തിരുനെല്ലി : അതീവ ദുര്‍ഘടാവസ്ഥയില്‍ പ്രതികൂല സാഹചര്യങ്ങളെ വകവെയ്ക്കാതെ വനാന്തര്‍ഭാഗങ്ങളില്‍ സംരക്ഷണ ജോലിയിലേര്പ്പിട്ടിരിക്കുന്ന വന സംരക്ഷണ ജീവനക്കാര്‍ക്ക് സ്വയം രക്ഷയ്ക്കുള്ള ആയുധവും മറ്റ് ആധുനിക സൗകര്യങ്ങളും അടിയന്തിരമായി അനുവദിക്കേണ്ടതാണെന്ന് മാനന്തവാടി നിയോജക മണ്ഡലം എം.എല്‍.എ. ഒ.ആര്.കേളു പറഞ്ഞു. ക്യത്യ നിര്‍വ്വഹണത്തിനിടെ വനത്തില്‍ വെച്ച് കാട്ടാനയുടെ ആക്രമണത്തില്‍ അതിദാരുണമായി കൊല്ലപ്പെട്ട ബേഗൂര്‍ റെയിഞ്ചിലെ ഫോറസ്റ്റ് വാച്ചര്‍ ബൊമ്മന്റെ സംസ്കാരച്ചടങ്ങിന് ശേഷം നടത്തിയ അനുശോചന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
25 വര്‍ഷത്തിലധികം കാടിനേയും വന്യമ്യഗങ്ങളേയും സ്നേഹിച്ച്, പുതുതായി വരുന്നവര്‍ക്ക് വഴികാട്ടിയായി, വനം വകുപ്പില്‍ താത്കാലികമായും സ്ഥിരമായും ജോലി നിര്‍വ്വഹിച്ചുവന്ന ബൊമ്മന്, ഫീല്‍ഡ് വെരിഫിക്കേഷന് സ്ഥലത്തെത്തിയ ഡി.എഫ്.ഒ. അടക്കമുള്ള തന്റെ സഹപ്രവര്‍ത്തകരുടെ ജീവന് രക്ഷിക്കുന്നതിന് സ്വയം രക്തസാക്ഷിത്വം വഹിക്കുകയായിരുന്നു. ചടങ്ങില്‍ അനുശോചനം അറിയിച്ചുകൊണ്ട് സംസാരിച്ച ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.എന്‍.പ്രഭാകരന് അഭിപ്രായപ്പെട്ടു.
വനാന്തര്ഭാഗങ്ങളില്വെച്ച് വന്യമ്യഗങ്ങളുടേയും നായാട്ടുകാരുടേയും ആക്രമണത്തില്‍ ജീവത്യാഗം ചെയ്യേണ്ടി വന്ന കേരളത്തിലെ 14-ാമത്തെ രക്തസാക്ഷിയാണ് ബൊമ്മന്. ശബ്ദം പുറപ്പെടുവിക്കുന്നതിനായി വനത്തില്‍ കൊണ്ടു നടക്കാന്‍ പറ്റുന്ന തോക്ക് ഉണ്ടായിരുന്നെങ്കില്‍ ഒരു ജീവന് നഷ്ടപ്പെടില്ലായിരുന്നുവെന്ന് തന്നെയാണ് ജീവനക്കാര്‍ വിശ്വസിക്കുന്നത്. ജീവനക്കാര്‍ക്ക് വന്യമ്യഗങ്ങളെ തുരത്തുന്നതിനായി ശബ്ദം പുറപ്പെടുവിക്കുന്നതും കാട്ടുകള്ളന്മാരെ നേരിടുന്നതിനായി വനത്തില്‍ കൊണ്ടു നടക്കാന്‍ കഴിയുന്നതുമായ കനം കുറഞ്ഞ പിസ്റ്റള്‍ പോലുള്ള ആയുധം അനുവദിച്ച് തരണമെന്നും ആയത് ഉപയോഗിക്കാനുള്ള സി.ആര്.പി.സി. സംരക്ഷണം നല്‍കണമെന്നുമുള്ള വര്‍ഷങ്ങളായ ആവശ്യത്തിനോട് സര്‍ക്കാരും വകുപ്പും പുറം തിരിഞ്ഞ സമീപനമാണ് സ്വീകരിക്കുന്നത്. ആയത് തിരുത്തി പ്രതികൂല സാഹചര്യങ്ങളില്‍ വനത്തേയും വന്യമ്യഗങ്ങളേയും പ്രക്യതിയേയും തന്നെ സംരക്ഷിക്കുന്ന താഴെക്കിടയിലുള്ളവരുടെ ജീവനും വില കല്പ്പിക്കണം. അല്ലാത്തപക്ഷം ഇതര വകുപ്പുകളിലെ താഴ്ന്ന തസ്തികകളിലേക്ക് വരേ കൊഴിഞ്ഞ് പോക്ക് ഇനിയും വര്‍ദ്ധിച്ചുവരികയും വനം വകുപ്പിലെ സംരക്ഷണ മേഖലയിലേക്ക് ആളുകള്‍ കടന്ന് വരാന്‍ തയ്യാറാകാത്ത അവസ്ഥ സംജാതമാവുകയും ചെയ്യും. കേരളാ ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് എം.മനോഹരന് അനുശോചനം അറിയിച്ച് കൊണ്ട് സംസാരിക്കവേ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
തിരുനെല്ലി പഞ്ചായത്തില്‍ വന്യമ്യഗങ്ങളുടെ ആക്രമണത്തില്‍ മരണപ്പെടുന്ന 78-ാമത്തെ വ്യക്തിയാണ് ബൊമ്മന്. പലപ്പോഴും നാട്ടില്‍ ഇറങ്ങുന്ന കാട്ടാനകളെ കാട്ടിലേക്ക് കയറ്റി വിടുന്നത് ജീവന് തന്നെ ഭീഷണിയാകുന്ന അപകടകരമായ രീതിയിലാണ്. ആയതിന് പരിഹാരമായി റബ്ബര്‍ ബുള്ളറ്റും അത് ഉപയോഗിക്കുന്ന തോക്കും ജീവനക്കാര്‍ക്ക് അനുവദിക്കണം. അവരുടെ ജീവനും വിലപ്പെട്ടതാണ്. അനുശോചനം രേഖപ്പെടുത്തി സംസാരിച്ച വന്യജീവി പ്രതിരോധ ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് ടി.സി.ജോസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
തിരുനെല്ലി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാലക്യഷ്ണന്, നോര്‍ത്ത് വയനാട് ഡി.എഫ്.ഒ. നരേന്ദ്രനാഥ് വേളൂരി ഐ.എഫ്.എസ്., കേരളാ ഫോറസ്റ്റ് റെയിഞ്ചേഴ്സ് അസോസിയേഷന് വൈസ് പ്രസിഡന്റ് എ.കെ.ഗോപാലന്, കെ.എഫ്.പി.എസ്.എ സംസ്ഥാന സെക്രട്ടറി എസ്.എന്‍.രാജേഷ്, റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ അജ്മല്‍ അമീന്, എം.പദ്മനാഭന് എന്നിവര്‍ അനുശോചനം അര്‍പ്പിച്ച് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: