ളതിനാല്‍ കാണാതെ പോകാന്‍ പറ്റില്ല.
അവകാശികളില്ലാത്തതിനാല്‍ അന്യംനിന്നുപോകുന്ന സ്ഥിതിയിലെത്തിയ പൂന്താനം ഇല്ലം ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് ഏറ്റെടുത്തു. ഇല്ലം വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. മുറ്റമെല്ലാം ടൈല്‍സ്പാകിയിരിക്കുന്നു. ഇല്ലത്തിന്റെ പുറകിലായി കിണറുണ്ട്. ഒരുവശത്തു പഴയപത്തായപ്പുര പുതുക്കി വച്ചിരിക്കുന്നു. അവിടെ നല്ല ഓഡിറ്റോറിയവും ഉണ്ട്.
ഇല്ലത്തിന്റെ വാതില്‍ താഴിട്ടുപൂട്ടിയിരിക്കുന്നു. തൊട്ടടുത്തു അരമതില് കെട്ടിയസ്ഥലത്തു നീലക്കാര്‍വര്‍ണ്ണന്റെ പ്രതിമ. അവിടെനിന്നാണ്പൂന്താനം ഉടലോടെ സ്വര്ഗത്ത് പോയതെന്ന് ആലേഖനം ചെയ്തുവെച്ചിട്ടുണ്ട്.
രാവിലെ പതിനൊന്ന് തൊട്ടു ഒന്നര വരെയാണ് പ്രവേശനം. ചെറിയ വാതില്‍ വഴി തലമുട്ടാതെ വേണം ഇല്ലത്തിനകത്തേക്ക് പ്രവേശിക്കുവാന്‍. വെളിച്ചക്കുറവുണ്ട്. നാലുകെട്ട്പോലെയുള്ളിടത്തു ചുമരുകളില്‍, ജ്ഞാനപ്പാനയില്‍ നിന്നുള്ള വരികള്‍ ലാമിനേറ്റ്ചെയ്ത് തൂക്കിയിട്ടുണ്ട്.
പൂന്താനം പൂജിച്ചിരുന്ന തിരുമാന്ധാംകുന്നിലെ ദേവിയേയും കുടിയിരുത്തിയിരിക്കുന്നു. ഇല്ലം ഏറ്റെടുത്തപ്പോള്‍ അത്അവിടെ നിന്ന് മാറ്റാന്‍ പറ്റില്ല എന്നാണ് പ്രശ്നവശാല്‍ കണ്ടത്.
നടുമുറ്റത്തോട് ചേര്‍ന്ന്, മുകളില്‍ ചെറിയമാളിക. കയറാന്‍ കുത്തനെയുള്ളകോണി. വീഴാതിരിക്കാന്‍, പിടിക്കാന്‍ ഒരുകയറും. മുകളില്‍ ഇരിക്കാന്‍ ഒരു പലക കട്ടില് പോലെ തൂക്കിയിട്ടിട്ടുണ്ട്. വളരെ ചെറിയമുറികള്‍.
ഒരുവശത്ത് കൃഷ്ണവിഗ്രഹം പൂജക്ക് വച്ചതുപോലെ. മുന്പില് കുറേപേര്‍ക്ക് ഇരിക്കാനുള്ള സ്ഥലവുമുണ്ട്. ഇവിടെ എഴുത്തിനിരുത്താറുണ്ട്. ഇല്ലത്തിന്റെ മുമ്പില്‍ 50 മീറ്റര്‍ മാറി കൃഷ്ണന്റെ അമ്പലമുണ്ട്. ഗുരുവായൂരില്‍ പോകാന്‍ വയ്യാതായപ്പോള്‍ പൂന്താനം ഇവിടെയാണ് പൂജ നടത്തിയിരുന്നത്.
പൂന്താനം
പൂന്താനം (1547-1640 AD) മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയ്ക്കടുത്ത് കീഴാറ്റൂര്‍ എന്ന സ്ഥലത്ത് ജനിച്ചു. അദ്ദേഹത്തിന്റെ ജ്ഞാനപ്പാനയിലെ പല വരികളും പഴംചൊല്ല് പോലെ മലയാള ഭാഷയില്‍ പ്രചുരപ്രചാരം നേടി. പൂന്താനം ഇല്ലപ്പേരാണ്; അദ്ദേഹത്തിന്റെ ശരിക്കുള്ള പേര് അജ്ഞാതമാണ്. ഇരുപതാം വയസ്സില്‍ പൂന്താനം വിവാഹിതനായി, പക്ഷെ കുട്ടികളുണ്ടായില്ല. വളരെക്കഴിഞ്ഞു സന്താനഗോപാലം ചൊല്ലി ഗുരുവായുരപ്പന്റെ അനുഗ്രഹത്താല്‍ ആണ്‍കുട്ടി ജനിച്ചെങ്കിലും, അകാലത്തില്‍ മരണമടഞ്ഞു. ദുഖാര്‍ത്തനായ പൂന്താനത്തിന്റെ മടിയില്‍ ഉണ്ണികൃഷ്ണന് പ്രത്യക്ഷനായെന്നു കഥ. അതിനു ശേഷം അദ്ദേഹം കൃഷ്ണനെ മകനായി സങ്കല്പിച്ചു ജീവിച്ചു.
പൂന്താനത്തിന്റെ അകമഴിഞ്ഞ ഭക്തിയില്‍ സന്തുഷ്ടനായി ഭഗവാന് അദ്ദേഹത്തെ ഉടലോടെ സ്വര്‍ലോകത്തുകൊണ്ടുപോകാന്‍ വിമാനമയച്ചത്രേ. കൂടെകൊണ്ടുപോകാന്‍ പൂന്താനം എല്ലാവരെയും വിളിച്ചെങ്കിലും, അദ്ദേഹത്തിന്റെ വിഭ്രാന്തിയായി കരുതി ആരും ചെന്നില്ല. പൂന്താനത്തിന്റെ ഭക്തിയില്‍ വിശ്വാസമുണ്ടായിരുന്ന ജോലിക്കാരി മാത്രം ‘ഇതാ ഞാനും വരുന്നേ’ എന്ന് പറയുകയും, അദ്ദേഹത്തിന്റെ കുടെ വിമാനത്തില്‍ കയറി സ്വര്‍ലോകത്ത് പോകുകയും ചെയ്തു എന്ന് ഐതിഹ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: